റോഡ് നിര്‍മാണത്തിനിടെ ടിപ്പറും മണ്ണുമാന്തിയന്ത്രവും മണ്ണില്‍ താഴ്ന്നു
ഏറ്റുമാനൂര്‍: കെ.എസ്.ടി.പിയുടെ റോഡ് നിര്‍മാണത്തിനിടെ ടിപ്പര്‍ ലോറിയും മണ്ണ് മാന്ത്രി യന്ത്രവും മണ്ണില്‍ താഴ്ന്നു. എം.സി റോഡില്‍ ശക്തിനഗര്‍ ബസ് സ്റ്റോപ്പിനു സമീപം ഓട നിര്‍മാണത്തിനിടെ റോഡരുകിലെ മണ്ണിടിഞ്ഞ് ടിപ്പര്‍ കുഴിയിലേക്കു താഴുകയായിരുന്നു. പിന്നാലെ ടിപ്പറിനെ കുഴിയില്‍ നിന്നും ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് മണ്ണ് മാന്തിയന്ത്രം മണ്ണില്‍ താഴ്ന്നത്. രണ്ട് മണ്ണ് മാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് ടിപ്പര്‍ ഉയര്‍ത്തുന്നതിനുള്ള ശ്രമം പക്ഷേ ഫലം കണ്ടില്ല.
ടിപ്പര്‍ ലോറി ഉയര്‍ത്തുന്നതിനിടെ ജെ.സി.ബി റോഡിനോട് ചേര്‍ന്നുള്ള പറമ്പിലേക്കു നീക്കി. ചതുപ്പുനിലമായിരുന്നതിനാല്‍ ജെ.സി.ബി താഴ്ന്നുപോയി. അവിടെനിന്നും കയറ്റുന്നതിനു ശ്രമിക്കും തോറും ജെ.സി.ബി കൂടുതല്‍ താഴുകയായിരുന്നു. മണിക്കൂറുകളുടെ ശ്രമത്തിനൊടുവില്‍ ക്രയിന്‍ ഉപയോഗിച്ചാണ് ജെ.സി.ബി.യും ടിപ്പറും മാറ്റിയത്.
അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം എം.സി.റോഡില്‍ ഉടനീളം പ്രശ്‌നമാകുകയാണ്. തെള്ളകത്ത് റോഡ് ഉയര്‍ത്തിയ ഭാഗത്ത് ഓട നിര്‍മിക്കാത്തതുമൂലം റോഡിന്റെ സൈഡ് ഇടിഞ്ഞ് ടാങ്കര്‍ലോറി ചതുപ്പുനിലത്തേക്ക് മറിഞ്ഞത് ഒരുമാസം മുമ്പാണ്. ഇതിനടുത്ത ദിവസമാണ് കാരിത്താസ് ജങ്ഷനു സമീപം കാര്‍ ഓടയ്ക്കുവേണ്ടി എടുത്തകുഴിയില്‍ വീണത്. ഇവിടെ ഓടനിര്‍മാണം അനിശ്ചിതമായി നീളുകയാണ്.
ഇന്നലെ ജെ.സി.ബിയും ടിപ്പറും താഴ്ന്നതിനുകാരണം ഓടനിര്‍മ്മാണം വൈകിയതാണ്. റോഡ് ഉയരുകയും വെള്ളം ഒഴുകിപോകാന്‍ ഇടയില്ലാതെ പറമ്പില്‍ കെട്ടികിടന്നതുമാണ് മണ്ണ് മാന്തിയന്ത്രം കൂടുതല്‍ താഴാനിടയാക്കിയത്. ആദ്യം ഓട സ്ഥാപിച്ച ശേഷം റോഡ് നിര്‍മ്മിച്ചിരുന്നെങ്കില്‍ പ്രശ്‌നമുണ്ടാകില്ലായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. കെ.എസ്.ടി.പി അധികൃതരുടെ അനാസ്ഥ ഒട്ടേറെ അപകടങ്ങള്‍ക്കിടയാക്കുന്നു. ഒപ്പം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും മാസങ്ങള്‍ നീളുന്ന ബുദ്ധിമുട്ടും അസൗകര്യവും ഇപ്പോഴും തുടരുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."