ഇബ്റാഹീംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി
മൂവാറ്റുപുഴ: പലാരിവട്ടംപാലം അഴിമതിക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്റാഹീംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ സ്വീകരിക്കവെയാണ് കോടതിയുടെ നിര്‍ദേശം.
അറസ്റ്റ് ചെയ്തത് ആശുപത്രിയില്‍ വച്ചായതുകൊണ്ട് കസ്റ്റഡിയില്‍ നല്കണമെങ്കില് പ്രതിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്. രോഗിയായി ചികിത്സയിലിരിക്കെയാണ് ഇബ്റാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്തതെന്നും അതിനാല്‍ ആരോഗ്യനില തൃപ്തികരമാണോ എന്നു പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ചുമതല അന്വേഷണ സംഘത്തിനുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ കസ്റ്റഡി ആവശ്യപ്പെടുമ്പോള്‍ ചികിത്സാരേഖകള്‍ കൂടി ഹാജരാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഇബ്റാഹീംകുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്ന് പ്രതിഭാഗം അഭിഭാഷകന് ചൂണ്ടിക്കാണിച്ചിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് വിജിലന്‍സ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."