മലപ്പുറം ജില്ല വിഭജനം: നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: മലപ്പുറം ജില്ലയെ വിഭജിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ജില്ല വിഭജിക്കണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന പ്രതിപക്ഷ അംഗം കെ.എന്‍.എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം സഭയെ അറിയിച്ചത്.
മന്ത്രി ഇ.പി ജയരാജനാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. മലപ്പുറം വിഭജിക്കുകയെന്നത് ശാസ്ത്രീയമല്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപവത്കരിക്കണമെന്നായിരുന്നു ഖാദറിന്റെ ആവശ്യം.
കഴിഞ്ഞയാഴ്ച ഇതേ ആവശ്യവുമായി അദ്ദേഹം സബ്മിഷന് നോട്ടിസ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. സബ്മിഷന് മുസ്‌ലിം ലീഗും യു.ഡി.എഫും അനുമതി നല്‍കാതിരുന്നതായിരുന്നു കാരണം എന്നാണ് അറിയുന്നത്.
മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്ന നിലപ്പാടില്‍ യു.ഡി.എഫില്‍ തര്‍ക്കമുടലെടുത്തിരുന്നു. യു.ഡി.എഫ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം കെ.എന്‍.എ ഖാദര്‍ ഉപേക്ഷിച്ചത്.
ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.
ഇക്കാര്യം പരസ്യമായി പറയാന്‍ തയ്യാറല്ലെങ്കിലും വിഷയം ഇപ്പോഴും ഡി.സി.സിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."