സി.പി.എമ്മില്‍ വിഭാഗീയത വീണ്ടും; പൊറുതിമുട്ടി നേതൃത്വം
കൊച്ചി: ഉന്നതപദവി ലഭിച്ചിട്ടും വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പാര്‍ട്ടി പോരാട്ടം തുടരുന്നത് സി.പി.എമ്മില്‍ വീണ്ടും വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. വിവാദങ്ങളില്‍ പൊറുതിമുട്ടുന്ന പാര്‍ട്ടിക്ക് വിമതരുടെ നീക്കം കനത്ത തിരിച്ചടിയുമായി. പാര്‍ട്ടിക്കൊപ്പം നിന്ന് വിമതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആലപ്പുഴയില്‍ വിമതര്‍ നടത്തിയ നീക്കം ഔദ്യോഗികപക്ഷത്തിന് കനത്ത തിരിച്ചടിയാണ്.
പിണറായി പക്ഷക്കാരിയും കായംകുളം എം.എല്‍.എയുമായ പ്രതിഭാ ഹരിക്കെതിരേ നടപടിയെടുത്താണ് വിമതര്‍ നേതൃത്വത്തെ ഞെട്ടിച്ചത്. പാര്‍ട്ടി കമ്മിറ്റികളില്‍ പതിവായി മുങ്ങുന്നുവെന്ന് ആരോപിച്ചാണ് പ്രതിഭയ്‌ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ വി.എസ് അനുകൂല നിലപാടുളള ബ്രാഞ്ച്, ഏരിയ കമ്മിറ്റികളില്‍ പ്രതിഭാഹരിക്ക് കടന്നുചെല്ലാന്‍ കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കടുത്ത വി.എസ് അനുകൂലിയും കായംകുളം നിയമസഭാമണ്ഡലത്തിലെ സിറ്റിങ് എം.എല്‍.എയുമായിരുന്ന സി.കെ സദാശിവനെ വെട്ടിനിരത്തിയാണ് പ്രതിഭാഹരിയെ ഔദ്യോഗികപക്ഷം കായംകുളത്ത് സ്ഥാനാര്‍ഥിയാക്കിയത്.
ഇതോടെയാണ് ജില്ലയില്‍ വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിച്ചത്. പ്രതിഭയ്ക്കാകട്ടെ ഔദ്യോഗികപക്ഷത്തിന് ഒട്ടും സ്വാധീനമില്ലാത്ത കമ്മിറ്റിയില്‍ ശബ്ദമുയര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണുളളത്. ആലപ്പുഴയില്‍ ഔദ്യോഗികപക്ഷത്തിന്റെ തുറുപ്പുചീട്ടായ ജി.സുധാകരനുപോലും ഒന്നും ചെയ്യാന്‍കഴിയാത്തവിധം വിമതര്‍ ശക്തിപ്രാപിച്ചു കഴിഞ്ഞു. കടുത്ത വി.എസ് പക്ഷക്കാരായ സി.എസ്.സുജാത, സി.കെ.സദാശിവന്‍ കൂട്ടുകെട്ട് ഔദ്യോഗികപക്ഷത്തിന് ജില്ലയില്‍ കനത്ത വെല്ലുവിളിയുയര്‍ത്തുകയാണ്. സമീപ ജില്ലയായ കൊല്ലത്ത് കടുത്ത വി.എസ് അനുകൂലിയായ പി.കെ.ഗുരുദാസനെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയതോടെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായെങ്കിലും വിമതര്‍ മൗനം പാലിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനുശേഷം എല്ലാം ശരിയാക്കാമെന്ന ഔദ്യോഗിക നേതൃത്വത്തിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടതോടെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ഗുരുദാസന്റെ നേതൃത്വത്തില്‍ തലസ്ഥാനത്തേക്കും വിമതപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. എറണാകുളത്തും വിമത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിച്ചു കഴിഞ്ഞു.
മുന്‍ എം.പി ചന്ദ്രന്‍പിളളയെയും വിമതര്‍ കരുവാക്കുന്നുണ്ട്. അതേസമയം വി.എസ് അനുകൂലിയായ എസ്.ശര്‍മ ഔദ്യോഗികപക്ഷത്തിന്റെ കടുത്ത നിര്‍ദേശങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുന്നതിനാല്‍ ശര്‍മയെ ഉള്‍പ്പെടുത്തിയുളള പ്രവര്‍ത്തനങ്ങള്‍ വിമതര്‍ ഉപേക്ഷിച്ചു. ശര്‍മയുടെ നിലപാടുമാറ്റം വിമതപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായിട്ടില്ലെന്നാണ് വിമതനേതാക്കള്‍ പറയുന്നത്. എറണാകുളത്ത് നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തിനെതിരേ വന്‍ പടയൊരുക്കമാണു നടക്കുന്നത്. ഇതിന്റെ ഭാഗമായി വിമതരില്‍ ചില നേതാക്കളടക്കം ആയിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് കഴിഞ്ഞ 26ന് സി.പി.ഐയില്‍ ചേര്‍ന്നിരുന്നു.
സി.പി.ഐയാകട്ടെ കൂടുവിട്ടവരെ സ്വീകരിച്ച് പരിപാടി വന്‍ ആഘോഷവുമാക്കി. കൂടുവിട്ട വിമതരോടും ഭരണം തിരിച്ചുപിടിച്ചശേഷം എല്ലാം ശരിയാക്കാമെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്.
ഇതും ലംഘിക്കപ്പെട്ടു. എന്‍.എന്‍ സോമരാജന്‍, ടി .രഘുവരന്‍, എസ്.എ ഗോപി, കെ.എല്‍ ദിലീപ് കുമാര്‍ എന്നിവര്‍ പാര്‍ട്ടി വിട്ട ജില്ലയിലെ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."