'ജയ്ശ്രീരാം' വിളിക്കണോ ദേശസ്‌നേഹം തെളിയിക്കാന്‍
ജാര്‍ഖണ്ഡില്‍ കഴിഞ്ഞദിവസം മതഭ്രാന്തന്മാര്‍ തല്ലിക്കൊന്ന തബ്രിസ് അന്‍സാരിയെന്ന ചെറുപ്പക്കാരനോട് അക്രമിസംഘം ആവശ്യപ്പെട്ടത് 'ജയ് ശ്രീരാ'മെന്നും 'ജയ് ഹനുമാനെ'ന്നും വിളിക്കാനായിരുന്നു. കുറ്റിയില്‍ കെട്ടിയിട്ടു തുടര്‍ച്ചയായി ഭേദ്യം ചെയ്യപ്പെട്ട ആ യുവാവ് ബോധം മറയുന്നതിനിടയില്‍ ഗത്യന്തരമില്ലാതെ ആ വാക്കുകള്‍ ഉരുവിടുകയും ചെയ്തു. പക്ഷേ, അതിനിടയില്‍ ആ ശരീരത്തില്‍ നിന്നു ജീവന്‍ വേറിട്ടു കഴിഞ്ഞിരുന്നു.
ആ സംഭവം ഇന്ത്യയിലെ, ലോകത്തിലെ തന്നെ, മനഃസാക്ഷിയുള്ളവരെ ഞെട്ടിച്ചു രണ്ടു ദിവസം പിന്നിടുമ്പോഴേയ്ക്കും പശ്ചിമബംഗാളില്‍ അതേ രീതിയിലൊരു വാര്‍ത്ത കേള്‍ക്കേണ്ടിവന്നു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ചൂനകാലി സ്വദേശിയായ ഹാഫിസ് മുഹമ്മദ് ഷാറൂഖ് എന്ന മദ്‌റസ അധ്യാപകനെ ഒരു കൂട്ടം അക്രമികള്‍ ട്രെയിനില്‍വച്ചു ക്രൂരമായി മര്‍ദിച്ചു.
അവരുടെ ആവശ്യവും 'ജയ് ശ്രീരാം' വിളിക്കണമെന്നായിരുന്നു. തന്റെ വിശ്വാസത്തില്‍ നിന്നു വ്യതിചലിച്ച് അങ്ങനെ ജയ് വിളിക്കാന്‍ ഹാഫിസ് മുഹമ്മദ് തയ്യാറായില്ല. അതിന്റെ പേരില്‍ മര്‍ദനം ആവര്‍ത്തിക്കുകയും ഒടുവ ില്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നു പുറത്തേയ്‌ക്കെറിയുകയും ചെയ്തു അക്രമികള്‍. ഭാഗ്യം, അദ്ദേഹത്തിനു ജീവന്‍ നഷ്ടപ്പെട്ടില്ല.
ഈ പശ്ചാത്തലത്തില്‍ വേണം, 'ന്യൂനപക്ഷത്തിനു നരേന്ദ്രമോദി സര്‍ക്കാരിനോടുള്ള തെറ്റിദ്ധാരണ മാറ്റുകയാണ് ഇനി തന്റെ ദൗത്യ'മെന്ന പ്രഖ്യാപനവുമായി ബി.ജെ.പി അംഗത്വമെടുത്ത മുന്‍ എം.പിയും മുന്‍ എം.എല്‍.എയുമായ എ.പി അബ്ദുല്ലക്കുട്ടിയുടെ രംഗപ്രവേശത്തെ വിശകലനം ചെയ്യേണ്ടത്.
ബി.ജെ.പിയില്‍ അംഗത്വമെടുത്തശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ അബ്ദുല്ലക്കുട്ടി രണ്ടു കാര്യങ്ങളാണു പ്രധാനമായും പറഞ്ഞത്. 'ഇനി മുതല്‍ എന്നെ ദേശീയമുസ്‌ലിം എന്നു വിളിക്കണം' എന്ന നിര്‍ദേശമാണ് ഒന്ന്. ബി.ജെ.പിയെക്കുറിച്ചും സംഘ്പരിവാറിനെക്കുറിച്ചും ന്യൂനപക്ഷങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ മാറ്റുകയെന്ന ദൗത്യമാണു താന്‍ ഇനി ഏറ്റെടുക്കാന്‍ പോകുന്നതെന്നതാണു രണ്ടാമത്തെ കാര്യം.
