HOME
DETAILS

വ്യത്യസ്തനാവാന്‍ വ്യത്യസ്തമായത് ചെയ്യുക

  
backup
September 22 2018 | 21:09 PM

ulkazhcha-210

കോടാനുകോടി മുഖങ്ങളുണ്ടല്ലോ ഈ ലോകത്ത്. ഈ മുഖങ്ങളെ മുഴുവന്‍ പരിചിതമുഖങ്ങളാക്കി മാറ്റുകയെന്നതു സംഭവ്യകാര്യമല്ല. എന്നാല്‍ സംഭവ്യമായ ഒരു കാര്യം പറയാം. തന്റെ മുഖത്തെ ഇപ്പറഞ്ഞ കോടാനുകോടികള്‍ക്കു പരിചിതമുഖമാക്കി മാറ്റുക. അതും നടക്കാന്‍ പോകുന്നതല്ല എന്നു പറഞ്ഞു പിന്മാറരുത്. വിജയകരമായി അതു സാധിച്ചെടുത്തവര്‍ക്കാണു പ്രതിഭാശാലികള്‍ എന്നു പറയുന്നത്.

ഗാന്ധിജിക്ക് ഈ തലമുറയും വരാനിരിക്കുന്ന തലമുറയും അപരിചിതമുഖങ്ങളാണ്. എന്നാല്‍ ഗാന്ധിജിയുടെ മുഖം അദ്ദേഹത്തിന്റെ തലമുറയ്ക്കും ഈ തലമുറയ്ക്കും ഇനി വരാനിരിക്കുന്ന തലമുറകള്‍ക്കും പരിചിതമാണ്. തനിക്കെല്ലാ മുഖങ്ങളും പരിചിതമല്ലെങ്കിലും തന്റെ മുഖം മുഴുമുഖങ്ങള്‍ക്കും പരിചിതമാക്കി എന്നിടത്താണ് അദ്ദേഹം വിജയിച്ചത്.
എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്ര പേരുകള്‍ നിലനില്‍ക്കുന്ന ലോകമാണല്ലോ ഇത്. ഈ പേരുകള്‍ മുഴുവന്‍ ഒരാള്‍ മനഃപാഠമാക്കാന്‍ ഒരുമ്പെടുന്നുവെന്നു കരുതുക. അവനെപ്പറ്റി നാം അവിവേകി എന്നു പറയും. കാരണം, പ്രയോജനമില്ലാത്ത കാര്യത്തില്‍ സമയം തുലയ്ക്കുന്നവനാണവന്‍. എന്നാല്‍ തന്റെ പേര് മുഴുവന്‍ പേര്‍ക്കും മറക്കാനാവാത്തതാക്കി മാറ്റാന്‍ ഒരുവന്‍ ശ്രമിക്കുന്നുവെന്നു കരുതുക. എങ്കില്‍ അവനെപ്പറ്റി നമുക്കു വിവേകി എന്നു വിളിക്കാം.
തോമസ് ആല്‍വാ എഡിസന് തുച്ഛം പേരുകളേ അറിയൂ. എന്നാല്‍ കോടിക്കണക്കായ പേരുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പേര് വ്യത്യസ്തമാണ്. ആ പേരു കേട്ടാല്‍ അറിയാത്തവരായി അപൂര്‍വമേയുണ്ടാകൂ. അതാണു പ്രതിഭ. അതിനര്‍ഥം പേരുകിട്ടാന്‍ വേണ്ടി പണിയെടുക്കണമെന്നല്ല. നാം നമ്മുടെ പണിയെടുക്കുക. ആ പണി നമുക്കു പേരുണ്ടാക്കിത്തരും. പണിയെടുക്കാതെ പേരുണ്ടാക്കുന്നവരും പണി പേരുണ്ടാക്കലാക്കുന്നവരുമുണ്ട്. പണിയെടുക്കാതെ പേരുണ്ടാക്കാന്‍ നടക്കുന്നവര്‍ക്കു ലഭിക്കുന്നതു കുപ്രസിദ്ധിയായിരിക്കും. കര്‍മം പേരുണ്ടാക്കിക്കൊടുത്തവര്‍ക്കാണു സുപ്രസിദ്ധിയുള്ളത്.
നിമിഷം തോറും എത്രായിരം ശബ്ദങ്ങളാണ് മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും വായില്‍നിന്നു പുറപ്പെട്ടുകൊണ്ടിരിക്കുന്നത്! ലോകം മുഴുവന്‍ നിശബ്ദതയിലാണ്ടുനില്‍ക്കുന്ന ഒരു നിമിഷം ഉണ്ടാവുകയില്ല. എപ്പോഴും എവിടെയെങ്കിലും എന്തെങ്കിലുമൊരു ശബ്ദം ഉണ്ടായിക്കൊണ്ടേയിരിക്കും. ഈ ശബ്ദങ്ങള്‍ മുഴുവന്‍ ശ്രദ്ധിച്ചുകേള്‍ക്കാന്‍ കച്ചകെട്ടിയൊരുത്തന്‍ ഇറങ്ങിത്തിരിക്കുകയാണെങ്കില്‍ അവനാണു വിഡ്ഢി. കാരണം, നടക്കാത്തതും നടന്നാല്‍തന്നെ വലിയ പ്രയോജനമില്ലാത്തതുമായ ഏര്‍പ്പാടാണത്. എന്നാല്‍ തന്റെ ശബ്ദം മുഴുവനാളുകള്‍ക്കും കേള്‍പ്പിക്കാനാണു ശ്രമിക്കുന്നതെങ്കില്‍ അതു പ്രോത്സാഹനാര്‍ഹമായ കാര്യമാണ്. ആയിരമായിരം ശബ്ദങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമായ ശബ്ദം പുറപ്പെടുവിക്കുന്നവരാണു മഹാന്മാര്‍. അവര്‍ക്കു മരണമുണ്ടാകുമെങ്കിലും അവരുടെ ശബ്ദങ്ങള്‍ക്കു മരണമുണ്ടാവില്ല. അവര്‍ക്കുശേഷവും അവരുടെ ശബ്ദം പിന്‍ഗാമികള്‍ക്കു മാര്‍ഗദര്‍ശനമായി നിലകൊള്ളും.
