കാക്കിക്കുള്ളിലെ ക്രൂരത പുറത്ത്: സബ് ജയിലില്‍ പ്രതി മരിച്ചത് ക്രൂരമര്‍ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
തൊടുപുഴ: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ മരണകാരണം ക്രൂരമര്‍ദനത്തെ തുടര്‍ന്നുള്ള ആന്തരിക മുറിവുകളാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പൊലിസിന്റെ വാദങ്ങളെ എല്ലാം തള്ളുന്ന തരത്തിലാണ് റിപ്പോര്‍ട്ട്. രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലിസ് വാദം പൊളിഞ്ഞതിനുപിന്നാലെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും എതിരാകുന്നത്.
സാമ്പത്തിക തട്ടിപ്പിനിരയായ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെക്കുകയും പൊലിസിനെ വിളിച്ചുവരുത്തി കൈമാറുകയുമാണ് ഉണ്ടായതെന്നാണ് ദൃക്സാക്ഷി വെളിപ്പെടുത്തിയത്.
എന്നാല്‍ മര്‍ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയിരുന്നു. ഇരുകാലുകള്‍ക്കും സാരമായി പരുക്കേറ്റിരുന്നു. തൊലി അടര്‍ന്ന നിലയിലുമായിരുന്നുവെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇതോടെ പൊലിസ് വീണ്ടും പ്രതിക്കൂട്ടിലാവുകയാണ്.
ന്യുമോണിയ ബാധിച്ചായിരുന്നു രാജ് കുമാറിന്റെ മരണം. എന്നാല്‍ അതിനുള്ള കാരണം ക്രൂര മര്‍ദനത്തിലുണ്ടായ ആന്തരിക മുറിവുകളാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കാത്തത് മൂലം മുറിവുകള്‍ പഴുത്താണ് ന്യുമോണിയ ബാധിച്ചത്. ഇതേ തുടര്‍ന്നാണ് രാജ്കുമാര് മരിച്ചത്.
പൊലിസിന് കൈമാറുമ്പോള്‍ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷി പറഞ്ഞിരുന്നു. പതിനാറാം തിയതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥ തീരെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍മാരും വെളിപ്പെടുത്തി. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ അവസ്ഥയല്ലെന്ന് പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ പ്രതിയെ പൊലിസ് കൊണ്ടുപോയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."