'ഇനി മുതല്‍ ഞാന്‍ ദേശീയമുസ്‌ലിമായിരിക്കു'മെന്ന പ്രഖ്യാപനത്തിലൂടെ എന്താണ് അബ്ദുല്ലക്കുട്ടി വ്യക്തമാക്കുന്നത്. ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നവര്‍ മാത്രമാണു ദേശീയമുസ്‌ലിംകളെന്നാണോ, അതോ താന്‍ ഇതുവരെയും ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കാത്ത, പാകിസ്താന്‍ പക്ഷപാതിയായ മുസ്‌ലിമായിരുന്നുവെന്നാണോ. ഈ രണ്ടു രീതിയിലും അബ്ദുല്ലക്കുട്ടിയുടെ വാചകത്തെ വ്യാഖ്യാനിക്കാമല്ലോ. ബി.ജെ.പിയില്‍ ചേര്‍ന്ന അബ്ദുല്ലക്കുട്ടി തന്റെ ദേശസ്‌നേഹം തെളിയിക്കാനായി നാളെ ജയ്ശ്രീരാം, ജയ് ഹനുമാന്‍ എന്ന് ഉറക്കെ വിളിക്കുമോയെന്നറിയില്ല.
മാധ്യമങ്ങള്‍ക്കു മുന്നില്‍, തന്റെ രാഷ്ട്രീയനിറം മാറ്റം ന്യായീകരിച്ചുകൊണ്ട് അനുസ്യൂതം സംസാരിച്ചുകൊണ്ടിരുന്ന അബ്ദുല്ലക്കുട്ടി അറിയാതെയെങ്കിലും ഒരു കാര്യം പറഞ്ഞു. ഈമാനുള്ള മുസ്‌ലിംകള്‍ സ്വന്തം ദേശത്തോട് കൂറുള്ളവരായിരിക്കുമെന്ന്.
അതാണു സത്യം, ശരിയായ മുസ്‌ലിമിന്, ശരിയായ ഏതൊരു മതവിശ്വാസിക്കും ദേശസ്‌നേഹം ഏതെങ്കിലും മുദ്രാവാക്യം വിളിച്ചു തെളിയിക്കേണ്ട കാര്യമല്ല, ദേശഭക്തിഗാനം ആലപിച്ചു സ്ഥാപിക്കേണ്ടതുമല്ല. അതവരുടെ മനസ്സിന്റെ അടിത്തട്ടിലുണ്ട്. അതു വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്.
ദേശസ്‌നേഹമെന്നതിനര്‍ഥം സ്വരാജ്യത്തെ ദൈവമായോ ദൈവതുല്യമായോ അംഗീകരിക്കലാണെന്നല്ല. പിറന്നുവീണ മണ്ണിനോട് ഏതൊരാള്‍ക്കും തോന്നിപ്പോകുന്ന വൈകാരിക അടുപ്പമാണ്. അവന്റെ ജീവിതവും പാരമ്പര്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതിനാലാണത്. ആ ബന്ധം സ്വാഭാവികമായും എല്ലാ ഇന്ത്യക്കാര്‍ക്കുമുണ്ടാകും, ആരുടെയും സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ.
