കൊച്ചിയുടെ ഒരുക്കങ്ങളില്‍ ഫിഫയ്ക്ക് തൃപ്തി
കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനായുള്ള കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘത്തിന് സംതൃപ്തി. ലോകകപ്പിന് വേദിയാകുന്ന കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി സംതൃപ്തി അറിയിച്ചു. സംഘം രാവിലെ മുതല്‍ ഫോര്‍ട്ടുകൊച്ചിയിലെയും എറണാകുളത്തെയും പരിശീലന മൈതാനങ്ങള്‍ സന്ദര്‍ശിച്ചു നിര്‍മാണ പുരോഗതി വിലയിരുത്തി.
മാര്‍ച്ച് 24 നടത്തിയ അവസാന സന്ദര്‍ശനവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചിയില്‍ കുറഞ്ഞ സമയം കൊണ്ടു വലിയ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം സ്റ്റേഡിയം സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇപ്പോള്‍ കൊച്ചിയെ ലോകകപ്പ് വേദികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കാരണങ്ങളില്ല. കൊച്ചിയിലെ ജോലികളിലെ ഗതിവേഗം വിസ്മയിപ്പിച്ചു. പരിശീലന മൈതാനങ്ങളിലും വലിയ പുരോഗതിയുണ്ട്. 45 ദിവസം കൊണ്ടാണ് മൈതാനങ്ങള്‍ ആകെ മാറിയത്.
ജൂലൈ ഒന്നിന് ഫിഫ സംഘവും എട്ട്, ഒന്‍പത്, 10 തിയതികളില്‍ ടീമുകളുടെ പ്രതിനിധികളും കൊച്ചി സന്ദര്‍ശിക്കും. ഈ അവസ്ഥയില്‍ പണി പുരോഗമിക്കുകയാണെങ്കില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാനുള്ള വകയായി കലൂര്‍ സ്റ്റേഡിയം മാറുമെന്നും അദ്ദേഹം പറഞ്ഞു. 41, 748 പേര്‍ക്കാണ് ഇപ്പോള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഇരിപ്പിട സൗകര്യമുള്ളത്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ എട്ട് മിനുട്ടിനുള്ളില്‍ കാണികളെ ഒഴിപ്പിക്കാന്‍ കഴിയണമെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം. എന്നാല്‍, സ്റ്റേഡിയത്തില്‍ നടത്തിയ പരിശോധനയില്‍ നിലവിലുള്ള വാതിലുകളും ഗോവണികളും കൊണ്ട് മുന്‍പുണ്ടായിരുന്നത്ര ആളുകളെ എട്ടു മിനുട്ടില്‍ പുറത്തിറക്കാന്‍ പര്യാപ്തമല്ല എന്നു മനസിലാക്കി. ഇതു മൂലമാണ് സീറ്റുകളുടെ എണ്ണം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല വേദികളിലും ലോകകപ്പ് ടിക്കറ്റ് വലിയൊരളവ് വിറ്റു കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 209 രാജ്യങ്ങള്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്ന ടൂര്‍ണമെന്റാണ് ലോകകപ്പ്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിക്കുക എന്നത് ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണ്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഉള്‍പ്പടെ എട്ട് മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. നല്‍കേണ്ട അത്ര മത്സരങ്ങള്‍ കൊച്ചിക്ക് നല്‍കിയിട്ടുണ്ട്. സെമിയും ഫൈനലും കൊച്ചിക്ക് ലഭിച്ചേക്കുമെന്ന രീതിയില്‍ ആരാണ് അഭ്യൂഹം പരത്തിയതെന്ന് അറിയില്ല. വിമാന സൗകര്യമില്ലെന്ന കാരണത്താലാണ് കൊച്ചിയെ ഒഴിവാക്കിയത്. മത്സര ക്രമം നേരത്തെ നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെഡ് ഓഫ് വെന്യൂ ഓപറേഷന്‍ റോമ ഖന്ന, പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരും സെപ്പിക്കൊപ്പമുണ്ടായിരുന്നു. മത്സരത്തിന്റെ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഈ മാസം 30ന് വൈകിട്ട് നാലിന് നടക്കുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."