ഇന്ത്യക്കായി വാതില്‍ തുറന്ന് ആര്‍.സി.ഇ.പി
ഹനോയ്: കരാറിലെ നിബന്ധനകള്‍ അംഗീകരിക്കാമെന്ന് വ്യക്തമാക്കി രേഖാമൂലം അപേക്ഷ നല്‍കിയാല്‍ ഇന്ത്യക്ക് മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആര്‍.സി.ഇ.പി) കരാറില്‍ അംഗമാകാമെന്ന് അംഗരാജ്യങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചു. ചൈനയുടെ നേതൃത്വത്തിലുള്ള ആര്‍.സി.ഇ.പി ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര സംഘടനയാണ്.
ആര്‍.സി.ഇ.പി രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ തുടക്കംമുതലേ ഉണ്ടായിരുന്ന ഇന്ത്യ കരാറിന്റെ ഭാഗമാവുന്നതോടെ വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇന്ത്യന്‍ വിപണി കൈയടക്കുമോയെന്ന ആശങ്ക മൂലം കഴിഞ്ഞവര്‍ഷമാണ് കരാറില്‍ നിന്ന് പിന്മാറിയത്. കരാറിലൊപ്പിടുന്നത് രാജ്യത്തെ കര്‍ഷകരുടെ നട്ടെല്ലൊടിക്കുമെന്നും സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുമെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
എന്നാല്‍ ഇന്ത്യക്കായി ആര്‍.സി.ഇ.പിയുടെ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഇന്ത്യ അംഗമാവുന്നതിനെ സ്വാഗതം ചെയ്യുന്നതായും ആര്‍.സി.ഇ.പി നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ ഇന്ത്യക്ക് ആര്‍.സി.ഇ.പി യോഗങ്ങളിലും സാമ്പത്തിക സഹകരണ പ്രവര്‍ത്തനങ്ങളിലും നിരീക്ഷകരായി പങ്കെടുക്കാമെന്നും യോഗം വ്യക്തമാക്കി. ഞായറാഴ്ചയാണ് 15 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവച്ചത്.
അതേസമയം ആസിയാനുമായുള്ള വ്യാപാരബന്ധം ശക്തമാക്കുമെന്നും ആര്‍.സി.ഇ.പി സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുവോളം അതില്‍ അംഗമാവാനില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി റിവ ഗാംഗുലി ദാസ് പ്രതികരിച്ചു. ആസിയാനുമായി ഇന്ത്യക്ക് മികച്ച വ്യാപാര ബന്ധമാണുള്ളത്. അതില്‍ അംഗങ്ങളായ ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്മര്‍, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നിവയുമായി ഇന്ത്യ 8,690 കോടി ഡോളറിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്.
യു.എസുമായി വ്യാപാര യുദ്ധത്തിലുള്ള ചൈനയാണ് ആര്‍.സി.ഇ.പിയുടെ മുഖ്യ ഗുണഭോക്താവ്. വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിശാലമായ തുറന്ന വിപണി ഇതിലൂടെ ലഭിക്കും. അതേസമയം ലോകത്തെ ജി.ഡി.പിയുടെ 30 ശതമാനം വഹിക്കുന്ന ആര്‍.സി.ഇ.പിയില്‍ യു.എസും അംഗമല്ല.
ഇന്ത്യക്ക് 2018-19 സാമ്പത്തികവര്‍ഷം ആര്‍.സി.ഇ.പി രാജ്യങ്ങളുമായുള്ള വ്യാപാര കമ്മി 10,500 കോടി ഡോളറിന്റേതാണ്(7.4 ലക്ഷം കോടി രൂപ). ഇതില്‍ 3.8 ലക്ഷം കോടി രൂപ ചൈനയുമായുള്ളതാണ്. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 20 ശതമാനമാണ്. ഇറക്കുമതി 35 ശതമാനവും. ആസിയാന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കടന്നുകയറിയപ്പോള്‍ ഇന്ത്യക്ക് ആ രാജ്യങ്ങളില്‍ ആനുപാതികമായി വിപണി നേടാനായില്ല.
ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, ഇരുമ്പ്, ഉരുക്ക്, അലുമിനിയം, സെറാമിക് ഉല്‍പന്നങ്ങള്‍, നൂല്‍, ഫര്‍ണിച്ചര്‍ തുടങ്ങിയവ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നു. ഇന്ത്യ ആര്‍.സി.ഇ.പി കരാറില്‍ ഒപ്പിടുന്നതോടെ ഇവയില്‍ 80 ശതമാനത്തിന്റെയും തീരുവ നീക്കാനോ കുറയ്ക്കാനോ ഇന്ത്യ നിര്‍ബന്ധിതമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."