ഫുട്പാത്തില്‍ സ്ഥാപിക്കേണ്ട ഡിവൈഡര്‍ റോഡില്‍; കാഞ്ഞങ്ങാട് നഗരത്തെ രണ്ടായി ഭാഗിച്ച് കെ.എസ്.ടി.പി
വ്യാപാര സംഘടനയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഇതിനു തടസം നിന്നതാണ് ഡിവൈഡര്‍ പ്രധാന പാതയുടെ മധ്യത്തില്‍ സ്ഥാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്ന് കെ.എസ്.ടി.പി അധികൃതര്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍നടന്നു വരുന്ന കെ.എസ്.ടി.പിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിന്റെ ഇരു ഭാഗങ്ങളിലായി ഫുട്പാത്തില്‍ വെക്കേണ്ട ഡിവൈഡറുകള്‍ പ്രധാന റോഡിന്റെ മധ്യത്തില്‍ സ്ഥാപിച്ചു നഗരത്തെ രണ്ടായി പകുത്തുവെന്ന് ആക്ഷേപം.
ജനം നടന്നുപോകുന്ന വഴിയെയും റോഡിനെയും വേര്‍തിരിക്കാനാണ് സാധാരണയായി ഇതു സ്ഥാപിക്കാറുള്ളത്. ജനങ്ങള്‍ റോഡിലേക്ക് ഇറങ്ങുന്നത് തടയാനും വാഹന ഗതാഗതത്തിന്ന് തടസം വരാതിരിക്കാനുമാണിത് സ്ഥാപിക്കുന്നത്. കെ.എസ്.ടി.പി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി റവന്യു മന്ത്രി ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് ചര്‍ച്ചയായിരുന്നു.
എന്നാല്‍, ഫുട്പാത്തിനു സമാന്തരമായി ഇതുസ്ഥാപിക്കാനാണ് തങ്ങളും ഉദ്ദേശിച്ചതെന്നും എന്നാല്‍ വ്യാപാര സംഘടനയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഇതിനു തടസം നിന്നതാണ് അത് പ്രധാന പാതയുടെ മധ്യത്തില്‍ സ്ഥാപിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയതെന്നും കെ.എസ്.ടി.പി അധികൃതര്‍ യോഗത്തില്‍ വെളിപ്പെടുത്തി.
ഇതുകാരണം ഒരു ഭാഗത്തു നിന്നു മറ്റൊരു ഭാഗത്തേക്ക് പോകണമെങ്കില്‍ ജനങ്ങള്‍ക്ക് ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."