'ദുര്‍ബലനായ പ്രസിഡന്റ്'; ബൈഡനെതിരേ ചൈനയും
ബീജിങ്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ദുര്‍ബലനെന്ന് അധിക്ഷേപിച്ച് മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍. ബൈഡന്‍ ദുര്‍ബലനായ പ്രസിഡന്റാണെന്നും ചൈനയ്‌ക്കെതിരേ യുദ്ധകാഹളം മുഴക്കാന്‍ തയാറായേക്കുമെന്നുമാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
''ബൈഡന്‍ അധികാരത്തിലേറിയാല്‍ ചൈനയുമായുള്ള എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കുമെന്ന് കരുതുന്നത് മിഥ്യാധാരണയാണ്. ബൈഡന്റെ സ്ഥാനാരോഹണം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാക്കുകയേയുള്ളൂ. അമേരിക്കയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനരോഷമടക്കാന്‍ ബൈഡന്‍ പിന്നെ ചൈനയെയായിരിക്കും ലക്ഷ്യം വെക്കുക'' - അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ഇരുദ്രുവങ്ങളിലായിപ്പോയ അമേരിക്കന്‍ ജനതയെ ഒരുമിപ്പിക്കാന്‍ ബൈഡന്‍ ചൈനാ വിരുദ്ധ വികാരം ഉയര്‍ത്തുമെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ അടുത്ത ഉദ്യോഗസ്ഥന്‍ ആശങ്ക പ്രകടിപ്പിച്ചത്. നേരത്തെ ട്രംപ് ഭരണകാലത്ത് ചൈനയുമായുള്ള അമേരിക്കന്‍ ബന്ധം കൂടുതല്‍ പ്രതിസന്ധിയിലായിരുന്നു.
ലോകത്തെ പിടിച്ചുലച്ച കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. കൊറോണയെ ചൈനീസ് വൈറസ് എന്ന് ട്രംപ് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. കൊവിഡ് മരണനിരക്കുകള്‍ ചൈന കൃത്യമായി പുറത്തുവിടുന്നില്ലെന്നും മഹാമാരി വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട സമയത്ത് ലോകത്തിന് മുന്നിറിയിപ്പു നല്‍കാന്‍ ചൈന മനപൂര്‍വം അമാന്തം കാണിച്ചുവെന്നും ട്രംപ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."