കിഫ്ബി: ധനമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല
'കള്ളക്കളി പുറത്തായപ്പോള്‍ മുഖ്യമന്ത്രി ഉറഞ്ഞുതുള്ളുന്നു'
തിരുവനന്തപുരം: പരസ്യമായി കള്ളം പറയുകയും സത്യപ്രതിജ്ഞ ലംഘിക്കുകയും ചെയ്ത ധനകാര്യ മന്ത്രി തോമസ് ഐസക്കിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച് ഇതുവരെ പറഞ്ഞത് പച്ചക്കള്ളമാണെന്ന് മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. കരട് റിപ്പോര്‍ട്ടല്ല ഒറിജിനല്‍ റിപ്പോര്‍ട്ടാണ് താന്‍ ചോര്‍ത്തിയത് എന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിഫ്ബി മറുപടി തയാറാക്കുന്നത് കണ്ടപ്പോള്‍ അത് കരട് റിപ്പോര്‍ട്ടാകുമെന്ന് അനുമാനിച്ചുവെന്നാണ് മന്ത്രി പറയുന്നത്. ഒറിജനലും കരടും കണ്ടാല്‍ തിരിച്ചറിയാത്തയാളാണോ സംസ്ഥാനത്തിന്റെ ധനമന്ത്രിയെന്ന് ചെന്നിത്തല ചോദിച്ചു. കരട് റിപ്പോര്‍ട്ട് എന്ന കള്ളം സി.എ.ജിയുടെ പത്രക്കുറിപ്പോടെയാണ് പൊളിഞ്ഞത്. അതീവരഹസ്യ സ്വഭാവത്തോടെയുള്ള റിപ്പോര്‍ട്ട് മോഷ്ടിച്ചതിന്റെ പ്രത്യാഘാതം അറിയാവുന്നത് കൊണ്ടാണ് ആദ്യം അത് കരട് റിപ്പോര്‍ട്ടാണെന്ന് മന്ത്രി പറഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.
പ്രതിപക്ഷം കിഫ്ബി മുഖേനയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ കിഫ്ബിയില്‍ നടക്കുന്ന തീവെട്ടിക്കൊള്ള അനുവദിക്കാനാകില്ല. മസാല ബോണ്ടും ലാവ്‌ലിനുമായുള്ള ബന്ധം എന്താണെന്ന് മന്ത്രി വ്യക്തമാക്കണം. ലാവ്‌ലിന്‍ വഴി കമ്മിഷന്‍ നേടാനുള്ള കള്ളക്കളി പുറത്തായതു കൊണ്ടാണ് മുഖ്യമന്ത്രി ഉറഞ്ഞുതുള്ളുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."