പാണ്ടിക്കാട് റോഡില്‍ ഗതാഗതതടസം രൂക്ഷമായി
മഞ്ചേരി: മഞ്ചേരി പുതിയ ബസ് സ്റ്റാന്‍ഡിലെ അറ്റകുറ്റപ്പണിക്കായി ട്രാഫിക് പൊലിസ് ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണം ചില ബസുകള്‍ ലംഘിക്കുന്നതായി ആക്ഷേപം. ഇതേതുടര്‍ന്ന് ഇന്നലെ ഉച്ചക്ക് ശേഷം മണിക്കൂറുകളോളം ഇവിടെ ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ്ചയാണ് സ്റ്റാന്‍ഡിലെ തകര്‍ന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് അറ്റകുറ്റപ്പണി ആരംഭിച്ചത്.
ഇതിനു ഒരു ദിവസം മുന്‍പ് ട്രാഫിക് പൊലിസ് മലപ്പുറം ഭാഗത്തുനിന്നും മഞ്ചേരി വരെ സര്‍വിസ് നടത്തുന്ന ബസുകളോട് കച്ചേരിപ്പടി ഐ.ജി.ബി.ടി സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കി അവിടെനിന്നുതന്നെ തിരൂര്‍, പരപ്പനങ്ങാടി, മലപ്പുറം ഭാഗത്തേക്കുള്ള സര്‍വിസുകള്‍ നടത്തണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ ചില തൊഴിലാളികള്‍ ഇത് അനുസരിക്കാന്‍ കൂട്ടാക്കിയില്ല. രാവിലെ എല്ലാ ബസുകളും പാണ്ടിക്കാട് റോഡിലേക്ക് വന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.
ഉച്ചക്ക് ശേഷം മലപ്പുറം ഭാഗത്തു നിന്നുള്ള എല്ലാ ബസുകളും സീതിഹാജി സ്റ്റാന്‍ഡിലേക്ക് വന്നതോടെ തിരക്ക് അനിയന്ത്രിതമായി. ഒരു കിലോമീറ്റര്‍ ദൂരത്ത് ഗതാഗതം സ്തംഭിക്കുകയും യാത്രക്കാര്‍ പെരുവഴിയിലാവുകയും ചെയ്തു. വൈകിട്ട് നാലോടെ കൂടുതല്‍ പൊലിസെത്തി ഗതാഗതം നിയന്ത്രിച്ചു. സമയം വൈകിയതോടെ പല ബസുകളുടേയും ട്രിപ്പ് റദ്ദാക്കേണ്ടി വന്നതായി സ്വകാര്യ ബസ് തൊഴിലാളികള്‍ പറഞ്ഞു. അതേസമയം തൊഴിലാളികളെ ട്രാഫിക് ക്രമീകരണം അറിയിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."