കിഫ്ബി കനിയുമോ? മോക്ഷം കാത്ത് പെരുമ്പളം പാലം
പൂച്ചാക്കല്‍: കേരള ഇന്‍ഫ്രാസ്ടെക്ചര്‍ ഫണ്ട് ഡവലപ്മെന്റ് ബോര്‍ഡിന്റെ (കിഫ്ബി) അനുമതി കാത്ത് പെരുമ്പളം പാലം.
പാലത്തിന് 99.08 കോടി രൂപ ചെലവ് നിശ്ചയിച്ചു പൊതുമരാമത്ത് വകുപ്പ് വിശദ പദ്ധതി രേഖ(ഡി.പി.ആര്) സമര്‍പ്പിച്ചു. ബൗസ്ട്രിങ് ആര്‍ച്ച് എന്ന മാതൃകയില്‍ പാലം നിര്‍മിക്കുന്നതിനാണ് തീരുമാനം. പാലത്തിന്റെ മധ്യത്തില്‍ 3ആര്‍ച്ചുകള്‍ വരുന്ന രീതിയാണിത്.പ്രദേശത്ത് ഡിസൈന്‍ പാലം വരുന്നത് ആദ്യവുമാണ്.കിഫ്ബിയുടെ പണച്ചെലവിലാണ് പാലം നിര്‍മിക്കുന്നത്. ഡി.പി.ആര് അടുത്തിടെ നടന്ന കിഫ്ബി യോഗം പരിശോധിച്ച ശേഷം സാങ്കേതികമായ ചില വ്യത്യാസങ്ങളും സംശയങ്ങളും ഉന്നയിച്ചു. അതിന് പൊതുമരാമത്ത് മറുപടി നല്‍കിയിരിക്കുകയാണ്. അന്തിമാനുമതി ലഭിക്കുന്നതോടെ സ്ഥലം ഏറ്റെടുക്കല്‍, സാങ്കേതികാനുമതി നേടല്‍ നടപടികള്‍ തുടങ്ങും. ശേഷം ടെന്ഡ്ര ചെയ്തു, പാലം നിര്‍മാണം തുടങ്ങും. വേമ്പനാട്ട് കായലില്‍ അരൂക്കുറ്റിയിലെ വടുതലജെട്ടി മുതല്‍ പെരുമ്പളം നോര്‍ത്ത് ജെട്ടിവരെയുള്ള 1140 മീറ്റര്‍ നീളത്തിലും ഇരു വശങ്ങളിലും ഒന്നര മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലുമാണ് പാലം വരുന്നത്. സ്ഥലം ഏറ്റെടുക്കലിനും റോഡ് നിര്‍മാണത്തിനുമായി 4.86കോടി രൂപ വകയിരുത്തിയിട്ടുണ്ട്.വടുതലയില്‍ 70 സെന്റും പെരുമ്പളത്ത് 184 സെന്റ് സ്ഥലവുമാണ് ഏറ്റെടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."