പ്രതിപക്ഷപ്രചാരണം നേരിടാന്‍ മോദി നീക്കം തുടങ്ങി
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ തൊഴിലവസരങ്ങള്‍ കുത്തനെ ഇടിഞ്ഞതായ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ഇതുസംബന്ധിച്ച പ്രതിപക്ഷ പ്രചാരണത്തെ ചെറുക്കാനായി കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഈ സര്‍ക്കാരിനു കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ സൃഷ്ടിച്ചതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഓരോ വകുപ്പിനും നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയ്ക്കു മുന്‍പ് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ കഴിഞ്ഞയാഴ്ച വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളും മുഖേന നേരിട്ടോ അല്ലാതെയോ ജോലി ലഭിച്ചത് എത്രപേര്‍ക്കാണ്, ഏതെല്ലാം മേഖലകളില്‍ തുടങ്ങിയ വിവരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് സര്‍ക്കാര്‍ സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ പരിശോധിക്കുന്നത്.
രാജ്യത്ത് ഓരോ വര്‍ഷവും രണ്ടുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനംചെയ്താണ് 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസ് എന്ന എന്‍.ജി.ഒ തയ്യാറാക്കിയ 'ദി എക്‌സ്‌ക്ലൂഷന്‍ 2016' എന്ന റിപ്പോര്‍ട്ട് നിരീക്ഷിച്ചിരുന്നു. തൊഴില്‍ മന്ത്രാലയത്തിലെ കണക്ക് അടിസ്ഥാനമാക്കിയാണ് എന്‍.ജി.ഒ റിപ്പോര്‍ട്ട് തയാറാക്കിയത്.
2011ല്‍ 9,30,000തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ 2015ല്‍ അത് 1,35,000ആയി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മോദി സര്‍ക്കാരിന്റെ രണ്ടരവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നത്. ബി.ജെ.പി സര്‍ക്കാര്‍ കാലാവധിയുടെ പകുതിയിലേറെ പൂര്‍ത്തിയാക്കിയപ്പോള്‍ ഇവിടെ തൊഴിലവസരങ്ങള്‍ ഒട്ടും സൃഷ്ടിക്കപ്പെട്ടില്ലെന്നും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെതിനേക്കാള്‍ താഴെയാണ് പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
എട്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രാജ്യത്തെ തൊഴില്‍മേഖല കിടക്കുന്നതെന്ന് സര്‍ക്കാരിനു കീഴിലുള്ള ലേബര്‍ ബ്യൂറോ കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലും വ്യക്തമാക്കുകയുണ്ടായി.
ഐ.ടി, എന്‍ജിനീയറിങ് മേഖലകളിലുള്ള നിരവധിപേരുടെ തൊഴില്‍ നഷ്ടമായി. മുമ്പെങ്ങുമില്ലാത്ത വിധം ഐ.ടി മേഖലയില്‍ പിരിച്ചുവിടലുണ്ടായെന്നും ലേബര്‍ ബ്യൂറോ കണ്ടെത്തി. മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള ഏറെ പ്രചാരം ലഭിച്ച വന്‍ പദ്ധതികള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ആയില്ലെന്നതാണ് മറ്റുകണക്കുകളും സൂചിപ്പിക്കുന്നത്. ഡോ. മന്‍മോഹന്‍ സിങ് രണ്ടാമതും അധികാരമേറ്റ 2009ല്‍ 10.06 ലക്ഷം പുതിയ ജോലികളാണ് സൃഷ്ടിച്ചത്. തൊട്ടടുത്ത വര്‍ഷം അത് 8.6 ആയി കുറഞ്ഞെങ്കിലും പിന്നീട് 2011ല്‍ 9.30 ലക്ഷമായി കൂടി.
2012ല്‍ 3.22 ആയി ഇടിഞ്ഞെങ്കിലും 2013ല്‍ 4.19 ആയും മന്‍മോഹന്‍ അധികാരം വിടുകയും നരേന്ദ്രമോദി എത്തുകയും ചെയ്ത 2014ല്‍ 4.21 ലക്ഷം എന്ന നിരക്ക് രേഖപ്പെടുത്തി അല്‍പ്പം മെച്ചപ്പെടുകയും ചെയ്തു. എന്നല്‍ 2015ല്‍ 1.55 ഉം കഴിഞ്ഞവര്‍ഷം 2.31 ഉം ലക്ഷം പുതിയ ജോലികള്‍ മാത്രമാണ് മോദിക്കു സൃഷ്ടിക്കാനായത്. മോദി വാഗ്ദാനംചെയ്തതിന്റെ മൂന്നുശതമാനം ജോലിപോലും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.
ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റിന്റെ മഴക്കാലസമ്മേളനത്തില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കുമ്പോള്‍ അതിനെ നേരിടാനായി എല്ലാവകുപ്പുകളോടും പി.എം.ഒ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."