രാജ്യസ്‌നേഹം തെളിയിക്കാന്‍ ആ രാജ്യത്തുള്ളവരെല്ലാം രാജ്യത്തെ ദൈവമായോ മാതാവായോ പിതാവായോ വന്ദിക്കണമെന്നു ശഠിക്കുന്നതു ജനാധിപത്യ, മതേതരത്വ വിരുദ്ധതയാണ്. രാജ്യത്തെ ദൈവമായും മാതാവായും പിതാവായും വന്ദിക്കണമെന്നുള്ളവര്‍ക്ക് അങ്ങനെയാകാം. അതവര്‍ അങ്ങനെ ചിന്തിക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമുണ്ടെന്നു സമ്മതിച്ചു കൊടുക്കേണ്ടതുണ്ട്. ഇവിടെ അത് അംഗീകരിക്കാന്‍ ഒരു വിഭാഗം മതഭ്രാന്തന്മാര്‍ തയ്യാറല്ല എന്നതാണു പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം.
ഇസ്‌ലാം ഏകദൈവത്തില്‍ വിശ്വസിക്കുന്ന മതമാണ്. അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നു വിശ്വസിക്കുന്നവരാണു മുസ്‌ലിംകള്‍. പ്രവാചകന്‍ മുസ്‌ലിംകള്‍ക്ക് അങ്ങേയറ്റം ആദരണീയനാണെങ്കിലും ആരാധ്യനല്ല. കാരണം, ദൈവത്തെയല്ലാതെ മറ്റൊന്നിനെയും വണങ്ങാന്‍ പാടില്ലെന്നതാണ് ആ മതത്തിന്റെ അടിസ്ഥാനപ്രമാണം.
അങ്ങനെയൊരു വിശ്വാസത്തില്‍ അധിഷ്ഠിതമായ ജനതയോട് 'വന്ദേ മാതരം' പാടാന്‍ നിര്‍ബന്ധിക്കുന്നതു മനുഷ്യാവകാശ ലംഘനമാണ്. 'വന്ദേമാതരം' ആലപിക്കാത്തവരെല്ലാം രാജ്യദ്രോഹികളാണെന്നും പാകിസ്താനില്‍ പോകേണ്ടവരാണെന്നും ജല്‍പ്പനം നടത്തുന്നതു തികഞ്ഞ മതഭ്രാന്താണ്. അതാണ് ഇന്ത്യയിലെ ഹിന്ദുത്വഭ്രാന്തു ബാധിച്ചവര്‍ കുറേക്കാലമായി ചെയ്തുകൊണ്ടിരിക്കുന്നത്.
അടുത്തകാലത്തായി ഒരു പടി കൂടി അവര്‍ കടന്നിരിക്കുന്നു. 'വന്ദേമാതര'ത്തേക്കാള്‍ മൂര്‍ച്ഛയുള്ള 'ജയ് ശ്രീരാം', 'ജയ് ഹനുമാന്‍' എന്നീ മുദ്രാവാക്യ ആയുധങ്ങളാണ് അവര്‍ ഇപ്പോള്‍ പ്രയോഗിക്കുന്നത്. ജാര്‍ഖണ്ഡിലെ തബ്‌രിസ് അന്‍സാരിയെ തല്ലിക്കൊന്നുകൊണ്ടിരിക്കുമ്പോള്‍ അവര്‍ അട്ടഹസിച്ച് ആവശ്യപ്പെട്ടത് ഈ മുദ്രാവാക്യങ്ങള്‍ മുഴക്കാനായിരുന്നു. ബംഗാളിലെ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഹാഫിസ് മുഹമ്മദ് ഷാറൂഖിനെ ക്രൂരമായി മര്‍ദിച്ചു ട്രെയിനില്‍ നിന്നു പുറത്തേയ്‌ക്കെറിഞ്ഞത് ഈ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കാത്തതിന്റെ പേരിലായിരുന്നു.
