ആരുടെ നിയന്ത്രണത്തിലാണ് കേരള പൊലിസ് ?
കേരള പൊലിസ് സേന നാഥനില്ലാക്കളരിയായി മാറിയിട്ട് ഏറെക്കാലമായി. പൊലിസുകാരന്‍ പൊലിസുകാരിയെ നടുറോഡിലിട്ട് പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊല്ലുക, മേലുദ്യോഗസ്ഥന്റെ തെറി കേള്‍ക്കാന്‍വയ്യാതെ കീഴുദ്യോഗസ്ഥന്‍ വീടും നാടും ഉപേക്ഷിച്ചു പോകുക തുടങ്ങിയതൊക്കെ ഈ അടുത്തകാലത്ത് പൊലിസില്‍ കണ്ടുതുടങ്ങിയ പ്രവണതകളാണെങ്കില്‍ കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും ഒരു തുടര്‍ക്കഥപോലെ ഇപ്പോഴും തുടരുകയാണ്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഇപ്പോഴും ഇത്തരം കിരാത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നത് ലജ്ജാവഹമാണ്.
പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാറിനു കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനങ്ങളാണ് ഏല്‍ക്കേണ്ടിവന്നതെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലാത്തികൊണ്ട് കാല്‍മുട്ടിനു താഴെ ഉരുട്ടുകയും കാല്‍വണ്ണയില്‍ ലാത്തികൊണ്ട് ആഞ്ഞടിക്കുകയും ചെയ്യുന്ന പൊലിസ് ഏതൊരു സമൂഹത്തിനും അപമാനമാണ്. പോരാത്തതിന് പൊലിസുകാര്‍ ഇരുകാലുകളിലും കയറിനില്‍ക്കുകയും ചെയ്തു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍നിന്ന് കേരള പൊലിസ് പാഠം പഠിച്ചിട്ടില്ലെന്നു ചുരുക്കം.
അതങ്ങനെയേ വരൂ. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചു കൊന്നവര്‍ക്ക് അന്ന് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നുവെങ്കിലും ഇന്നവരെല്ലാം സര്‍വിസില്‍ തിരിച്ചെത്തിയിരിക്കുന്നു. പ്രമോഷനോടുകൂടി. അതായിരിക്കണം രാജ്കുമാറിനെ ഉരുട്ടിക്കൊല്ലാന്‍ പൊലിസിന് ഉത്തേജനമായിട്ടുണ്ടാവുക. സസ്‌പെന്‍ഷനുകളും സ്ഥലംമാറ്റങ്ങളും ശിക്ഷാ നടപടികളല്ലെന്ന് ഇതില്‍നിന്ന് തന്നെ വ്യക്തമാണ്. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെതുടര്‍ന്ന് 16 പൊലിസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെങ്കിലും വളരെ വൈകാതെ അവരൊക്കെ സര്‍വിസില്‍ തിരിച്ചെത്തുമെന്ന് കരുതേണ്ടിയിരിക്കുന്നു.
ഇന്നലെയും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നാണ്. രാജ്കുമാറിന്റെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് ഉരുട്ടിക്കൊന്ന പൊലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുമോ? ഒരാളെ കസ്റ്റഡിയിലെടുത്താല്‍ എത്രയും പെട്ടെന്ന് അയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. എന്നാല്‍ രാജ്കുമാറിനെ ജൂണ്‍ 12ന് കസ്റ്റഡിയിലെടുത്തിട്ട് അഞ്ചു ദിവസം കഴിഞ്ഞാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. അതും തീര്‍ത്തും അവശമായ നിലയില്‍. ആരോഗ്യത്തോടെ പൊലിസ് സ്റ്റേഷനിലേക്കു പോയ രാജ്കുമാറിനെ താങ്ങിയെടുത്താണ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയത്. പൊലിസ് വാഹനത്തിന് അടുത്തെത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. എഴുന്നേറ്റ് നില്‍ക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ജയിലില്‍ എത്തിച്ചതെന്ന് പീരുമേട് സബ്ജയില്‍ സൂപ്രണ്ട് ജി. അനില്‍കുമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
2005 സെപ്തംബറില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലിസ് സ്റ്റേഷനില്‍ ഉദയകുമാര്‍ എന്ന നിരപരാധിയെ ഉരുട്ടിക്കൊലപ്പെടുത്തിയതിന് രണ്ടു പൊലിസുകാര്‍ക്ക് വധശിക്ഷയാണ് വിധിച്ചത്. ഉദയകുമാറിന്റെ അമ്മ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു ആ ശിക്ഷ പ്രതികള്‍ക്കു വാങ്ങി കൊടുക്കാന്‍ കഴിഞ്ഞത്. അടിയന്തരാവസ്ഥയില്‍ ക്രൂരമര്‍ദനങ്ങള്‍ക്കിരയായി എന്ന് പറയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് മര്‍ദനങ്ങളുടെ ഓര്‍മ തികട്ടിവന്നിരുന്നുവെങ്കില്‍ ഉദയകുമാറിനും ശ്രീജിത്തിനും ശേഷം മറ്റൊരു ഉരുട്ടിക്കൊല പൊലിസ് സ്റ്റേഷനില്‍ ഉണ്ടാകുമായിരുന്നില്ല. രാജ്കുമാറിനെ ജയിലിലേക്കു കൊണ്ടുവന്നത് സ്‌ട്രെച്ചറില്‍ ആണെന്നും മരിച്ച ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും സഹതടവുകാരനായ സുനില്‍ ഇന്നലെ മാധ്യമങ്ങള്‍ക്കു മുമ്പാകെ വെളിപ്പെടുത്തിയിരിക്കുകയാണ്. നെഞ്ചുവേദനയെടുക്കുന്നുവെന്നും വെള്ളം വേണമെന്നും പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ജയിലില്‍ തിരിഞ്ഞുനോക്കിയില്ല.
അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍ കസ്റ്റഡി മരണത്തിന്റെ പേരില്‍ നിയമസഭയില്‍ മറുപടി പറയേണ്ടിവന്നത് വിധി വൈപരീത്യമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി അരോചകമാണ്. അടിയന്തരാവസ്ഥ പൊക്കിപ്പിടിച്ച് പൊലിസുകാരുടെ കൊലപാതകത്തെ ചുരുക്കിക്കാണിക്കുന്ന രാഷ്ട്രീയം അപലപനീയമാണ്. ക്രൂര മര്‍ദനങ്ങള്‍ക്കിരയായ ഒരുപാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയായ തനിക്കുണ്ടായ ദുരനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന് പറഞ്ഞ് കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരേ ക്രിമിനല്‍ നടപടിയെടുക്കാന്‍ ഡി.ജി.പിക്കു നിര്‍ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്.
കര്‍ശന നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി. കൊലക്കുറ്റത്തിന് കേസെടുക്കാതെ ഇത്തരം നിഷ്ഠൂര കൃത്യങ്ങള്‍ പൊലിസ് സ്റ്റേഷനുകളില്‍നിന്ന് തുടച്ചുനീക്കാനാവില്ല. അതിനു ഭരണകൂടം തയാറുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. കാരണം പൊലിസ് ആകെ കുത്തഴിഞ്ഞു കിടക്കുകയാണ്. ഡി.ജി.പി പറഞ്ഞാല്‍ താഴേക്കിടയിലുള്ളവര്‍ കേള്‍ക്കില്ല. എസ്.പി പറഞ്ഞാല്‍ സി.ഐ കേള്‍ക്കില്ല. എന്താണ് കേരളത്തിലെ പൊലിസില്‍ നടക്കുന്നതെന്ന് പൊലിസ് മന്ത്രിയായ മുഖ്യമന്ത്രിക്കും അറിയില്ല. അറിയുമായിരുന്നെങ്കില്‍ സഹകരണസംഘം തെരഞ്ഞെടുപ്പിന്റെ പേരില്‍ പൊലിസുകാര്‍ അടികൂടാന്‍ പോകുന്ന വിവരം മുന്‍കൂട്ടി അദ്ദേഹം അറിയുമായിരുന്നു.
ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളെ സി.പി.എമ്മിന്റെ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന മുടക്കോഴിമലയില്‍ കയറിച്ചെന്ന് പിടികൂടിയ ധീരരായ പൊലിസുകാരുള്ള സേനയാണ് കേരള പൊലിസ്. അവരെ നിര്‍വീര്യമാക്കി നിര്‍ത്തിയിട്ടുണ്ടെങ്കില്‍, സ്വന്തക്കാരെ തല്‍സ്ഥാനത്ത് നിയമിച്ചിട്ടുണ്ടെങ്കില്‍ അതു തന്നെയാണ് കേരള പൊലിസിലെ കുത്തഴിയലിനു കാരണം.
ലക്ഷങ്ങള്‍ ശമ്പളം നല്‍കി പൊലിസ് ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചിട്ട് എന്തു പ്രയോജനമാണ് കേരള പൊലിസിന് ഉണ്ടായത്? പാലക്കാട്ട് ഹൈറുന്നീസ എന്ന ബാലികയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവിട്ട പൊലിസ് ഓഫിസറാണ് ശ്രീവാസ്തവ. കൊള്ളാവുന്ന പൊലിസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി കൊള്ളരുതാത്തവരെയും പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരെയും മര്‍മസ്ഥാനങ്ങളില്‍ നിയമിച്ചാല്‍ നെടുങ്കണം പൊലിസ് സ്റ്റേഷനില്‍ രാജ്കുമാര്‍ ഏല്‍ക്കേണ്ടിവന്നതുപോലുള്ള ക്രൂരമര്‍ദനങ്ങളും കസ്റ്റഡി മരണങ്ങളും ഇനിയും കേരളത്തില്‍ ആവര്‍ത്തിക്കും. ഇത്തരം പൊലിസുകാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരവുംകൂടി കൊടുത്താല്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."