എ.ബി.വി.പിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ഖാദര്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷം സൃഷ്ടിക്കുകയും പൊലിസിന് നേരെ കല്ലെറിയുകയും ചെയ്ത പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ക്കും ഒരു പൊലിസുകാരനും പരുക്കേറ്റു. ജലപീരങ്കി പ്രയോഗത്തിലും ലാത്തിയടിയിലും സൂരജ്, വിഷ്ണു, അജയ്കൃഷ്ണ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്.
ഉച്ചയ്ക്ക് 12 ഓടെ ആയുര്‍വേദ കോളജിന് സമീപത്ത് നിന്നാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയത്. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ആദ്യം നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി. തുടര്‍ന്ന് ഒരു സംഘം റോഡില്‍ ഇരുന്നപ്പോള്‍ മറ്റൊരുവിഭാഗം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് തള്ളിയിടാനായി ശ്രമിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ നീക്കത്തെ തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതില്‍ പ്രവര്‍ത്തകര്‍ പിന്മാറാതെ വന്നതിനാല്‍ രണ്ടു തവണ കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു.
ഇതിനിടയില്‍ സമരക്കാര്‍ മാധവറാവു പ്രതിമയ്ക്ക് സമീപത്തുനിന്ന് പൊലിസിനെ കല്ലെറിഞ്ഞു. ഇവരെ ലാത്തി വീശി ഓടിച്ചു. പിന്നെയും ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം സെക്രട്ടേറിയറ്റിന് മുന്നിലെ ഗതാഗതം തടസപ്പെട്ടു.
ഇന്ന് വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: മാര്‍ച്ചിനുനേരെയുണ്ടായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."