പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയില്ല: മന്ത്രി എ.കെ ബാലന്‍
പാലക്കാട്: പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. കേന്ദ്രസര്‍ക്കാര്‍ തള്ളിയ ബില്‍ വീണ്ടും കേരളനിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയില്ല. ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കുകയാണ് വേണ്ടത്. ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. പ്ലാച്ചിമട സമരക്കാര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് നിയമസാധ്യത ഉണ്ടോയെന്ന് പരിശോധിക്കും. അതിനു സമരക്കാരുടെ ഭാഗത്ത് നിയമവിദഗ്ധര്‍ ഉണ്ടെങ്കില്‍ അവരുമായി ചര്‍ച്ച നടത്താന്‍ തയാറാണ്. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റേയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വീടുകളിലേക്കാണ് സമരക്കാര്‍ മാര്‍ച്ച് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കൊക്കാക്കോള കമ്പനിയുടെ പ്രവര്‍ത്തനത്തിനാല്‍ പ്ലാച്ചിമടയിലെ ജനങ്ങള്‍ക്കുണ്ടായ നഷ്ടം സംബന്ധിച്ച് കെ. ജയകുമാര്‍ അധ്യക്ഷനായ കമ്മിറ്റി പഠനം നടത്തി നഷ്ടപരിഹാരം നല്‍കാന്‍ ഒരു ട്രൈബ്യൂണല്‍ബില്‍ രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്. അന്ന് നിയമസഭയില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരും അംഗീകരിക്കുകയും ചെയ്തു. പിന്നീട് ഈ ബില്‍ രാഷ്ട്രപതിക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഈ മന്ത്രിസഭാകാലത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തി ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലും വാര്‍ത്താസമ്മേളനത്തിലും അറിയിച്ചിരുന്നു.
അതേസമയം നിയമമന്ത്രി ബാലനാണ് ബില്‍ അവതരിപ്പിക്കുന്നതിന് തടസമെന്ന് ആരോപിച്ച് പാലക്കാടുള്ള വസതിയിലേക്ക് മേയ് 28ന് സമരസമിതി മാര്‍ച്ച് നടത്തും. ഇന്നലെ മന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ പ്ലാച്ചിമട ഐക്യദാര്‍ഢ്യ സമര സമിതി പ്രവര്‍ത്തകരെ ചര്‍ച്ചക്ക് വിളിച്ച് മാര്‍ച്ച് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സമരസമിതി ഇക്കാര്യം തള്ളുകയും വരുംദിവസങ്ങളില്‍ സമരം ശക്തിപ്പെടുത്തി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."