എ.ജി.എസ്.ടി വിഹിതത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തും: മന്ത്രി
തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വിസ് ടാക്‌സിന്റെ (ഐ.ജി.എസ്.ടി) 50 ശതമാനം സംസ്ഥാനത്തിന് കിട്ടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് മന്ത്രി തോമസ് ഐസക്.
1.76 ലക്ഷം കോടിയാണ് ഈ ഇനത്തില്‍ കേന്ദ്രത്തിന്റെ കൈവശമുള്ളത്. തുകയുടെ പകുതി വീതിച്ചുനല്‍കണമെന്ന ജി.എസ്.ടി ആക്റ്റ് പ്രകാരമുള്ള അവകാശമാകും ജി.എസ്.ടി കൗണ്‍സിലില്‍ ഉന്നയിക്കുകയെന്നും ധനകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു.
ഒരു ശതമാനം പ്രളയസെസ് ഈടാക്കുന്നതുമൂലം സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകുമെന്ന പ്രചാരണം ശരിയല്ല. ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ വിലക്കയറ്റമുണ്ടാക്കാന്‍ വ്യാപാരികള്‍ക്ക് പ്രചോദനമാകും.
ജി.എസ്.ടി നടപ്പാക്കിയതോടെ ഒട്ടുമിക്ക സാധനങ്ങളുടെയും നികുതിയില്‍ ഗണ്യമായ കുറവുവന്നിട്ടുണ്ട്. അതിനാല്‍ ഒരു ശതമാനം നികുതി കൂട്ടിയാല്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന് കരുതാനാകില്ല. ജി.എസ്.ടി നടപ്പാക്കിയതുമൂലം വ്യാപാരം മറ്റ് ഭാഗങ്ങളിലേക്ക് പോകുമെന്ന ആശങ്കയും അടിസ്ഥാനമില്ലാത്തതാണ്.
വ്യാപാരികള്‍ ജി.എസ്.ടിയുടെ മാസ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്നുണ്ട്. നികുതി കൈവശം വയ്ക്കുന്നവരിലേറെയും വന്‍കിടക്കാരാണ്. ഇത്തരക്കാരെ കണ്ടെത്തി നോട്ടിസ് നല്‍കി പിഴ ഈടാക്കും. നികുതി കുടിശികയിലെ വിലയിരുത്തല്‍ നടത്തുന്നത് വ്യാപാരികള്‍ നല്‍കുന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ്.
സോഫ്റ്റ്‌വെയറില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നത് വ്യാപാരികള്‍ തന്നെയാണ്. അതിനാല്‍ പലപ്പോഴും തെറ്റുകള്‍ സംഭവിക്കാം. ചിലപ്പോള്‍ വലിയതുക കുടിശികയായി കാണിച്ചേക്കാം. അതിനാല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമെ അയയ്ക്കാവൂവെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കിഫ്ബിയില്‍ റോഡുകളെ ഉള്‍പ്പെടുത്താന്‍ മാനദണ്ഡങ്ങളുണ്ട്. അതില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."