ലോകത്തുള്ള സര്‍വമനുഷ്യരുടെയും കര്‍മങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതെത്രയുണ്ടായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. മണല്‍തരികളെ എണ്ണിത്തിട്ടപ്പെടുത്താനൊരുമ്പെടുന്നതുപോലുള്ള ഏര്‍പ്പാടായിരിക്കുമത്. സര്‍വമനുഷ്യരുടെയും കര്‍മങ്ങള്‍ രേഖപ്പെടുത്തിവയ്ക്കുകയെന്നതു മനുഷ്യകഴിവിന്നതീതം. എന്നാല്‍ കഴിവിന്നധീനമായൊരു കാര്യമുണ്ട്. തന്റെ കര്‍മങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്തിവയ്ക്കപ്പെടുന്ന വിധത്തിലേക്കു സ്വയം മാറുക. എല്ലാവരുടെയും കര്‍മങ്ങള്‍ നോക്കാന്‍ കഴിയില്ലെങ്കില്‍ സ്വന്തം കര്‍മങ്ങള്‍ എല്ലാവരും നോക്കുന്ന വിധത്തിലാക്കുക. അതാണു മാതൃകാപുരുഷന്മാരുടെ ജീവിതം പഠിപ്പിക്കുന്നത്. അവരുടെ ഓരോ അടക്കങ്ങളും അനക്കങ്ങളും സസൂക്ഷ്മം വീക്ഷിക്കാനും ഇഴകീറിയുള്ള അപഗ്രഥനത്തിനു വിധേയമാക്കാനും ആളുകളേറെയുണ്ടാകും. സര്‍വസമ്മതനായൊരു വ്യക്തി ഒരു സദസിലേക്കു കയറിവന്നാല്‍ മുഴുകണ്ണുകളും അയാളിലായിരിക്കുമുണ്ടാവുക. അദ്ദേഹത്തിന്റെ ഓരോ അടക്കവും അനക്കവും ഒപ്പിയെടുക്കാന്‍ ആളുകളുണ്ടാകും. പ്രവാചകന്റെ താടിരോമങ്ങളില്‍ നരബാധിച്ചവയുടെ എണ്ണം പോലും ചരിത്രത്തില്‍ മായാത്ത രേഖയാകുന്നതതുകൊണ്ടാണ്.
സാധാരണക്കാരില്‍നിന്ന് അസാധാരണക്കാരനാവാന്‍ സാധാരണക്കാര്‍ ചെയ്യാത്തതു ചെയ്യേണ്ടതില്ല, സാധാരണക്കാര്‍ ചെയ്യുന്നത് അസാധാരണമായ രീതിയില്‍ ചെയ്യുകയേ വേണ്ടൂ. ആള്‍ക്കൂട്ടത്തിലൊരാളാവാതെ ആളെ കൂട്ടുന്ന ഒരാളാവുക. എവിടെ ചെന്നാലും കാണാന്‍ ആളുകള്‍ കൂടും. സംസാരം കേള്‍ക്കാന്‍ ആളുകളെത്തും. അങ്ങനെയുള്ളൊരു വ്യക്തിത്വം. അതിന് എവിടെയും എപ്പോഴും വ്യത്യസ്തനായി മാറേണ്ടിവരും..
എല്ലാവരും ചെയ്യുന്നതുപോലെ ചെയ്യാന്‍ മിടുക്കുവേണ്ടാ. അതാരും ശ്രദ്ധിക്കുകയുമില്ല. എല്ലാവരും നടക്കുന്ന വഴിയെ നടക്കാന്‍ എന്തിനു വൈദഗ്ധ്യം? ആരും നടക്കാത്ത വഴിയിലൂടെ നടക്കാനാണു സാമര്‍ത്ഥ്യം വേണ്ടത്. അപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി ഒരാള്‍ മാറുക. അന്തരീക്ഷം എത്ര ശബ്ദമുഖരിതമാണെങ്കിലും നിങ്ങളുടെ ശബ്ദത്തിനു ചെവികൊടുക്കാന്‍ അന്നേരം കാതുകളനേകം കാണും. പേരുകളേറെയുണ്ടായാലും നിങ്ങളുടെ പേരു കാണുമ്പോള്‍ അവിടെ ഒരു നിമിഷം തങ്ങും. മുഖങ്ങളെമ്പാടുമുണ്ടായാലും നിങ്ങളുടെ മുഖം കാണുമ്പോള്‍ ജനം അതിലേക്കു പല തവണ നോക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  2 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  2 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago