ചുരം ബദല്‍പാത സ്വപ്നങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നു
തിരുവമ്പാടി: താമരശ്ശേരി ചുരം പാതക്ക് ബദലായി കരുതുന്ന തിരുവമ്പാടി - ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി പാതക്ക് ജീവന്‍ വയ്ക്കുന്നു. വനവും പ്രകൃതിയും പരിസ്ഥിതിയും ഒരു പോലെ സംരക്ഷിക്കുന്നതിന് തുരങ്ക പാതയാണ് വിഭാവനം ചെയ്യുന്നത്. തുരങ്കപാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ തയാറാക്കും.
വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചുരമില്ലാ പാത നിര്‍മിക്കുന്നതിനായി വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് പൊതുമേഖലാസ്ഥാപനമായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമായതായി തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസ് ഫേസ് ബുക്ക് പേജില്‍ കുറിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ തുരങ്കപാതയുമായി ബന്ധപ്പെട്ട് 20 കോടി രൂപ നീക്കിവച്ചിരുന്നു. വിവിധ തലങ്ങളിലെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഡി.പി.ആര്‍ തയാറാക്കുന്നതിന് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനെ ചുമതലപ്പെടുത്തിയത്. ഇതിനുള്ള ഉദ്ദേശ എസ്റ്റിമേറ്റ് എത്രയാകുമെന്ന വിവരം സര്‍ക്കാരില്‍ അറിയിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നാഴ്ചക്കകം ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ശേഷം സര്‍ക്കാര്‍ തീരുമാനപ്രകാരം കോര്‍പറേഷനുമായി ധാരണാപത്രം ഒപ്പുവയ്ക്കും. തുടര്‍ന്നാണ് വിശദ പദ്ധതി റിപ്പോര്‍ട്ട് കെ.ആര്‍.സി.എല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുക. കൊങ്കണ്‍ റെയില്‍വേയില്‍ നിന്ന് ഡി.പി.ആര്‍ കിട്ടുന്ന മുറക്ക് എം.ഒ.യുവും (മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ്), പൊതുമരാമത്ത്, ധനകാര്യ വകുപ്പ് ഉള്‍പ്പടെയുള്ള ധാരണക്കും ശേഷം മന്ത്രിസഭയും അംഗീകരിച്ചാല്‍ മാത്രമേ പദ്ധതി പ്രാവര്‍ത്തികമാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."