റെയില്‍വേ ട്രാക്കില്‍ ഓരോ ദിവസവും പൊലിയുന്നത് 15 ജീവനുകള്‍ !
കോഴിക്കോട്: കഴിഞ്ഞ നാലു വര്‍ഷമായി ഓരോ ദിവസവും ഇന്ത്യയിലെ റെയില്‍വേ ട്രാക്കില്‍ പൊലിയുന്നതു ശരാശരി 15 ജീവനുകള്‍. ഇന്ത്യന്‍ റെയില്‍വേ തന്നെ പുറത്തുവിട്ടതാണ് ഈ ഞെട്ടിക്കുന്ന കണക്ക്. കേരളത്തിലും ട്രെയിന്‍ തട്ടി മരിക്കുന്നവരുടെ എണ്ണം കൂടുന്നതായി കണക്ക് വ്യക്തമാക്കുന്നു.
നാലു വര്‍ഷത്തിനിടെ രാജ്യത്തു 23,013 പേരാണ് ട്രെയിന്‍ തട്ടി മരിച്ചത്. 2014 മുതല്‍ 2018 മാര്‍ച്ച് വരെയുള്ള കണക്കാണിത്. ട്രെയിന്‍ തട്ടിയുള്ള മരണങ്ങളും ട്രെയിനില്‍നിന്നു വീണുള്ള മരണങ്ങളും ഇതില്‍പ്പെടും. കേരളം ഉള്‍പ്പെടെയുള്ള സതേണ്‍ റെയില്‍വേയിലാണ് മരണസംഖ്യ കൂടുതല്‍. കേരളത്തില്‍ ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ അടുത്ത കാലത്തായി കൂടിയിരിക്കുകയാണ്. ശരാശരി കണക്കാക്കിയാല്‍ രണ്ടു ദിവസത്തില്‍ ഒരു ജീവനെങ്കിലും ഇപ്പോള്‍ ട്രാക്കില്‍ പൊലിയുന്നുണ്ട്. ഇതില്‍ ഏറെയും മലബാര്‍ മേഖലയിലാണ്.
ഇവിടങ്ങളില്‍ റെയില്‍പ്പാത നവീകരണം ഇപ്പോള്‍ പൂര്‍ത്തിയായതും ട്രാക്കുകള്‍ സമനിരപ്പില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്നതുമാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. കേരളത്തില്‍ പരമാവധി 110 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്.
പൂര്‍ണമായും ഇരട്ടപ്പാതയാണ് കേരളത്തിലൂടെയുള്ളത്. അതായത് പത്തു മീറ്റര്‍ വീതിയില്‍ കിടക്കുന്ന പാളങ്ങള്‍ മുറിച്ചുകടക്കാന്‍ വേണ്ട സമയത്തിനുള്ളില്‍ ട്രെയിന്‍ അടുത്തെത്തിയിരിക്കും. ഇതാണ് അപകടം കൂടാനുള്ള ഒരു കാരണമെന്നാണ് വിലയിരുത്തല്‍. പാതകള്‍ വൈദ്യുതീകരിച്ചപ്പോള്‍ എന്‍ജിനുകളുടെ ശബ്ദം കുറഞ്ഞതോടെ വണ്ടി തൊട്ടടുത്തെത്തി സൈറണ്‍ മുഴക്കിയാലേ പാത മുറിച്ചുകടക്കുന്നവര്‍ വണ്ടി തൊട്ടടുത്തെത്തിയ വിവരം അറിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."