കോണ്‍ഗ്രസിനോട് മൃദുസമീപനം തുടരാന്‍ തൃണമൂല്‍ നേതാക്കള്‍ക്ക് മമതയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ചേര്‍ന്നു പാര്‍ട്ടിക്കെതിരേ സഖ്യംരൂപീകരിച്ചു മല്‍സരിച്ചെങ്കിലും കോണ്‍ഗ്രസിനോട് മൃദുസമീപനം തുടരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശം. കഴിഞ്ഞദിവസം കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടിയുടെ സുപ്രധാനയോഗത്തിലാണ് മമത ഈ നിര്‍ദേശം നല്‍കിയത്.
പാര്‍ട്ടി എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അടുത്തിടെ മമതാ ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രവര്‍ത്തകര്‍ക്കുള്ള മമതയുടെ നിര്‍ദേശം.
ബംഗാളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ്. അവരൊരിക്കലും പാര്‍ട്ടിക്കു ഭീഷണിയാവില്ല. പാര്‍ട്ടിയുടെ പ്രധാന ശത്രുക്കള്‍ ബി.ജെ.പിയും സി.പി.എമ്മും ആണെന്നാണ് തൃണമൂലിന്റെ വിലയിരുത്തല്‍. അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു യോഗം. നേതൃയോഗത്തിനു ശേഷം നിയമസഭാ പ്രതിപക്ഷനേതാവായ കോണ്‍ഗ്രസിലെ അബ്ദുല്‍ മന്നാനുമായി മമത കൂടിക്കാഴ്ച നടത്തി. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായി ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള മതേതരചേരിയില്‍ തൃണമൂല്‍ പ്രമുഖ പങ്കുവഹിക്കുമെന്നതിന്റെ സൂചനയാണ് മമതയുടെ നിര്‍ദേശത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
യോഗത്തില്‍ മമത നടത്തിയ പ്രസംഗം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തൃണമൂലിന്റെ പുതിയ സമീപനത്തിന്റെ രാഷ്ട്രീയ സാഹചര്യം നിഷേധിക്കാന്‍ കോണ്‍ഗ്രസ് ബംഗാള്‍ ഘടകം അധ്യക്ഷന്‍ അധീര്‍ ചൗധരി തയാറായില്ല. മമത കഴിവുള്ള നേതാവാണെന്നു പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞത് വലിയ കാര്യമാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി. അംഗത്വവിതരണത്തിലൂടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം തങ്ങളോടു പറഞ്ഞിരിക്കുന്നത്. പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസിന് മമതയുടെ സഹായം ആവശ്യമില്ല- ചൗധരി കൂട്ടിച്ചേര്‍ത്തു. തൃണമൂലുമായി ഏതെങ്കിലും വിധത്തിലുള്ള നീക്കുപോക്കുകള്‍ നടത്തും മുമ്പ് ബംഗാള്‍ ഘടകവുമായി കൂടിയാലോചിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അധീര്‍ ചൗധരി കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."