വനനിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കം
പാലക്കാട്: വനാവകാശ നിയമപ്രകാരം കാട്ടില്‍ താമസിക്കാനും വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്താനും അവകാശം സിദ്ധിച്ച വനവാസികളെ കാടിന് പുറത്തുകൊണ്ടുവരുന്നതിനും, വന്‍കിട കുത്തക കമ്പനികള്‍ക്ക് വനവിഭവക്കൊള്ള നടത്താന്‍ സാഹചര്യം ഒരുക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. 1927ല്‍ ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ വനനിയമത്തില്‍ കാര്യമായ പഠനങ്ങള്‍ നടത്താതെ കാതലായ മാറ്റങ്ങള്‍ വരുത്തി വനനിയമം പൊളിച്ചെഴുതുകയാണ് ലക്ഷ്യം.
2019 മാര്‍ച്ച് 7ന് എല്ലാ സംസ്ഥാനങ്ങളിലേയും വനംവകുപ്പ് മേധാവികള്‍ക്ക് നല്‍കിയ കത്തിലൂടെയാണ് നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എല്ലാ സംസ്ഥാന വനംവകുപ്പ് മേധാവികള്‍ക്ക് കരട് രൂപം അയച്ചുകൊടുത്തിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ ആവശ്യമായ ഭേദഗതിനിര്‍ദേശം വരുത്തി അയക്കാനാണ് ആവശ്യം. വനാവകാശം സിദ്ധിച്ച വനവാസികളെ വനത്തില്‍ നിന്ന് പുറത്താക്കാമെന്ന് വ്യവസ്ഥ ചെയ്യുന്ന വനനിയമം 11,21 സെക്ഷനുകളില്‍ ഭേദഗതി കൂട്ടിച്ചേര്‍ക്കാനാണ് കരടിലെ ഒരു നിര്‍ദേശം.
സംരക്ഷിത വനത്തെ എപ്പോള്‍ വേണമെങ്കിലും ഡീ നോട്ടിഫൈ ചെയ്തു വനേതരഭൂമിയാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് മറ്റൊരു ഭേദഗതി (സെക്ഷന്‍ 34 എ).
റിസര്‍വ് വനത്തിനുള്ളില്‍ തരം മാറ്റി ഔഷധ സസ്യങ്ങള്‍,പള്‍പ്പ് ,വിറക് മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ അനുമതി,വനത്തിനകത്തു കൂടെ വാഹന ഗതാഗതം നടത്താനുള്ള വഴിയവകാശം, കുപ്പിവെള്ള കമ്പനികള്‍ക്കും മറ്റും വനത്തിനകത്തെ ജലസ്രോതസുകള്‍ ചൂക്ഷണം ചെയ്യാവുന്നതിലേക്ക് വഴിവയ്ക്കാവുന്ന ജലാവകാശം എന്നിങ്ങനെയുള്ള അഞ്ച് പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കുന്നു. ഇവ നടപ്പിലായാല്‍ വനവും വനാവകാശവും ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുകയും, ജീവരാശിക്ക്തന്നെ ഭീഷണിയാവുകയും ചെയ്യും. 11, 22, 34 (എ) വകുപ്പുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ദുരുപയോഗം ചെയ്ത് കുത്തക കമ്പനികള്‍ക്ക് വനഭൂമി തീറെഴുതി കൊടുക്കാന്‍ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ധര്‍മ്മരാജ് വയനാട് സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."