ബബേജും കംപ്യൂട്ടറും
ആധുനിക കംപ്യൂട്ടറിന്റെ പിതാവാണ് ചാള്‍സ് ബബേജ്. ഗണിത ക്രിയകളില്‍ വരുന്ന തെറ്റുകള്‍ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയൊരു യന്ത്രത്തെക്കുറിച്ച് ബബേജ് ചിന്തിച്ചത്. ബാബേജ് ഒരു ഗണിതശാസ്ത്രജ്ഞന്‍ മാത്രമായിരുന്നില്ല, ഒരു മെക്കാനിക്കല്‍ എന്‍ജിനീയറും കൂടിയായിരുന്നു. കേംബ്രിജിലെ ഏറ്റവും മികച്ച ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മനുഷ്യന്റെ തെറ്റുകള്‍ പരിഹരിക്കുന്ന കണക്കുകൂട്ടല്‍ യന്ത്രത്തെക്കുറിച്ച് ആലോചിച്ച ബബേജ് ലെബിനിസ്, ബ്ലെയിസ് പാസ്‌കല്‍, വില്യം ഷിക്‌വാര്‍ഡ് എന്നിവരുപയോഗിച്ചിരുന്ന കണക്കുകൂട്ടല്‍ മാര്‍ഗങ്ങള്‍ ഉള്‍പ്പെടെ വ്യത്യസ്തമായ കാര്യങ്ങളെല്ലാം പരീക്ഷിച്ചു. അവസാനം റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയില്‍ അദ്ദേഹം ഡിഫറന്‍സ് എന്‍ജിന്‍ എന്ന പേരില്‍ പുതിയൊരു യന്ത്രത്തിന്റെ മാതൃക നല്‍കി. സങ്കീര്‍ണമായ ഗണിത ക്രിയകള്‍ നിര്‍വഹിക്കുന്നതിന് ബബേജ് തയാറാക്കിയ ഡിഫറന്‍സ് എന്‍ജിനാണ് ആധുനിക കംപ്യൂട്ടറുകളുടെ ആദ്യ രൂപമായി ശാസ്ത്രലോകം ഇന്നുപരിഗണിച്ചു വരുന്നത്.
കണക്കപ്പിള്ള
ജ്യോതിശാസ്ത്രത്തെക്കുറിച്ചും കണക്കിനെക്കുറിച്ചുമുള്ള ഗണിത ക്രിയകള്‍ ആ യന്ത്രത്തില്‍ ചെയ്യാന്‍ സാധിച്ചിരുന്നു. സംഖ്യാസൂത്രങ്ങളിലൂടെ പോളിനോമിയലുകളുടെ ക്രിയകളും ആ യന്ത്രം ഉപയോഗിച്ച് ചെയ്യാന്‍ സാധിച്ചു. ഇതിന്റെ നിര്‍മാണത്തെക്കുറിച്ച് പഠിക്കാനായി അദ്ദേഹം നടത്തിയ ശ്രമങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും ഓണ്‍ ദ എക്കോണമി ഓഫ് മെഷീനറീസ് ആന്‍ഡ് മാനുഫാക്‌ചേഴ്‌സ് എന്ന പേരില്‍ അദ്ദേഹം ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.
ലോഗരിതം പട്ടിക
യന്ത്രത്തില്‍
1820-ന് ശേഷമാണ് കൂടുതല്‍ മികവാര്‍ന്ന കണ്ടുപിടിത്തങ്ങളിലേക്ക് ബബേജ് എത്തുന്നത്. ദശാംശസംഖ്യകളുടെ കണക്കുകൂട്ടലിന് ഉപയോഗപ്പെടുത്തി വന്ന ലോഗരിതം പട്ടികയ്ക്ക് പകരമായി ആധുനിക യന്ത്രങ്ങള്‍ നിര്‍മിച്ചെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയാണ് ആറു ദശാംശസ്ഥാനങ്ങള്‍ വരെയുള്ള സംഖ്യകളുടെ ക്രിയകള്‍ നിര്‍വഹിക്കുന്നതിനുതകുന്ന ഡിഫറന്‍സ് എന്‍ജിന്‍ അദ്ദേഹം നിര്‍മിച്ചെടുത്തത്. ഗണിതശാസ്ത്ര മേഖലയിലെ ഒരു വലിയ കുതിച്ചു ചാട്ടമായിരുന്നു ബാബേജിന്റെ കണക്കുകൂട്ടല്‍ യന്ത്രം. ഇലക്‌ട്രോണിക്‌സ് എന്നൊരു ശാഖ ഉദയം ചെയ്യുന്നതിന് ദശകങ്ങള്‍ക്കു മുമ്പാണ് ഇത്തരമൊരു യന്ത്രം ഉണ്ടാക്കിയതെന്നോര്‍ക്കണം.
