118 A പിന്‍വലിച്ചു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ തടയാനെന്ന പേരില്‍ കൊണ്ടുവന്ന പൊലിസ് നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.
ഏതെങ്കിലും മാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂര്‍ തികയുന്നതിനു മുന്‍പാണ് പിന്‍വലിച്ചത്.
നിയമ ഭേദഗതി പിന്‍വലിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. ഗവര്‍ണര്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെ പ്രാബല്യത്തിലായ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും.
നിയമഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള റിപ്പീലിങ് ഓര്‍ഡര്‍ ഉടനെ പുറത്തിറങ്ങും. സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്.
പൊലിസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തായിരുന്നു ഭേദഗതി. ആരെങ്കിലും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി പൊലിസിനു തോന്നിയാലും കേസെടുക്കാവുന്ന അപകടകരമായ വ്യവസ്ഥയാണിത്.
ദേശീയതലത്തില്‍ മാധ്യമ അടിയന്തിരാവസ്ഥയ്‌ക്കെതിരേ ശബ്ദമുയര്‍ത്തുകയും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ അപകീര്‍ത്തി വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന സി.പി.എമ്മിനെ കേരളത്തിലെ സ്വന്തം സര്‍ക്കാരിന്റെ നീക്കം വെട്ടിലാക്കിയിരുന്നു.
സാധാരണഗതിയില്‍ ബുധനാഴ്ചയാണ് മന്ത്രിസഭായോഗം ചേരാറുള്ളത്.
അതിനാല്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ വിവാദ പൊലിസ് നിയമ പരിഷ്‌കാരം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വരും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ട ചീഫ് സെക്രട്ടറിയുടെ അസൗകര്യം കണക്കിലെടുത്ത് ഇന്നലെ വൈകീട്ട് 3.30ന് മന്ത്രിസഭ ചേരുകയും വിവാദ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഓര്‍ഡിനന്‍സ് 48 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് ചരിത്രത്തില്‍ തന്നെ അപൂര്‍വ സംഭവമാണ്.
നടപടി വേണ്ടെന്ന് ഡി.ജി.പി
തിരുവനന്തപുരം: കേരള പൊലിസ് നിയമ ഭേദഗതിയില്‍ നടപടി എടുക്കരുതെന്ന നിര്‍ദേശവുമായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറിറക്കി.
മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായി പരാതികള്‍ ലഭിച്ചാല്‍ പൊലിസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം.
നിയമ സെല്ലില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കിട്ടിയ ശേഷമേ തുടര്‍നടപടി പാടുള്ളൂവെന്നും ഡി.ജി.പി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കി. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അടക്കമുളളവര്‍ക്കാണ് ഡി.ജി.പി സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കിയത്.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും മന്ത്രിസഭയുടെ ശുപാര്‍ശയില്‍ ഗവര്‍ണര്‍ ഒപ്പുവച്ച് റിപ്പീലിങ് ഓര്‍ഡര്‍ പുറത്തിറങ്ങുന്നതുവരെ നിയമം നിലനില്‍ക്കും.
118 എ വകുപ്പ് നിലനില്‍ക്കുന്നതിനാല്‍ അന്തിമ തീരുമാനം വരുന്നതുവരെ ഈ നിയമമനുസരിച്ച് പരാതിപോലുമില്ലാതെ കേസെടുക്കാന്‍ കഴിയും. അതിനാലാണ് ഡി.ജി.പി സര്‍ക്കുലറിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."