കേരള കോണ്‍ഗ്രസ് (എം) ഇനി ജോസ് കെ. മാണി വിഭാഗം, രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം
കൊച്ചി: രണ്ടില ചിഹ്നവും, കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസ് കെ. മാണി വിഭാഗത്തിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കമ്മിഷന്റെ ഉത്തരവിനെതിരെ പി.ജെ ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് എന്‍. നഗരേഷ് തള്ളി.
കേരള കോണ്‍ഗ്രസില്‍ (എം) എതിര്‍ചേരികളുണ്ടെന്ന കമ്മിഷന്റെ കണ്ടെത്തലില്‍ അപാകതയില്ലെന്നു കോടതി വ്യക്തമാക്കി. പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ വ്യത്യസ്ത തീരുമാനമെടുത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാണ് ഈ നിഗമനത്തിന് ആധാരം.
450 അംഗ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പരിശോധിക്കാതെ, ഇരുകൂട്ടരും നല്‍കിയ പട്ടികയില്‍ പൊതുവായുള്ള 305 അംഗങ്ങളില്‍നിന്നു ഭൂരിപക്ഷ പരിശോധന നടത്തിയ കമ്മിഷന്റെ നടപടി ശരിയല്ലെന്നു ജോസഫ് വിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇരുകൂട്ടരും ഹാജരാക്കിയ പട്ടിക വിശ്വസനീയമല്ലാത്തതിനാല്‍ രണ്ടിലും പൊതുവായുള്ളവരെ പരിഗണിച്ചതില്‍ തെറ്റില്ല. പട്ടികയില്‍ ക്രമക്കേടിനു സാധ്യതയുണ്ടെന്നു കമ്മിഷന്റെ ലോ ഡയറക്ടര്‍ പറഞ്ഞിരുന്നു. സംസ്ഥാനസമിതി അംഗങ്ങളുടെ പട്ടിക അന്തിമമാക്കേണ്ട അധികാരി ആരെന്നു പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി വിധിയോടെ ജോസ് കെ. മാണി വിഭാഗത്തിനു തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളായി രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. രണ്ടില ചിഹ്നം 17 നു മരവിപ്പിച്ച് ജോസ് വിഭാഗത്തിനു ടേബിള്‍ ഫാനും ജോസഫ് വിഭാഗത്തിനു ചെണ്ടയും അനുവദിക്കുകയും ചെയ്തിരുന്നു. ചിഹ്നത്തിന്റെ അന്തിമ തീരുമാനം ഹൈക്കോടതി വിധിക്കനുസരിച്ചായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."