പുനരധിവാസം: പൊന്നാനി നഗരസഭ സമ്പൂര്‍ണ പരാജയം
പൊന്നാനി: പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ പൊന്നാനി നഗരസഭ പരാജയം. വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വാടക വീടുകള്‍ പോലും നല്‍കാന്‍ നഗരസഭക്കായില്ല.
വീടു തകര്‍ന്ന കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി പാര്‍പ്പിക്കുമെന്ന് നഗരസഭാധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നെങ്കിലും വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും നടന്നിട്ടില്ല. 23 വരെ ക്യാംപില്‍ കഴിയാമെന്ന് ദുരിതബാധിതര്‍ക്ക് റവന്യു അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം രാവിലെയെത്തി മുഴുവന്‍ കുടുംബങ്ങളോടും ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ചില കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചിട്ടുണ്ട്. ക്യാംപില്‍നിന്ന് പുറത്തിറങ്ങേണ്ടി വരുമെന്നോര്‍ത്ത് പുളിക്കപ്പറമ്പില്‍ ഹസന്റെ രണ്ട് കുട്ടികളെ ബുധനാഴ്ച സ്‌കൂളിലേക്ക് അയച്ചിരുന്നില്ല.
ഒടുവില്‍ കുറച്ചു ദിവസത്തേക്ക് കൂടി തങ്ങാന്‍ അവസരം തരണമെന്ന് അപേക്ഷിച്ചപ്പോഴാണ് അനുമതി നല്‍കിയത്. വീട് കെട്ടിമേയുന്നതിന് പണിക്കൂലി കൊടുക്കാന്‍പോലും ഈ കുടുംബങ്ങളുടെ കൈയില്‍ കാശില്ല. ദുരിതാശ്വാസ ക്യാംപില്‍ ഓരോ ദിവസവും ഉദ്യോഗസ്ഥരെത്തി ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് ക്യാംപില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതെന്ന് കുടുംബങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇതുമൂലം വീട് നഷ്ടപ്പെട്ട പലരും മറ്റു വീടുകളിലേക്ക് മാറിയിരിക്കുകയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നഗരസഭ ഡ്രോണ്‍ സര്‍വേ നടത്തിയിരുന്നു. ഈ പണം വാടക വീടുകള്‍ കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ പെരുവഴിയിലിറങ്ങേണ്ട ഗതികേട് വരില്ലായിരുന്നുവെന്ന് ദുരിതബാധിതര്‍ പറയുന്നു. പുളിക്കപ്പറമ്പില്‍ ഹസന്റെ വീട് പുഴയോരത്തെ മൂന്ന് സെന്റിലാണ്. ഈ സ്ഥലത്തിപ്പോള്‍ താല്‍ക്കാലിക വീടുകള്‍ പോലും നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പൊന്നാനിയില്‍ പി.സി.ഡബ്ലിയു.എഫ് നഗരസഭയുടെ അഭ്യര്‍ഥന മാനിച്ച് 13 താല്‍ക്കാലിക വീടുകള്‍ നിര്‍മിക്കുന്നുണ്ട്. അത് പൂര്‍ത്തിയാകും മുന്‍പാണ് ദുരിതാശ്വാസ ക്യാംപില്‍നിന്ന് അവശേഷിക്കുന്നവരെ ഇറക്കിവിട്ടത്.
സര്‍ക്കാരില്‍നിന്ന് ലഭിച്ച പതിനായിരം രൂപകൊണ്ട് വാടക വീടുകള്‍ക്ക് മുന്‍കൂര്‍ തുക പോലും അടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുനാള്‍ കൊണ്ട് 11. 24 കോടി രൂപയാണ് ജില്ലയില്‍നിന്ന് മാത്രം പിരിച്ചെടുത്തത്. എന്നിട്ടും അര്‍ഹരായവരെ പുനരധിവസിപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."