തിരുവത്ര മഹല്ലിലെ അനൈക്യം: സാദിഖലി നിരാഹാരം അവസാനിപ്പിച്ചു
ചാവക്കാട്: തിരുവത്ര മഹല്ലിലെ പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുമെന്ന പൊലിസിന്റെ ഉറപ്പില്‍ അഞ്ചുദിവസമായി പ്രവാസി യുവാവ് നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു.
തിരുവത്ര ജുമാഅത്ത് കമ്മിറ്റി ഭരണത്തില്‍ വര്‍ഷങ്ങളായി തുടരുന്ന അനൈക്യത്തിനെതിരേ തിരുവത്ര സ്വദേശി പടിഞ്ഞാറേ പുരക്കല്‍ സാദിഖലിയാണ് നിരാഹാര സമരം നടത്തിയത്.
ചാവക്കാട് എസ്.ഐ കെ.ജി ജയപ്രദീപിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. 97 വയസുകാരനായ പിതാവ് അബ്ദുട്ടി സമരപ്പന്തലിലെത്തിനല്‍കിയ വെള്ളം കുടിച്ചാണ് സാദിഖലി സമരം അവസാനിപ്പിച്ചത്. താലൂക്ക് ആശുപത്രിയില്‍ നിന്നെത്തിയ ഡോക്ടര്‍ സാദലിയുടെ ആരോഗ്യ സ്ഥിതി അപകടത്തിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാവക്കാട് എസ്.ഐ കെ.ജി. ജയപ്രദീപ് സാദലിയുമായി ചര്‍ച്ച നടത്തി സമരം അവസാനിപ്പിച്ചത്.
ഇതനുസരിച്ച് തിരുവത്ര മഹല്ലിലെ ഇരു വിഭാഗം കമ്മിറ്റി നേതാക്കള്‍ സാദിഖലി പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാനെത്തിയ മുസ്‌ലിം സര്‍വിസ് സൊസൈറ്റി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തും.
അടുത്ത ദിവസം തന്നെ ചാവക്കാട് പൊലിസ് സ്റ്റേഷനില്‍ വിളിച്ച് കൂട്ടുന്ന യോഗത്തില്‍ നിലവിലെ കോടതി വിധികള്‍ക്ക് പ്രതികൂലമല്ലാത്ത വിധത്തില്‍ തീരുമാനമെടുക്കാമെന്നാണ് എസ്.ഐ ഉറപ്പ് നല്‍കി.
ഇതോടെയാണ് സാദിഖലി സമരം അവസാനിപ്പിച്ചത്. പൊലിസ് നല്‍കിയ ഉറപ്പ് പോലെ മൂന്നു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ഇനി നിരാഹാരമിരിക്കുന്നത് കുടുംബ സമേതം ആയിരിക്കുമെന്ന് സാദിഖലി പറഞ്ഞു. അതേസമയം, സാദിഖലിയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാസര്‍ ഫൈസി തിരുവത്ര, ബഷീര്‍ ഫൈസി ദേശമംഗലം, ഹുസൈന്‍ ദാരിമി അകലാട്, ഷഫീഖ് ഫൈസി കായംകുളം, എം.എസ്.എസ് താലൂക്ക് സെക്രട്ടറി നൌഷാദ് തെക്കുംപുറം, കെ.കെ ഹംസക്കുട്ടി, ഹംസ ഹാജി അകലാട്, ഇ.എം. മുഹമ്മദലി, കെ.വി. ഷാനവാസ്, മനയത്ത് യുസഫ് ഹാജി, കെവി. അഷറഫ് ഹാജി കിറാമം കുന്ന്, പി.കെ. സെയ്താലിക്കുട്ടി, ഹനീഫ് ചാവക്കാട്, നജീബ് സഫര്‍, തുടങ്ങിയവര്‍ സാദിഖലിയെ സന്ദര്‍ശിച്ചു. സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാവിലെ മഹല്ല് നിവാസികളുടെ കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."