ഡോക്ടര്‍ ആക്ടിവിസ്റ്റാകുമ്പോള്‍
''ദീപാവലിയും ഹോളിയും ബക്രീദും പെരുന്നാളുമെല്ലാം ഒരുമിച്ച് ആഘോഷിച്ചവരാണു നമ്മള്‍. എന്നാല്‍ ഇന്ന് എല്ലാവരും പരസ്പരം വെറുക്കുകയാണ്. ഇതെല്ലാം കണ്ടുകരയുന്നത് ഭാരതമാതാവാണ്. ഇതു രാമരാജ്യമല്ല, രാവണ രാജ്യമാണ് ''-ഡോ. കഫീല്‍ഖാന്‍
ഫാസിസ്റ്റ് കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു നിയതമായ ഒരു രൂപമോ കീഴ്‌വഴക്കമോ ഉണ്ടാവില്ലെന്നു കാട്ടിത്തരുന്നതാണ് ഡോ. കഫീല്‍ ഖാന്റെ പോരാട്ടം. ആള്‍ക്കൂട്ട കൊലപാതകവും വെറുപ്പിന്റെ രാഷ്ട്രീയവും ഇന്ത്യയുടെ പൊതു അന്തരീക്ഷം അനുദിനം മോശമാക്കിക്കൊണ്ടിരിക്കുമ്പോഴാണു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും പിന്തുണയില്ലാതെ ഈ ശിശുരോഗ വിദഗ്ധന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിനുമെതിരേ നീതിയുടെ ആള്‍രൂപമായി പൊരുതുന്നത്. ഈ പോരാട്ട വഴി സമ്മാനിക്കുക പനിനീര്‍ പൂക്കളല്ലെന്നറിയാം. എങ്കിലും ഈ വഴി തിരഞ്ഞെടുത്തതില്‍ കഫീല്‍ ഖാന് വ്യക്തമായ ഉത്തരമുണ്ട്.
''ഗൊരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ പിടഞ്ഞുമരിച്ചപ്പോള്‍ ഓടിയെത്തി പറ്റാവുന്നത്ര ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിനു വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ഡോക്ടറാണ് ഞാന്‍. വര്‍ഗീയതയുമായി ഇഴചേര്‍ന്നു കിടക്കുന്ന ആ വേട്ടയാടലിന് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് തന്നെയാണു തുടക്കമിട്ടത്. ജനങ്ങള്‍ക്കറിയാം ആരാണു ശരിയെന്ന്. എങ്കിലും ഇനിയും വസ്തുതകള്‍ തിരിച്ചറിയാത്ത കുറേപേരുണ്ട്. അവരെ കാണണം. എന്താണു നടന്നതെന്നു പറയണം.''-കഫീല്‍ ഖാന്റെ ശബ്ദം പോരാളിയുടേതാണ്.
ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ പ്രശസ്തനായ ഡോക്ടര്‍ക്ക് ഭരണകൂടത്തില്‍നിന്ന് ഇത്രയേറെ പീഡനങ്ങളും പകയും നേരിടേണ്ടി വരുന്നുവെങ്കില്‍ രാജ്യത്തെ ഒരു സാധാരണ ന്യൂനപക്ഷ, ദലിത്, പിന്നോക്കക്കാരന് എത്രമാത്രം ദുരിതപൂര്‍ണമായ ജീവിതസാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് കഫീല്‍ ഖാന്റെ ജീവിതം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം ഡോക്ടര്‍ മാത്രമായിരുന്നു ഇതുവരെ അദ്ദേഹം. എന്നാല്‍ ഒരു വര്‍ഷംമുന്‍പ് നടന്ന ആ ദാരുണ സംഭവം കഫീല്‍ഖാന്റെ ജീവിതത്തിന്റെ ഗതി തന്നെ തിരിച്ചുവിട്ടു.
അതൊരു കൂട്ടക്കൊലയായിരുന്നു
ഗൊരഖ്പൂര്‍ ദുരന്തത്തെ ഒരു കൂട്ടക്കൊലയായിരുന്നുവെന്നാണ് ഡോ. കഫീല്‍ഖാന്‍ വിശേഷിപ്പിക്കുന്നത്.
