ഫാസിസത്തെ നേരിടാന്‍ ഇടതിന് മാത്രമേ സാധിക്കൂവെന്ന ധാരണ തിരുത്തണം: കാനം
അരീക്കോട്: രാജ്യത്ത് ഫാസിസത്തേയും വര്‍ഗീയതയെയും തടഞ്ഞു നിര്‍ത്താന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്നത് ചിലരുടെ തെറ്റിധാരണ മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രഥമ കേരള സര്‍ക്കാറിന്റെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അരീക്കോട് സി.പി.ഐ സംഘടിപ്പിച്ച റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ രാജ്യത്തുള്ള അവസ്ഥയെ യാഥാര്‍ത്ഥ്യ ബോധത്തോട് കൂടി വിലയിരുത്താന്‍ എല്ലാ ഇടതുകക്ഷികളും തയാറാകണമെന്നും മതേതര രാഷ്ട്രീയ പാര്‍ട്ടികളോട് ഒത്തൊരുമിച്ച് ഫാസിസത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ പോലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ഇടത് പ്രസ്ഥാനങ്ങള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ തയാറായില്ലെങ്കില്‍ മാത്രമെ ഇന്ത്യയില്‍ ഇടതുപക്ഷത്തിന് സാധ്യതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പി.ടി ബാലകൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.പി സുനീര്‍, സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലകത്ത്, ആര് ശശി, കെ.വി ജയപ്രകാശ്, പി.ടി ബാലകൃഷ്ണന്, പി ടി മൊയ്തീന് കുട്ടി, ബാബു രാജന്, സഫീര്‍ കിഴിശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."