സ്തുതിപാടി ഫ്‌ളക്‌സ്: വിവാദമായപ്പോള്‍ എടുത്തുമാറ്റി, ജയരാജന്‍ ഉറച്ചു തന്നെ: പടലപ്പിണക്കം വടകരയിലെ തോല്‍വിക്ക് കാരണമായതായും വിലയിരുത്തല്‍
കണ്ണൂര്‍: കണ്ണൂരില്‍ പി.ജയരാജനെ പ്രകീര്‍ത്തിച്ച് പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. വിവാദമായതിനെത്തുടര്‍ന്ന് ബോര്‍ഡ് എടുത്തുമാറ്റി. കണ്ണൂരിലെ സി.പിഎമ്മിലെ പോര് കൂടുതല്‍ മറനീക്കി പുറത്തുവരുന്ന കാഴ്ചയാണ് വ്യക്തമാകുന്നത്. കണ്ണൂര്‍ തളിപ്പറമ്പിലെ മാന്ധംകുണ്ടിലാണ് ബോര്‍ഡ് വച്ചത്.
റെഡ് ആര്‍മി എന്ന പേരില്‍ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ''ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍.. വാക്കുകൊണ്ടോ കവിത കൊണ്ട് പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍ സഖാവി പി ജെ.'' എന്നാണ് ഫ്െളക്‌സ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.
യുവത്വമാണ് നാട്ടിന്റെ സ്വപ്നവും പ്രതീക്ഷയും... നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹികവിരുദ്ധര്‍ തഴച്ചു വളരും. എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം. എന്നും ഫ്െളക്‌സ് ബോര്‍ഡില്‍ പറയുന്നുണ്ട്.
ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് മാറുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തതോടെ പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട അവസ്ഥയുണ്ട്. നേതാക്കള്‍ക്കിടയിലെ പടലപ്പിണക്കവും ജയരാജന്റെ തോല്‍വിക്ക് കാരണമായതായും സംശയിക്കപ്പെടുന്നുണ്ട്. ഇതും ജയരാജന്റെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജില്ലാ കമ്മിറ്റി ഇന്ന് ചേരാനിരിക്കെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായതിനുപിന്നാലെ എടുത്തുമാറ്റിയതും എന്നതും ശ്രദ്ധേയമാണ്. ജയരാജനെ കുറിച്ച് മുഖ്യമന്ത്രിയും, പാര്‍ട്ടി സംസ്ഥാന സമിതിയിലും ഉയര്‍ന്ന പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജയരാജനൊപ്പം പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉണ്ടെന്നു കാണിക്കുക മാത്രമായിരുന്നു ഫ്‌ളക്‌സിലൂടെ ഉദ്ദേശിച്ചതെന്നു വ്യക്തം. അദ്ദേഹത്തിനെതിരേ പാര്‍ട്ടിക്ക് നടപടിയെടുക്കാനാവില്ലെന്ന താക്കീതും ഇതിലൂടെ നല്‍കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."