ഇന്ത്യയിലുള്ളവരെല്ലാം ഹിന്ദുക്കളാണെന്നും അതിനാല്‍ ഇവിടത്തെ സംസ്‌കാരം അംഗീകരിക്കാനും പാലിക്കാനും എല്ലാവരും ബാധ്യസ്ഥരാണെന്നുമുള്ള വാദമാണ് ഹിന്ദുത്വഭ്രാന്തന്മാര്‍ ഉന്നയിക്കുന്നത്. ബ്രിട്ടീഷുകാര്‍ കാനേഷുമാരിയുടെ ഭാഗമായി മതപ്പട്ടികയില്‍പ്പെടുത്തുംവരെ ഇന്ത്യയില്‍ ഹിന്ദുമതമെന്ന ഒന്നുണ്ടായിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഒരിക്കലും പൊരുത്തമില്ലാത്ത, തികച്ചും വ്യത്യസ്തമായ അസ്തിത്വമുള്ള വിവിധ വിശ്വാസധാരകള്‍ പരസ്പരം പരിക്കേല്‍പ്പിക്കാതെ, അതേസമയം സ്വന്തം ആശയങ്ങള്‍ പ്രചരിപ്പിച്ചു കഴിഞ്ഞുവന്ന നാടാണിത്.
അതില്‍ ഒന്നു മാത്രമായിരുന്നു വര്‍ണാശ്രമധര്‍മത്തില്‍ അധിഷ്ഠിതമായ വൈദികമതം. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നീ വിഭാഗങ്ങളൊഴികെ മറ്റാരെയും അവര്‍ ആ മതത്തിന്റെ ഭാഗമാക്കിയിരുന്നില്ല. ഇതിലൊന്നും പെടാത്ത നൂറുകണക്കിനു വിശ്വാസധാരകള്‍ ഇവിടെയുണ്ടായിരുന്നു. ബുദ്ധമതത്തിന്റെ ഉദയകാലത്ത് 63 ശ്രമണസംഘങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പില്‍ക്കാലത്തു ജൂതമതവും ക്രിസ്തുമതവും ഇസ്‌ലാമും മറ്റുമെത്തി.
നൂറുകണക്കിനു രാജ്യങ്ങള്‍ ഈ ഉപഭൂഖണ്ഡത്തിലുണ്ടായിരുന്നെങ്കിലും അതിലെല്ലാമുള്ളവര്‍ ഭാരതീയതയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. ആരും ആരോടും ദേശഭക്തി തെളിയിക്കാന്‍ ആവശ്യപ്പെട്ടില്ല. ബാബിലോണില്‍ നിന്ന് ഇന്ത്യയിലെത്തിയ, ഇന്നത്തെ ഹിന്ദുമതത്തിന്റെ തലതൊട്ടപ്പന്മാരായ ആര്യന്മാരോടുപോലും ദേശസ്‌നേഹം തെളിയിക്കാന്‍ എന്തെങ്കിലും മുദ്രാവാക്യം വിളിക്കണമെന്ന് അക്കാലത്ത് ആരും ആവശ്യപ്പെട്ടിരുന്നില്ല.
അത്തരമൊരു മഹനീയ സംസ്‌കാരം നിലനിന്ന നാട്ടിലാണ് ഇപ്പോള്‍ രാജ്യസ്‌നേഹം തെളിയിക്കാന്‍ വന്ദേമാതരം ആലപിക്കാനും 'ജയ്ശ്രീരാം' എന്നും 'ജയ്ഹനുമാന്‍' എന്നും വിളിക്കാനും മതഭ്രാന്തന്മാര്‍ ആക്രോശിക്കുന്നത്, അതു ചെയ്യാത്തവരെ തല്ലിക്കൊല്ലുന്നത്.
അങ്ങനെ ആക്രോശിക്കുന്നവരോടു കൂട്ടുചേര്‍ന്നാണ് എ.പി അബ്ദുല്ലക്കുട്ടിയെപ്പോലൊരാള്‍ 'ഞാനിപ്പോള്‍ ദേശീയമുസ്‌ലിമായി' എന്ന് അഭിമാനിക്കുന്നത്.
എ.പി അബ്ദുല്ലക്കുട്ടിയോടും അദ്ദേഹത്തിന്റെ പുതിയ യജമാനന്മാരോടും ഒരു ചോദ്യമേ ചോദിക്കാനുള്ളൂ.
'ജയ്ശ്രീരാം' വിളിക്കാത്തവരെല്ലാം ദേശവിരുദ്ധരാണോ.
എങ്കില്‍, ഈ കുറിപ്പെഴുതുന്നയാളും ദേശവിരുദ്ധനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."