സ്വന്തം വാല്‍ തിന്നുന്ന യന്ത്രം
തുടര്‍ന്ന് എട്ടു ദശാംശസ്ഥാനം വരെ കണക്കാക്കാന്‍ കഴിയുന്ന ചെറിയതരം കാല്‍ക്കുലേറ്ററുകളും അദ്ദേഹം നിര്‍മിച്ചു. 1827-ല്‍ കേംബ്രിജ് സര്‍വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസറായി നിയമിതനായ ബബേജ് പിന്നീട്, 20 ദശാംശസ്ഥാനം വരെ കണക്കാക്കാന്‍ കഴിയുന്ന ഒരു സങ്കീര്‍ണ യന്ത്രത്തിന്റെ രൂപകല്‍പനയ്ക്കായി തയാറെടുപ്പ് നടത്തി. ബബേജ് ഇന്നത്തെ കംപ്യൂട്ടറിന്റെ എല്ലാ ഭാഗങ്ങളും ഉള്ള എല്ലാ കണക്കുകൂട്ടലുകളും സ്വയം നടത്തുന്ന ഒരു യന്ത്രം വരച്ചുണ്ടാക്കി. ഇന്‍പുട്ട്, ഔട്ട്പുട്ട് മാര്‍ഗങ്ങളുള്ള ഈ യന്ത്രത്തെ സ്വന്തം വാല്‍ തിന്നുന്ന യന്ത്രം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പഞ്ച് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്ന ഈ അനലറ്റിക്കല്‍ യന്ത്രം രണ്ടു ഭാഗങ്ങളുള്ളവയായിരുന്നു. ആധുനിക കംപ്യൂട്ടറുകളില്‍ സി.പി.യു എന്നും മെമ്മറി എന്നും അറിയപ്പെടുന്ന ഭാഗങ്ങളാണിവ. അങ്ങനെ രൂപകല്‍പന ചെയ്ത ഈ യന്ത്രമായിരുന്നു ലോകത്തിലെ ആദ്യ കംപ്യൂട്ടര്‍. 1835 ലാണ് ഈ ആശയം നിലവില്‍ വന്നത്. പില്‍ക്കാലത്ത് കംപ്യൂട്ടറിന്റെ നിര്‍മാണത്തില്‍ ഈ ആശയം പ്രകടമായ സ്വാധീനം ചെലുത്തി.
ഹീലിയോ ഗ്രാഫും
പൈലറ്റ് ലൈറ്റും
കണക്കുകൂട്ടല്‍ യന്ത്രങ്ങളുടെ രൂപകല്‍പനയില്‍ മാത്രം ഒതുങ്ങിനിന്ന ഒരു ഗണിത ശാസ്ത്രജ്ഞന്‍ മാത്രമായിരുന്നില്ല ബബേജ്. സൂര്യപ്രകാശത്തില്‍ ദര്‍പ്പണം ഉപയോഗിച്ചുകൊണ്ടുള്ള ഒരു സിഗ്നലിംഗ് ഉപകരണമയ ഹീലിയോ ഗ്രാഫും റെയില്‍ സംവിധാനത്തെ സഹായിക്കുന്ന പ്രത്യേകതരം പൈലറ്റ് ലൈറ്റുകളും ബബേജിന്റെ സംഭാവനയാണ്. കണ്ണിന്റെ ഉള്‍ഭാഗം പരിശോധിക്കുന്നതിനുള്ള ഒഫ്താല്‍മോ സ്‌കോപ്പ് ആദ്യമായി രൂപകല്‍പന ചെയ്തതും അദ്ദേഹമായിരുന്നു. കൂടുതല്‍ പരിഷ്‌കരിക്കുന്നതിനായി ഇതിന്റെ ആദ്യരൂപം തന്റെ സുഹൃത്തും ഡോക്ടറുമായ തോമസ് വാര്‍ട്ടല്‍ ജോണ്‍സിന് കൈമാറിയത് അദ്ദേഹം മറന്നുപോയത്രേ! പിന്നീട് ഹെം ഹോള്‍ട്‌സ് ഇത്തരമൊന്ന് നിര്‍മിച്ചെടുത്തപ്പോഴാണ് ഇക്കഥ ശാസ്ത്രലോകമറിയുന്നത്.
ധനതത്വശാസ്ത്രത്തിലും തന്റെ പ്രതിഭ ബബേജ് തെളിയിച്ചു.
