പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകന് പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തനിരയായ സംഭവത്തില്‍ കാമുകനായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പിടിയില്‍. പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ച കടയ്ക്കല്‍ പാങ്ങോട് സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പിടിയിലായ ആണ്‍കുട്ടി ദീര്‍ഘനാളായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ആണ്‍കുട്ടിയുടെ വീട്ടിലെത്തി വീട്ടുകാരുമായി സംസാരിച്ച് ധാരണയിലായ ശേഷം ഇരുവരേയും വീട്ടില്‍ വച്ചുതന്നെ ലളിതമായ ചടങ്ങില്‍ അതീവ രഹസ്യമായി വിവാഹം കഴിപ്പിക്കുകയും ചെയ്തു. അടുത്ത ബന്ധുക്കളും അയല്‍വാസികളും മാത്രമാണ് വിവാഹത്തില്‍ പങ്കാളികളായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകത്ത കാമുകനൊപ്പമാക്കി വീട്ടുകാര്‍ മടങ്ങുകയും ചെയ്തു.
സംഭവം കോളനിയിലെ അയല്‍വീട്ടുകാര്‍ അറിയുകയും സാമൂഹിക സുരക്ഷാ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിയുന്നത്. വിവരം പൊലിസിനു കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകനായ ആണ്‍കുട്ടിയെ പൊലിസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് പൊലിസ് വൈദ്യപരിശോധന നടത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ച കേസില്‍ വീട്ടുകാരും അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."