നാടിനെയും നാട്ടുകാരെയും തൊട്ടറിഞ്ഞ വ്യവസായി
കണ്ണൂര്‍: സെയില്‍സ്മാനായി തുടങ്ങി അല്‍-റിയാമി കമ്പനിയുടെ തലപ്പത്തെത്തിയിട്ടും നാടിനെയും നാട്ടുകാരെയും മറക്കാത്ത വ്യക്തിത്വമായിരുന്നു അന്തരിച്ച വിദേശ വ്യവസായി കണ്ണാടിപ്പറമ്പിലെ കൊടക്കാട്ടേരി വീട്ടില്‍ ശ്രീധരന്‍ നമ്പ്യാര്‍. ജീവിത വിജയങ്ങളുടെ കൊടുമുടിയിലും കണ്ണാടിപ്പറമ്പിലെ സാധാരണക്കാരന്റെ സ്വപ്നങ്ങളും പൂവണിയിക്കാന്‍ പരിശ്രമിച്ച വ്യവസായി.
25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ദുബൈയിലെ കറാമയില്‍ അല്‍-റിയാമി ഇന്റീരിയല്‍ കമ്പനിക്ക് ശ്രീധരന്‍ രൂപം നല്‍കുന്നത്. പിന്നീട് 15 വ്യത്യസ്ത ശാഖകളിലായി കമ്പനി പ്രവര്‍ത്തിച്ചു. ഇതിനിടെ കണ്ണാടിപ്പറമ്പിലെയും ജില്ലയിലെ വിവധ സ്ഥലങ്ങളിലും തൃശൂരില്‍ നിന്നുമായി മൂവായിരത്തിലധികം അഭ്യസ്ഥവിദ്യരായ യുവാക്കള്‍ക്ക് അദ്ദേഹം ജീവിതവെളിച്ചം പകര്‍ന്നു. സ്വന്തം കമ്പനിയിലേക്ക് സ്വന്തം നാട്ടില്‍ നിന്നുമാത്രം യുവാക്കളെ നിയമിച്ചു. കണ്ണാടിപ്പറമ്പില്‍ ഒരു വീട്ടില്‍ നിന്ന് ഒരാളെയെങ്കിലും ഇത്തരത്തില്‍ ഗള്‍ഫ് രാജ്യത്തെത്തിച്ചതായാണ് നാട്ടുകാരുടെ സാക്ഷ്യപത്രം.
ജഗല്‍പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് ശ്രീധരന്‍ ഗള്‍ഫിലെത്തുന്നത്. അവിടെ ഒരു സ്ഥാപനത്തില്‍ സെയില്‍സ്മാനായിട്ടായിരുന്നു തുടക്കം. പിന്നീടാണ് അറബിയുടെ സഹായത്തോടെ ഇന്റീരിയല്‍ സ്ഥാപനത്തിനു തുടക്കമിടുന്നത്.
കണ്ണാടിപ്പറമ്പ് ദേശവിലാസം സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പ്രവാസ ജീവിതത്തില്‍ നിന്നു അവധിയെടുത്ത് ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തുന്നത്.
കഴിഞ്ഞ പത്ത് മാസമായി യു.കെ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗളൂരു കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു അന്ത്യം. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പുല്ലൂപ്പിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."