കേരള സര്‍ക്കാര്‍ സഊദിയിലെ പൊതുമാപ്പ് അറിഞ്ഞ മട്ടില്ല: ഉമ്മന്‍ചാണ്ടി
ജിദ്ദ: സഊദി ഗവണ്‍മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് സംബന്ധിച്ച് യാതൊരു വിവരവും അറിയാത്ത മട്ടിലാണ് കേരള സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആദ്യമായി ജിദ്ദയിലെത്തിയ അദ്ദേഹം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
കഴിഞ്ഞതവണ പൊതുമാപ്പ് സമയത്ത് 250 ഓളം പേര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ടിക്കറ്റ് നല്‍കിയത്. ആവശ്യമായ സഹായത്തിന് നോര്‍ക്ക ഉദ്യോഗസ്ഥരെയും സഊദിദിയിലേക്ക് അയച്ചിരുന്നു. പല സംഘടനകളും സഹായവുമായി രംഗത്തെത്തി. എന്നാല്‍ ഇത്തവണ പൊതുമാപ്പ് ഉള്ള വിവരം പോലും സംസ്ഥാന ഗവണ്‍മെന്റ് അറിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിച്ചിരുന്നു. ഇത്തവണ അത്തരം പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്.
പൊതുമാപ്പില്‍ ഇന്ത്യക്കു വേണ്ടി മാത്രമായി പ്രത്യേക കൗണ്ടര്‍ ഒരുക്കിയ സഊദിയിലെ ഇന്ത്യക്കാര്‍ക്ക് ലഭിച്ച അംഗീകാരമാണ്. ലോകത്തെ ഒരു രാജ്യത്തിനും ലഭിക്കാത്ത പരിഗണനയാണ് ഇന്ത്യക്ക് നല്‍കുന്നത്. മതിയായ രേഖകളില്ലാത്തവര്‍ ഈ അവസരം ഉപയോഗിക്കണം.
കോഴിക്കോട് വിമാനത്താവളത്തിന്റെയും എയര്‍ കേരളയുടെയും കാര്യത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന് ദു:ഖമുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പിടിവാശി കൊണ്ടാണ് എയര്‍ കേരള നടക്കാതെ പോയത്. കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച ശ്രമങ്ങളുമായിട്ടാണ് യു.ഡി.എഫ് മുന്നോട്ടു പോയത്. എന്നാല്‍ ചില തീവ്രവാദ സംഘടനകള്‍ ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്ന പ്രശ്‌നം വഷളാക്കി. മതിയായ നഷ്ടപരിഹാരം തരാമെന്നും നഷ്ടപരിഹാരം കിട്ടിയ ശേഷം മാത്രം സ്ഥലം വിട്ടുകിട്ടിയാല്‍ മതിയെന്നും വീടു കൊടുക്കാമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഈ പാക്കേജ് അട്ടിമറിക്കപ്പെട്ടു.
പ്രതിപക്ഷത്താണെങ്കിലും കോഴിക്കോട് വിമാനത്താവള വികസനത്തിന് യു.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയായതോടെ ഇക്കാര്യത്തില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുണ്യഭൂമിയായ ജിദ്ദയില്‍ വരാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ഉമ്മന്‍ ചാണ്ടി കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തുടരാന്‍ സാധിക്കട്ടെ എന്നും ആശംസിച്ചു. മുന്‍ പ്രവാസി കാര്യമന്ത്രി കെ.സി ജോസഫ് എം.എല്‍.എക്കും സ്വീകരണം നല്‍കി. പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."