തൊഴില്‍ വിഭജന രംഗത്ത് വിദഗ്ധ-അവിദഗ്ധ തൊഴിലാളികളെ ഫലപ്രദമായി വിനിയോഗിക്കുന്നതു സംബന്ധിച്ച് അദ്ദേഹം ആവിഷ്‌കരിച്ച തത്വത്തെ എതിര്‍ത്ത് വര്‍ഷങ്ങള്‍ക്കുശേഷം രംഗത്തുവന്നത് മഹാനായ കാറല്‍ മാര്‍ക്‌സായിരുന്നു. ഇതിനായി അന്നത്തെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായവും അദ്ദേഹത്തിന് ലഭ്യമായി. ശാസ്ത്ര മേഖലയില്‍ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് എത്തിപ്പെടുന്ന ഈയവസരത്തിലാണ് വ്യക്തിജീവിതത്തില്‍ അപ്രതീക്ഷിതമായ തിരിച്ചടികളുടെ പരമ്പര അദ്ദേഹത്തെ തേടിയെത്തിയത്. തന്റെ എട്ടുമക്കളില്‍ അഞ്ചുപേരും രോഗബാധിതരായി മരിച്ചത് അദ്ദേഹത്തിന് താങ്ങാനാവാത്ത ആഘാതമായി. മനസു നൊന്തിരിക്കെ 1827-ല്‍ അദ്ദേഹത്തിന്റെ ഭാര്യയും പിതാവും അരുമയായ കൊച്ചുമകനും കൂടി മരിച്ചതോടെ തകര്‍ന്ന മനസും ശരീരവുമായി ബബേജ് സങ്കടക്കടലിലേക്ക് താഴ്ന്നു പോവുകയായിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളും കാരണം മൂന്നു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പുതുക്കിയ ഡിഫറന്‍സ് എന്‍ജിന്റെ നിര്‍മാണം പതിമൂന്ന് വര്‍ഷത്തിന് ശേഷവും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിനെതുടര്‍ന്ന് പലവിധ കുറ്റാരോപണങ്ങള്‍ക്കും വിധേയനായ ബബേജ് മാനസികായി ഏറെ തകര്‍ന്നു. സര്‍ക്കാര്‍ ധനസഹായം നിര്‍ത്തി.
1842-ല്‍ പ്രോജക്ട് നിര്‍ത്തിവച്ചു. യന്ത്രം നിര്‍മിക്കാന്‍ അദ്ദേഹത്തിനായില്ല. തിരിച്ചടികളില്‍നിന്നു കരകയറിയ ബബേജ് തന്റെ ഗവേഷണമേഖലയില്‍ വീണ്ടും സജീവമായി. ഇതേത്തുടര്‍ന്നാണ് പുതിയൊരു അനലിറ്റിക് യന്ത്രത്തിന്റെ നിര്‍മാണത്തിന് 1846ല്‍ അദ്ദേഹം തുടക്കം കുറിച്ചത്. പഞ്ച് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തിയുള്ള പുതിയ യന്ത്രം തയാറാക്കുന്ന പ്രാഥമിക ഗവേഷണത്തിന് ഏറെ സമയം ചെലവഴിച്ച അദ്ദേഹത്തിന് അതിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കാനായില്ല.
നൂറ്റാണ്ടു തെറ്റി
ജനിച്ച മഹാന്‍
1871 ഒക്‌ടോബര്‍ 18-ന് ലണ്ടനില്‍ 79-ാം വയസില്‍ ബബേജ് അന്തരിച്ചു. അനേകം കണ്ടുപിടിത്തങ്ങള്‍ നടത്തി പേരെടുത്ത ബബേജിന്റെ ജീവിതം അക്ഷരാര്‍ഥത്തില്‍ ഒരു ട്രാജഡിയായാണ് വിലയിരുത്തപ്പെടുന്നത്. എന്നിരുന്നാലും ബബേജിന്റെ സ്വപ്നം വെറുതെയായില്ല. പലരും ആ ആശയം പരിഷ്‌കരിച്ച് മാറ്റങ്ങള്‍ വരുത്തി. വലിച്ചും തിരിച്ചും കറക്കിയുമുള്ള യന്ത്രങ്ങള്‍ മാറി വന്നു. 1944ല്‍ എനിയാക് എന്ന ആദ്യത്തെ ഇലക്‌ട്രോണിക് കംപ്യൂട്ടര്‍ അമേരിക്കയില്‍ വികസിപ്പിച്ചു. ഇന്നു നാം കാണുന്ന രീതിയിലുള്ള കംപ്യൂട്ടര്‍ എത്തിച്ചേര്‍ന്നത് അതിനും എത്രയോ കൊല്ലങ്ങള്‍ക്കുശേഷമാണ്. ''നൂറ്റാണ്ടു തെറ്റി ജനിച്ചുപോയ മഹാന്‍'' എന്നും ''ജീവിച്ചിരുന്ന കാലത്തിനപ്പുറം ജീവിക്കേണ്ടവന്‍'' എന്നും ബബേജ് വിശേഷിപ്പിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."