കൊവിഡ് ചികിത്സാ ചെലവ് നിരവധി കുടുംബങ്ങളെ ദാരിദ്ര്യരേഖയ്ക്കു താഴെയാക്കും
ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്ത്രീകളെയെന്നും പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡുണ്ടാക്കിയ അപ്രതീക്ഷിത ചികിത്സാഭാരം നിരവധി കുടുംബങ്ങളെ ദാരിദ്ര്യരേഖയ്ക്കു താഴെയാക്കുമെന്ന് പാര്‍ലമെന്ററികാര്യ സമിതി. രാംഗോപാല്‍ യാദവ് അധ്യക്ഷനായ ആരോഗ്യം, കുടുംബക്ഷേമം സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
റിപ്പോര്‍ട്ട് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനു കൈമാറി. കൊവിഡ് മൂലം സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പികള്‍ അടച്ചുപൂട്ടിയത് കൊവിഡ് ബാധിക്കാത്ത കുടുംബങ്ങള്‍ക്കും അപ്രതീക്ഷിത ചികിത്സാ ചെലവുകളുടെ ഭാരമുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡും അനുബന്ധ ലോക്ക്ഡൗണും ചികിത്സാ ചെലവ്, രോഗനിരീക്ഷണം, ടെസ്റ്റിങ്, ജനങ്ങളുടെ മാനസികാരോഗ്യം എന്നിവയെയും ആരോഗ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്ത്രീകള്‍ എന്നിവരെയും എങ്ങനെയെല്ലാം ബാധിച്ചെന്നാണ് സമിതി പരിശോധിച്ചത്.
കേസുകള്‍ ഉയരുന്നതിനനുസരിച്ച് ആശുപത്രികളില്‍ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി. പലയിടത്തും ചികിത്സ തേടിയെത്തിയവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടേണ്ട സാഹചര്യമുണ്ടായി.
അതുകൊണ്ട് സര്‍ക്കാര്‍ പൊതുജനാരോഗ്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ശ്രമിക്കേണ്ട സമയമാണ്. ഒ.പികള്‍ അടച്ചു പൂട്ടിയത് പൊതുജനാരോഗ്യ സംവിധാനത്തെ ദുര്‍ബലമാക്കി. ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവന്നത് കുടുംബങ്ങള്‍ക്ക് വലിയ പ്രയാസമുണ്ടാക്കി.
കൊവിഡ് ബാധിച്ചതിനാല്‍ ചികിത്സ തേടേണ്ടിവന്നത് പല കുടുംബങ്ങള്‍ക്കും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി. സ്വകാര്യ ആശുപത്രികള്‍ വലിയ തുകയാണ് ചികിത്സയ്ക്ക് ഈടാക്കുന്നത്. പല കുടുംബങ്ങള്‍ക്കും സാധ്യമാകുന്നതിലും വലിയ തുകയാണത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്തണം.
ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്ത്രീകളെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തെയും അതു ബാധിച്ചു. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ അടച്ചിട്ടത് അവരെ കാര്യമായി ബാധിച്ചു.
ഗാര്‍ഹിക പീഡനങ്ങളും ഈ കാലയളവില്‍ വര്‍ധിച്ചു. സ്‌കൂളുകള്‍ അടച്ചിട്ടത് സാമൂഹികമായി താഴേക്കിടയിലുള്ള നിരവധി വിദ്യാര്‍ഥികളെ ബാധിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും സാധ്യമായതായിരുന്നില്ല. ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത ഗ്രാമീണ മേഖലകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗുണം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സാധാരണ രീതിയിലുള്ള സ്‌കൂള്‍ തുടങ്ങിയാലുടന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മതിയാകാത്തവരും സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകള്‍ പ്രത്യേക ക്ലാസുകള്‍ നടത്തണമെന്നും സമിതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."