2017 ഓഗസ്റ്റ് പത്തിന് കഫീല്‍ ഖാന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ഓക്‌സിജന്‍ നിലച്ചതിനെ തുടര്‍ന്നു മുപ്പതിലേറെ കുട്ടികളാണ് ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചത്. ഒരു വാട്‌സ്ആപ്പ് മെസേജ് വഴിയാണ് ആ വിവരം ഞാന്‍ അറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തി. ലിക്വിഡ് ഓക്‌സിജന്റെ കുറവുമൂലം ശ്വാസം കിട്ടാതെ പിടയുന്ന ആ പിഞ്ചുകുഞ്ഞുങ്ങളെ രക്ഷിക്കാന്‍ എന്നാലാവും വിധം പരിശ്രമിക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ എന്നെ പ്രശംസിച്ചുകൊണ്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് സംഭവസ്ഥലത്ത് എത്തിയതോടെയാണു ചിത്രം മാറിയത്. മാധ്യമങ്ങളും എനിക്കെതിരായി.
'നിങ്ങള്‍ ഇവിടെ ഹീറോ ആകാന്‍ ശ്രമിക്കുകയാണോ?' എന്നാണ് യോഗി ആദിത്യനാഥ് എന്നോടു ചോദിച്ചത്. അതു വെറും ഒരു ചോദ്യമല്ല, ഉത്തരമായിരുന്നു. ഒരു രാത്രി കൊണ്ട് ഭരണകൂടം ഒരാളെ എങ്ങനെ രാജ്യത്തിന്റെ ശത്രുവാക്കുന്നുവെന്നതിന്റെ ഉത്തരം. മാധ്യമങ്ങള്‍ എനിക്കെതിരേ തിരിഞ്ഞു. ഒരു മാധ്യമവും ഗൊരഖ്പൂരില്‍ നടന്നതെന്താണെന്നുള്ള വസ്തുത അന്വേഷിക്കാന്‍ തയാറായില്ല. എല്ലാവരും യോഗി സര്‍ക്കാരിന്റെ സെല്‍, സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രചാരണങ്ങളാണു വാര്‍ത്തയായി നല്‍കിയത്. ഞാന്‍ കൊലയാളിയായി മാറി.
ഞാന്‍ സിലിണ്ടറുകള്‍ മോഷ്ടിച്ചതായും അഴിമതി നടത്തിയതായും അവര്‍ പറയുന്നു. മാധ്യമങ്ങളും ഭരണാധികാരികളും ബോധപൂര്‍വം മറച്ചുവച്ച ഒരു കാര്യമുണ്ട്. നിന്നുപോയത് ലിക്വിഡ് ഓക്‌സിജനാണ്. അത് ആശുപത്രിയില്‍ ട്യൂബുകള്‍ വഴിയാണു വിതരണം ചെയ്യപ്പെടുന്നത്. വലിയ ടാങ്കിലാണ് അത് സ്റ്റോര്‍ ചെയ്യുന്നത്. അത് ഞാന്‍ പൊക്കിക്കൊണ്ട് പോയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. എനിക്കെതിരേ തെളിവു നിരത്താന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടും ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. ആശുപത്രിയില്‍ എത്തി എല്ലാ ദിവസവും ഒപ്പിട്ടു വെറുതെയിരിക്കാന്‍ ഞാന്‍ ക്ലര്‍ക്കല്ല. ഒന്നുകില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ജോലിയില്‍ തിരിച്ചെടുക്കണം. അല്ലെങ്കില്‍ ജോലി രാജിവയ്ക്കാന്‍ അനുവദിച്ചു പുതിയ ജീവിതമാരംഭിക്കാന്‍ അവസരമുണ്ടാക്കണം. ചെറിയ സഹോദരന്‍ കാഷിഫ് മന്‍സൂറിനുനേരെ വധശ്രമമുണ്ടായ സമയത്ത് യോഗി ആതിഥ്യനാഥ് ക്ഷേത്രദര്‍ശനത്തിനായി സംഭവം നടന്നതിന്റെ പരിസരത്തുണ്ടായിരുന്നു.
