ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനം: വിശദീകരണവുമായി പഞ്ചായത്ത്
കോഴിക്കോട്: ചക്കിട്ടപ്പാറ പയ്യാനിക്കോട്ടയിലെ ഇരുമ്പയിര് ഖനനത്തിന് അനുമതിതേടി കര്‍ണാടക കമ്പനി കത്തയച്ചതു സംബന്ധിച്ച വിവാദത്തില്‍ വിശദീകരണവുമായി ഗ്രാമപഞ്ചായത്ത് ഭരണസമിതി. എം.എസ്.പി.എല്‍ കമ്പനി പഞ്ചായത്തിനു നല്‍കിയ കത്ത് ഐകകണ്‌ഠേന തള്ളുകയാണുണ്ടായതെന്നു പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.
ജൂണില്‍ നല്‍കിയ കത്ത് കഴിഞ്ഞ 25നു ചേര്‍ന്ന ഭരണസമിതിയോഗത്തില്‍ പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം സെക്രട്ടറി അവതരിപ്പിച്ചു. എന്നാല്‍, സ്വകാര്യകമ്പനിയുടെ കത്തായതിനാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും മറ്റു വിഷയങ്ങളുടെയും അടിസ്ഥാനത്തില്‍ പരിഗണിക്കേണ്ടെന്നു തീരുമാനിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റുമില്ലെങ്കില്‍ ഖനനം അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാട് താന്‍ ചില മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. ഇതു വ്യക്തിപരമായ അഭിപ്രായപ്രകടനമായിരുന്നെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.കിഴക്കന്‍ മലയോരമേഖലയില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചക്കിട്ടപാറ പഞ്ചായത്തിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളെ അപലപിക്കുന്നതായി വൈസ് പ്രസിഡന്റ് കെ.സുനില്‍ പറഞ്ഞു. കത്ത് തള്ളിയത് ഐകകണ്‌ഠേനയാണെന്ന് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രേമന്‍ നടുക്കണ്ടിയും പറഞ്ഞു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേയര്‍പേഴ്‌സണ്‍ ദേവി വാഴയില്‍, വാര്‍ഡംഗം ജയേഷ്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.മുന്‍ ഇടതു സര്‍ക്കാറിന്റെ കാലത്താണ് വ്യവസായവകുപ്പ് ഖനനാനുമതിയുമായി മുന്നോട്ടുപോയത്. വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി റദ്ദാക്കുകയായിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ പദ്ധതിക്കു വീണ്ടും ജീവന്‍വയ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നീക്കം സജീവമാക്കിയിരുന്നു. വീണ്ടും ഖനനത്തിനുള്ള അനുമതി തേടി കമ്പനി പഞ്ചായത്തിന് അപേക്ഷ നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."