മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമത്തില്‍ വീണ്ടും പരിഷ്‌കാരവുമായി കേന്ദ്രസര്‍ക്കാര്‍. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിച്ചാണ് പരിഷ്‌കരണത്തിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അമിത വേഗതക്ക് 1,000 രൂപ മുതല്‍ 2,000 രൂപവരെ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ളവയാണ് പരിഷ്‌കാരങ്ങള്‍. മോട്ടോര്‍ വെഹിക്കിള്‍ (ഭേദഗതി) ബില്‍ എന്നപേരിലാണ് പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നത്. ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ 10,000 രൂപവരെ പിഴയീടാക്കാമെന്ന് ബില്‍ ശുപാര്‍ശ ചെയ്യുന്നു.
ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയിട്ടുണ്ട്. റോഡ് സുരക്ഷ, കുട്ടികള്‍ വാഹനം ഓടിക്കുക, ലൈസന്‍സില്ലാതെ വാഹനം ഓടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, അമിതഭാരം കയറ്റല്‍ തുടങ്ങിയവക്ക് കനത്ത പിഴ ഈടാക്കാനും ബില്‍ ശുപാര്‍ശ ചെയ്യുന്നു.
ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ വാഹനം ഓടിച്ചാല്‍ 2,000 രൂപ പിഴയീടാക്കും. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാല്‍ 1,000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യും. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നവരില്‍നിന്ന് 1,000 രൂപയായിരുന്നു ഇതുവരെ പിഴ ഈടാക്കിയിരുന്നത്. പുതിയ നിയമപ്രകാരം ഇത് 5,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 10,000 രൂപയാണ് പിഴ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."