മരണത്തില്‍നിന്ന് ആ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചതിന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ അദ്ദേഹത്തിനു സമ്മാനിച്ചത് എട്ടുമാസത്തെ ജയില്‍വാസമായിരുന്നു. ഗൊരഖ്പൂര്‍ വിഷയത്തില്‍ തന്നെ പഴിചാരി യു.പി സര്‍ക്കാരിനെ രക്ഷിക്കുകയാണ് യോഗി ചെയ്തതെന്ന് കഫീല്‍ ഖാന്‍ പറയുന്നു. ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ക്ക് ഒരു കള്ളക്കഥ ആവശ്യമായിരുന്നു. അതിനു പറ്റിയതായിരുന്നു തന്റെ മുസ്‌ലിം നാമമെന്നും അദ്ദേഹം തിരിച്ചറിയുന്നു.
ഈ ദാരുണ സംഭവം കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണത്തിലൂടെ സത്യം കണ്ടെത്താന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേര്‍ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്. അവര്‍ക്കൊന്നും സംഭവവുമായി ഒരു ബന്ധവുമില്ല. ആരോഗ്യ വകുപ്പിനുണ്ടായ വലിയ വീഴ്ച മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ തങ്ങളെ ബലിയാടാക്കിയിരിക്കുന്നത്.
കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. ഞാനിപ്പോഴും സസ്‌പെന്‍ഷനില്‍ തന്നെയാണ്. ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് രോഗികളെ ചികിത്സിക്കാനോ തൊഴിലെടുക്കാനൊ എനിക്ക് സാധിക്കുന്നില്ല. കോടതിയില്‍ ഒരു രീതിയിലും സര്‍ക്കാര്‍ എനിക്കുമേല്‍ ആരോപിക്കുന്ന കുറ്റം തെളിയിക്കാന്‍ സാധിച്ചിട്ടില്ല. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ എനിക്ക് യാതൊരു പങ്കുമില്ലെന്നു വ്യക്തമായിട്ടും അനുകൂലമായി ഒരു നടപടിയും ഉണ്ടാകുന്നില്ല. അതിനുശേഷം എന്റെ അനുജന്‍ ആക്രമിക്കപ്പെട്ടു. ആ കേസിലും ഒരു തുമ്പുണ്ടാക്കാന്‍ യു.പി സര്‍ക്കാരിനു സാധിച്ചിട്ടില്ല.
സമാധാനം തിരികെപ്പിടിക്കാന്‍
''മോദിയും യോഗിയും രാജ്യത്ത് വിദ്വേഷവും വെറുപ്പും വിതരണം ചെയ്യുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ തമ്മിലടിച്ചു മരിക്കുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. ഒരാളെ കൊല്ലുന്നതു കണ്ടു മറ്റുള്ളവര്‍ക്കു സുഖം ലഭിക്കുന്ന അവസ്ഥ മനുഷ്യത്വത്തിനു തന്നെ അപമാനമാണ്.''
ശാന്തിയും സമാധാനവും തിരികെക്കൊണ്ടുവരാനായി രാജ്യത്താകെ നടന്നു പ്രചാരണം നടത്തുമെന്ന് കഫീല്‍ ഖാന്‍ പറയുന്നു.
അന്തിമമായി പൈശാചികത തോല്‍ക്കുമെന്നും മനുഷ്യത്വം വിജയിക്കുമെന്നും എല്ലാ ജാതിമതക്കാര്‍ക്കും രാജ്യത്തുനീതി ലഭ്യമാകുമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ട്. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ഇപ്പോള്‍ തഴച്ചുവളരുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഗ്രാമീണരുടെ അജ്ഞതയാണു മുതലെടുക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പൊതുതെരഞ്ഞെടുപ്പ് നിര്‍ണായകം
വരുന്ന പൊതുതെരഞ്ഞെടുപ്പ് അടിച്ചമര്‍ത്തപ്പെടുന്ന ഓരോ ഇന്ത്യക്കാരന്റെയും നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നാണ് കഫീല്‍ ഖാന്‍ പറയുന്നത്. ദലിത്, മുസ്‌ലിം, സ്ത്രീകള്‍ തുടങ്ങി സര്‍ക്കാരിനാല്‍ ഇരയാക്കപ്പെടുന്ന ഓരോരുത്തരുടെയും നിലനില്‍പ്പിന്റെ പ്രശ്‌നം. എഴുപതു ശതമാനം ഇന്ത്യക്കാരുടെയും പ്രശ്‌നം തന്നെയാണത്. മോദി സര്‍ക്കാര്‍ തിരിച്ചുവരില്ലെന്ന് തന്നെയാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."