ഫലപ്രാപ്തി 94.5 ശതമാനം; ഫൈസറിനെ കടത്തിവെട്ടി മോഡേണ വാക്സിന്
വാഷിങ്ടണ്‍: 90 ശതമാനം ഫലപ്രാപ്തി അവകാശപ്പെട്ട ഫൈസര്‍ വാക്സിനു പിന്നാലെ യു.എസില്‍ നിന്നും രണ്ടാമതൊരു കൊവിഡ് വാക്സിന് കൂടി. വന്‍കിട മരുന്നുനിര്‍മാണ കമ്പനിയായ മോഡേണയുടെ വാക്സിനാണ് അന്തിമഘട്ട പരീക്ഷണത്തില്‍ 94.5 ശതമാനം ഫലപ്രാപ്തി അവകാശപ്പെടുന്നത്.
30,000 പേരിലാണ് വാക്സിന് പരീക്ഷിക്കുന്നത്. ആദ്യഘട്ട പരീക്ഷണത്തില്‍ കൊവിഡ് ബാധിതരായ 95 പേരെ തെരഞ്ഞെടുത്ത് അതില്‍ അഞ്ചുപേര്‍ക്കാണ് രണ്ടു ഡോസുള്ള എംആര്‍എന്‍എ-1273 വാക്സിന് നല്‍കിയത്. മറ്റു 90 പേര്‍ക്ക് വേറെ മരുന്നു നല്കി. വാക്സിന് നല്കിയവരില് 94.5 ശതമാനം ഫലപ്രാപ്തിയാണ് കണ്ടത്. ഗുരുതരമായ പാര്ശ്വഫലങ്ങളൊന്നുമുണ്ടായതുമില്ല.
സാധാരണ ഫ്രിഡ്ജിലെ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു മാസത്തോളം സൂക്ഷിക്കാനാവുമെന്നതിനാല്‍ ഫൈസറിനെയപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് മോഡേണ വാക്സിന് ലോകമെങ്ങും ലഭ്യമാക്കാനാവുമെന്നാണ് കരുതുന്നത്. ഫൈസര്‍ വാക്സിന് മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലേ സൂക്ഷിക്കാനാവൂ. അന്റാര്‍ട്ടിക്കിലെ തണുപ്പിന് തുല്യമാണിത്. മോഡേണ വാക്സിന് പ്രായമായവരിലുള്പ്പെടെ എല്ലാ പ്രായക്കാരിലും ഫലം ചെയ്യുമെന്നാണ് കമ്പനി സി.ഇ.ഒ സ്റ്റെഫാന ബന്‍സല്‍ അവകാശപ്പെടുന്നത്.
ഏതാനും ആഴ്ചകള്‍ക്കകം യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ലൈസന്‍സിന് അപേക്ഷ നല്‍കുമെന്ന് മോഡേണ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
ഫൈസര്‍ വാക്സിന് ഡിസംബര്‍ ഒന്നിന് ലഭ്യമാക്കുമെന്ന് ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് ഇന്നലെ പറഞ്ഞിരുന്നു. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ വാക്സിന് ആഴ്ചകള്‍ക്കകം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. നേരത്തെ റഷ്യയുടെ സ്പുടിനിക്-വി വാക്സിന് 92 ശതമാനം ഫലപ്രാപ്തിയുള്ളതായി റഷ്യ അവകാശപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."