നഗരസഭ ഓഫിസ് സിനിമാ ഷൂട്ടിങിന് നല്കി; കൗണ്‍സില്‍ യോഗത്തില്‍ നിന്ന് അംഗങ്ങള്‍ ഇറങ്ങിപ്പോയി
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭ സോണല്‍ ഓഫിസ് സിനിമാ ഷൂട്ടിംങിന് വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങള്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സിനിമാ ഷൂട്ടിംങിനു വേണ്ടി സോണല്‍ ഓഫിസിന്റെ പ്രവര്‍ത്തനം ഒരു ദിവസം മുഴുവന്‍ സ്തംഭിപ്പിച്ചുവെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
നഗരസഭ സോണല്‍ ഓഫിസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി കൊണ്ട് സിനിമാ ചിത്രീകരണത്തിനായി ഓഫിസ് വിട്ടു നല്കിയ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണികൃഷ്ണന് കുറ്റപ്പെടുത്തി.
എന്നാല്‍ സോണല്‍ ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടാത്ത വിധത്തിലാണ് ചിത്രീകരണം നടത്തിയതെന്നും അതീവ സുരക്ഷയുള്ള ജയിലുകളില്‍ പോലും സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കുന്നുണ്ടെന്നും നഗരസഭ ചെയര്മാന് സി.സി വിപിന്‍ചന്ദ്രന്‍ പറഞ്ഞു. ചെയര്‍മാന്റെ മറുപടിയില്‍ തൃപ്തരാകാതെ ബി.ജെ.പി അംഗങ്ങള്‍ വാക്കൗട്ട് നടത്തുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ജി ഉണ്ണികൃഷ്ണന്, ഒ.എന്‍ ജയദേവന്, ശാലിനി വെങ്കിടേഷ്, ലക്ഷ്മിനാരായണന്, സജീവന് എന്നിവര്‍ വാക്കൗട്ടിന് നേതൃത്വം നല്കി. പ്രതിപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയുടെ നിലപാടിനെ അനുകൂലിച്ചെങ്കിലും ഇറങ്ങിപ്പോക്കില്‍ പങ്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."