കനത്ത കാറ്റും മഴയും; മലയോരത്ത് വ്യാപക കൃഷിനാശം
കേളകം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും മലയോര മേഖലയില്‍ വന്‍നാശംവിതച്ചു. ചുഴിക്കാറ്റില്‍പെട്ട് അടക്കാത്തോട് നാരങ്ങാത്തട്ട് മണ്ണാര്‍ത്തോട്ടം സലാമിന്റെ സ്ഥലത്ത് പാട്ടത്തിന് കൃഷി നടത്തിയിരുന്ന 200 വാഴകള്‍ നശിച്ചു. നാല് സ്ത്രീകള്‍ അടങ്ങുന്ന ജെ.എല്‍.ബി കിസാന്‍ ഗ്രൂപ്പ് കുടുംബശ്രീ അയല്‍കൂട്ടം യൂനിറ്റിന്റേതാണ് കൃഷി തോട്ടം. കേരള ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് 1.5 ലക്ഷം രൂപ വായ്പ എടുത്താണ് കൃഷി ചെയ്തിരുന്നത്. കായ്ക്കാന്‍ പാകമായിരുന്ന വാഴകളായിരുന്നു നശിതില്‍ ഭൂരിഭാഗവും. വാഴകള്‍ നശിച്ചതോടെ ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. 75000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ കേളകം, കൊട്ടിയൂര്‍ പ്രദേശത്തെ നിരവധി കര്‍ഷകരുടെ റബര്‍, കശുമാവ്, വാഴ എന്നിവയും നിലംപൊത്തി. വൈദ്യുതി വിതരണവും മുടങ്ങി. നിരവധി കടകളുടെ ബോര്‍ഡുകളും ബാനറുകളും കാറ്റില്‍ പറന്നുവീണു. രാത്രി മലയോരം പൂര്‍ണമായി ഇരുട്ടിലായി. കേളകം ടൗണിലെ അടക്കത്തോട് ജങ്ഷനില്‍ തണല്‍മരം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളിലേക്ക് ചെരിഞ്ഞു. ഇന്നലെ പകലും വൈദ്യുതി പലതവണ മുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."