നെടുമ്പാശേരിയിലെ വിദേശനാണയ വിനിമയ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേട്
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചുള്ള വന്‍ വിദേശനാണയ വിനിമയ തട്ടിപ്പ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. വിമാനത്താവളത്തില്‍ വിദേശനാണയ വിനിമയം നടത്തുന്ന മൂന്നു സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടത്തിയ ഇടപാടുകളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഈ കാലയളവില്‍ മൂന്നു സ്ഥാപനങ്ങളിലായി 2,100ഓളം ട്രാന്‍സാക്ഷനുകള്‍ നടന്നിട്ടുണ്ട്. വിദേശത്തുനിന്ന് വരുന്ന ഒരാള്‍ക്ക് പരമാവധി 25,000 രൂപയുടെ വിദേശ കറന്‍സി മാറ്റിയെടുക്കാനാണ് നിയമപരമായി അനുവാദമുള്ളത്. ഇതിനു പാസ്‌പോര്‍ട്ടിലെ വിവരങ്ങളും നല്‍കണം. എന്നാല്‍ ഒരു പാസ്‌പോര്‍ട്ട് ഉപയോഗിച്ചുള്ള ഇടപാടില്‍ തന്നെ രണ്ട് മുതല്‍ 10 വരെ ഇടപാടുകള്‍ നടന്നിട്ടുള്ളതായാണ് വിവരം.
ഇതുവരെയുള്ള കണക്കനുസരിച്ച് എട്ടു കോടിയോളം രൂപ വിനിമയം നടത്തിയതായി വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്തിയത് സംബന്ധിച്ച വിശദമായ രേഖകള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. രേഖകളുടെ വിശദമായ പരിശോധന തുടരുകയാണ്. വിമാനത്താവളത്തില്‍ വിദേശനാണയ വിനിമയം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ പരിധി ലംഘിച്ച് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കസ്റ്റംസ് രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും നിര്‍ദേശാനുസരണമായിരിക്കും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. വിമാനത്താവളത്തിലെ എല്ലാ പരിശോധനകളും കടന്ന് യാത്രക്കാര്‍ വിശ്രമിക്കുന്ന സെക്യൂരിറ്റി ഹോള്‍ഡ് ഏരിയകളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇവിടങ്ങളില്‍ കാര്യമായ രീതിയില്‍ പരിശോധനകള്‍ നടക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."