കോഴിക്കൂടുമുതല്‍ കാലിത്തൊഴുത്തുവരെ കെട്ടിട പ്ലാനില്‍ വേണം
പൊന്നാനി(മലപ്പുറം): കോഴിക്കൂടുമുതല്‍ കാലിത്തൊഴുത്തുവരേ കെട്ടിട പ്ലാനില്‍ വേണം. എന്നാലേ ഏമാന്‍മാര്‍ വീടിനു നമ്പറിട്ടുതരൂ. ഇല്ലാത്ത കെട്ടിട നിര്‍മാണ നിയമങ്ങള്‍ പറഞ്ഞുള്ള വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥന്റെ വട്ടംകറക്കലില്‍ കുടുങ്ങിയിരിക്കുന്നത്് നൂറിലധികം പേര്‍.
വീടുള്‍പ്പെടെ ഏതുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ പ്ലാന്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. മുന്‍കൂര്‍ അനുമതിയില്ലാതെ നിയമവിരുദ്ധമല്ലാത്ത സ്ഥലത്ത് ഇത്തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചാല്‍ മാപ്പപേക്ഷയും ഫൈനും സ്വീകരിച്ച് അനുമതി നല്‍കാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും വെളിയങ്കോട്ടെ ജനങ്ങള്‍ക്കു പക്ഷേ ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് സത്യം.
നിയമം അറിയാതെ കെട്ടിടങ്ങളും വീടും നിര്‍മിച്ചയാളുകള്‍ മാപ്പപേക്ഷയും ഫൈനും നല്‍കാന്‍ തയാറായാല്‍പോലും അധികൃതര്‍ സ്വീകരിക്കുന്നില്ല. കെട്ടിടത്തിന്റെ പൂര്‍ത്തീകരിച്ച പ്ലാന്‍ നല്‍കിയാലും പല കാരണങ്ങള്‍ പറഞ്ഞ് പലതവണ പ്ലാന്‍ മാറ്റി വരപ്പിക്കുകയും ചെയ്യുന്നതാണ് ഈ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ ഹോബി. മാത്രമല്ല കെട്ടിടം നില്‍ക്കുന്ന സ്ഥലത്തെ തകര്‍ന്ന കോഴിക്കൂട്, തകര്‍ന്ന് ഉപയോഗശൂന്യമായ തൊഴുത്ത് വരെ ഉള്‍പ്പെടുത്താന്‍ പറഞ്ഞ് ജനങ്ങളെ ചുറ്റിക്കുകയും ചെയ്യും.
ഇതുമൂലം ചെറിയ വീടുമുതല്‍ കല്യാണമണ്ഡപം വരേ നൂറോളം കെട്ടിടങ്ങള്‍ പണി കഴിഞ്ഞ് അനുമതി കാത്തുകിടക്കുന്നുണ്ട്്. വീടിനോട് ചേര്‍ന്ന കാര്‍ ഷെഡ് പോലും വീടിന്റെ സ്‌ക്വയര്‍ ഫീറ്റ് അളക്കുന്നതില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന കോടതി വിധിയൊന്നും പാലിക്കാതെയാണ് ഈ പഞ്ചായത്തിലെ അസി.എഞ്ചിനീയര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
നിര്‍മാണം പൂര്‍ത്തികരിച്ച് ഒന്‍പതു മാസമായിട്ടും അനുമതി കിട്ടാതെ നാലു തവണ പല കാരണങ്ങള്‍ പറഞ്ഞ് കംപ്ലീഷന്‍ പ്ലാന്‍ മാറ്റിയിട്ടും ഇതുവരെ അനുമതി ലഭിക്കാത്തവരും പഞ്ചായത്തിലുണ്ട്്. പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത് സെക്രട്ടറിയേയും പ്രസിഡന്റിനെയും സമീപിക്കുന്ന ജനങ്ങള്‍ക്ക്് എന്‍ജിനീയറുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്്.
ജനങ്ങളെ വട്ടംകറക്കുന്ന ഉദ്യോഗസ്ഥനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കാത്ത പക്ഷം മുഖ്യമന്ത്രിക്കും മറ്റും പരാതിക്കൊരുങ്ങുകയാണ് പ്രദേശവാസികളിപ്പോള്‍.
2016 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം കാര്‍ഷെഡ് വീടിന്റെ അളവില്‍ ഉള്‍പ്പെട്ടുത്തേണ്ടതില്ലെന്ന നിയമം നിലനില്‍ക്കെ പഞ്ചായത്ത് കുടുംബശ്രീക്കായി കൂണ്‍കൃഷി ചെയ്യുന്നതിന് നിര്‍മ്മിച്ച കെട്ടിടത്തോടു ചേര്‍ന്ന ഷെഡും അളക്കണമെന്ന ശാഠ്യമാണ് ഉദ്യോഗസ്ഥന്‍ കാണിച്ചത്.
ഇതുമൂലം പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കുപോലും വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."