സായ് സെലക്ഷന്‍ ലഭിച്ച വിദ്യാര്‍ഥികളുടെ പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചില്ല
കോഴിക്കോട്: 'എന്റെ മകനും സായ് സെലക്ഷനായി അപേക്ഷിച്ചിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി അവന്റെ പേരും സായിയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അത്‌ലറ്റിക്‌സ് വിഭാഗത്തിന്റെ പട്ടികയില്‍ അവന് സായിയില്‍ അഡ്മിഷന്‍ ലഭിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ.
അതുകൊണ്ടുതന്നെ പ്ലസ്ടു കഴിഞ്ഞ അവന് ഉപരിപഠനത്തിനായുള്ള യാതൊരു നടപടികളും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. പട്ടികയില്‍ പേര് വന്നിട്ടും അഡ്മിഷനുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്തുനിന്ന് ലഭിക്കാത്തത് സായ് സെലക്ഷന്‍ പട്ടികയില്‍ ഇടംപിടിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ ആശങ്കപ്പെടുത്തുകയാണ്.' സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യിലേക്കുള്ള സെലക്ഷന്‍ പട്ടികയില്‍ ഇടംപിടിക്കുകയും പ്രവേശന നടപടികള്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്ന കേരളത്തിലെ നൂറോളം വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കയാണ് ബാലുശ്ശേരി സ്വദേശി നസീമ പങ്കുവയ്ക്കുന്നത്.
സംസ്ഥാനത്തെ ആറ് സായ് കേന്ദ്രങ്ങളിലായി ഇക്കഴിഞ്ഞ ഫെബ്രുവരി 27 നാണ് വിവിധ കായിക ഇനങ്ങളിലേക്കുള്ള സെലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതില്‍നിന്നും കോച്ചിങ് ക്യാംപിലേക്കുള്ളവരെ തെരഞ്ഞെടുക്കുകയും, ഏപ്രില്‍ മൂന്ന് മുതല്‍ ഏപ്രില്‍ ആറുവരെ റസിഡന്‍ഷ്യല്‍ കോച്ചിങ് ക്യാംപ് നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം, സായിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിദ്യാര്‍ഥികളുടെ പട്ടികയും അവരുടെ പ്രകടന രേഖയും തിരുവനന്തപുരത്തെ റീജിയണല്‍ ഓഫിസിലേക്ക് അയക്കുകയും സൂക്ഷ്മ പരിശോധനക്കുശേഷം ഡല്‍ഹിയിലേക്ക് പട്ടിക അയക്കുകയും ചെയ്തു.
എന്നാല്‍ വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കേരളത്തിലെ സായ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതാണ് സംസ്ഥാനത്ത് പട്ടികയില്‍ ഇടംപിടിച്ച വിദ്യാര്‍ഥികളെ നിരാശപ്പെടുത്തുന്നത്.
സാധാരണ തിരുവനന്തപുരത്ത് നിന്നാണ് കേരളത്തിലെ സായ് കേന്ദ്രത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ സെലക്ഷന്‍ പട്ടിക പ്രസിദ്ധീകരിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ഇത് ഡല്‍ഹിയില്‍നിന്നും പ്രസിദ്ധീകരിക്കുന്നതെന്ന് സായ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഏപ്രില്‍ അവസാന വാരത്തോടെയോ മെയ് ആദ്യവാരത്തിലോ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ പതിവിന് വിപരീതമായി കാലതാമസം വന്നതുകൊണ്ടുതന്നെ ഡല്‍ഹിയിലെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ പ്രവേശന നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതായാണ് അവിടെനിന്നും വന്ന സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്- അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. ഇതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും വീണ്ടും ആശങ്കയിലായിരിക്കുകയാണ്.
കൂടാതെ ഖേലോ ഇന്ത്യ സ്‌കീമിന് കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട അത്‌ലറ്റുകള്‍ക്ക് പ്രവേശനം നല്‍കുമെന്നും, ഈ പദ്ധതിയില്‍ ചേരാന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും, ഖേലോ ഇന്ത്യ സ്‌കീമിന് കീഴില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ ഖേലോ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സായ് പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതെന്നാണ് കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആരോപണം.
എന്നാല്‍ സായ് നിര്‍ദേശ പ്രകാരം ഇത്തവണ സെലക്ഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ആശങ്ക അകറ്റണമെന്നും, ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നുമാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. ഇക്കാര്യം ഉന്നയിച്ച് ഇവര്‍ പ്രധാനമന്ത്രിക്കും.
കേന്ദ്ര കായിക മന്ത്രിക്കും നിവേദനം നല്‍കാനൊരുങ്ങുകയാണ്. ഇക്കാര്യത്തില്‍ ഇടപെടുമെന്ന് എം. കെ രാഘവന്‍ എം. പി കുട്ടികളെയും രക്ഷിതാക്കളെയും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."