പുലിക്കോട്ടില്‍ ഹൈദറിന്റെ 'മറിയക്കുട്ടി കത്തുപാട്ട് ' ഇനി ബിരുദ പാഠപുസ്തകത്തില്‍
മലപ്പുറം: പുലിക്കോട്ടില്‍ ഹൈദറിന്റെ 'മറിയക്കുട്ടി കത്തുപാട്ട് 'കവിതയ്ക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അംഗീകാരം. പുലിക്കോട്ടില്‍ ഹൈദര്‍ രചിച്ച 'മറിയക്കുട്ടി കത്തുപാട്ട്' (ബല്ലാരി ജയിലിലേക്ക് ഒരു കത്ത് പാട്ട്) എന്ന കവിത ബിരുദ ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ യൂനിവേഴ്സിറ്റിയിലെ മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസ് യോഗം ആണ് തീരുമാനമെടുത്തത്.
ഈ അധ്യയന വര്‍ഷത്തിലെ ബിരുദ ക്ലാസുകളിലെ ഫസ്റ്റ് സെമസ്റ്റര്‍ മലയാളം ഉപഭാഷാ പാഠപുസ്തകത്തിലാണ് 'മറിയക്കുട്ടി കത്ത്പാട്ട് ' എന്ന കവിത ഉള്‍പ്പെടുത്തിയിരിക്കുന്നത്. കവി പുലിക്കോട്ടില്‍ ഹൈദര്‍ 1924 ലാണ് രണ്ട് ഭാഗങ്ങളായുള്ള ഈ കവിത രചിച്ചത്. ഇതിന്റെ ആദ്യഭാഗമാണ് മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. ഡോ. എം.എന്‍ കാരശ്ശേരി ഈ കവിത ഇഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പ്ലസ്ടു മലയാളം പുസ്തകത്തില്‍ പുലിക്കോട്ടില്‍ ഹൈദറിനെപ്പറ്റി ഡോ.എം.എന്‍ കാരശ്ശേരി തന്നെ തയാറാക്കിയ ' മാപ്പിളപ്പാട്ടുകളിലെ കേരളീയത' എന്ന പാഠം ഇപ്പോഴുണ്ട്.
1921 ലെ മലബാര്‍ കലാപത്തിന് ശേഷമുള്ള കാലമാണ് കത്തുപാട്ടിന്റെ പശ്ചാത്തലം. ഏറനാട്, വള്ളുവനാട് താലൂക്കുകളിലുള്ള പുരുഷന്മാരെല്ലാം കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ബല്ലാരി, തഞ്ചാവൂര്‍ ജയിലുകളിലടക്കപ്പെടുകയോ ചെയ്തു. ഈ സമയത്ത് പാണ്ടിക്കാട്ടുകാരിയായ 20 വയസുള്ള മറിയക്കുട്ടി ബല്ലാരി ജയിലിലുള്ള 23 വയസുകാരനായ ഭര്‍ത്താവ് ഹസ്സന്‍കുട്ടിക്ക് എഴുതിയ പാട്ടാണിത്. കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ കാലിക്കറ് യുനിവേഴ്സിറ്റിയെയും മലയാളം ബോര്‍ഡ് ഓഫ് സ്റ്റഡീസിനെയും പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരക ട്രസ്റ്റ് ചെയര്മാന് കെ.പി.എ മജീദിന്റെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന യോഗം അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."