കാടിന്റെ മക്കളോട് ആന വണ്ടിയുടെ ക്രൂരത
കാട്ടാക്കട: കാട് താണ്ടി സാധാരണ ആദിവാസി കുട്ടികള്‍ പഠിക്കാന്‍ എത്താറില്ല. എന്നാല്‍ എത്തുന്നവര്‍ക്കോ അവസരം നിഷേധിച്ച് ആനവണ്ടി. അഗസ്ത്യ വനത്തിലെ ആദിവാസി വിദ്യാര്‍ഥികളുടെ പഠനം തടസപ്പെടുത്തി കെ.എസ്.ആര്‍.ടി.സിയുടെ ക്രൂരത.
27 ഓളം സെറ്റില്‍മെന്റ് പ്രദേശത്തെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് പുറം നാട്ടിലെത്താനുള്ള രാവിലെ 7 മണിയുടെ ബസ് സര്‍വിസാണ് കെ.എസ്.ആര്‍.ടി.സി റദ്ദ് ചെയ്തത്.
കാട്ടാക്കട ഡിപ്പോയില്‍ നിന്നും എത്തി കൈതോട് വഴി കുറ്റിച്ചലില്‍ എത്തുന്ന ബസ് ഇല്ലാതായതോടെ പുറം നാട്ടില്‍ജോലിക്ക് പോകുന്ന ആദിവാസികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം വിദ്യാര്‍ഥികളും ബുദ്ധിമുട്ടിലായിട്ടുണ്ട്. വാലിപ്പാറ, മാങ്കോട്, മുളമൂട്, അരിയാവിള, ചോനംപാറ, കൈതോട് സെറ്റില്‍മെന്റ് ഭാഗം വഴിയാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസുള്ളത്.
ഈ മേഖലയിലുള്ളവര്‍ മാത്രമല്ല ബസിനെ ആശ്രയിക്കുന്നത്. മറ്റ് ഉള്‍സെറ്റില്‍മെന്റുകളില്‍ നിന്നും നിരവധി കുട്ടികള്‍ പുറം നാട്ടില്‍ പഠിക്കാനായി എത്തുന്നുണ്ട്.
നെടുമങ്ങാട്, കാട്ടാക്കട കോളജുകളിലും, കുളത്തുമ്മല്‍, പി.ആര്‍ വില്യം, പരുത്തിപ്പള്ളി, ഉത്തരംകോട്, പൂവച്ചല്‍, ആര്യനാട് സ്‌കൂളുകളിലും നിരവധി ആദിവാസി കുട്ടികള്‍ പഠിക്കുന്നുണ്ട്.
കാപ്പുകാട് ആന പരിപാലന കേന്ദ്രത്തിലും മറ്റുമായി പണിക്ക് പോകുന്നവരുടെയും ആശ്രയം രാവിലെയുള്ള സര്‍വിസാണ്. ഇത് കഴിഞ്ഞാല്‍ രണ്ടാമത്തെ സര്‍വിസ് കോട്ടൂരില്‍ എത്തുമ്പോള്‍ ഒന്‍പതര മണിയാകും. ഇതില്‍ കോട്ടൂര്‍, ഉത്തരംകോടിലെ കുട്ടികളെയും മറ്റ് ആദിവാസി യാത്രക്കാരെയും കൊണ്ട് നിറയും.
കലക്ഷന്‍ കുറഞ്ഞാല്‍ പോലും വനത്തിലെ സര്‍വിസ് റദ്ദ് ചെയ്യരുതെന്ന് നേരത്തെ തന്നെ നിര്‍ദേശമുണ്ടായിരുന്നു.
രാവിലെയും രാത്രിയും ഉള്ള സര്‍വിസ് കട്ട് ചെയ്ത് ബസിനെ ആശ്രയിക്കുന്നആദിവാസികളെ ബുദ്ധിമുട്ടിക്കുന്ന കാട്ടാക്കട കെ.എസ്.ആര്‍.ടി.സി അധികൃതര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് വിവിധ ആദിവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."