അമിത്ഷായോട് തോറ്റില്ല; കൊവിഡിനോട് തോറ്റു
.അഹമ്മദാബാദ്: 1977ല്‍ 28ാം വയസിലാണ് അഹമ്മദ് പട്ടേല്‍ ആദ്യമായി ലോക്‌സഭയിലെത്തുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ഒരു കന്നിക്കാരന്‍ വിജയത്തിലേക്കു നീന്തിയടുത്തെങ്കില്‍ അവന്‍ ചില്ലറക്കാരനായിരിക്കില്ലല്ലോ. 28 ാം വയസില്‍ തന്നെ നേതൃത്വം പട്ടേലില്‍ നോട്ടമിട്ടു. 1985ല്‍ പട്ടേലിനെ രാജീവ് ഗാന്ധി പാര്‍ലമെന്ററി സെക്രട്ടറിയായി നിയമിച്ചു. 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അദ്ദേഹത്തെ കൈവിട്ടില്ല. 1993ല്‍ രാജ്യസഭയിലെത്തിച്ചു. ഡല്‍ഹി ആശുപത്രിയില്‍ കൊവിഡിനോട് പൊരുതി തോല്‍ക്കുമ്പോഴും അദ്ദേഹം രാജ്യസഭാംഗമായിരുന്നു.
അവസാനം വിജയിച്ച രാജ്യസഭ തെരഞ്ഞെടുപ്പിലൂടെ പട്ടേലിന്റെ രാഷ്ട്രീയതന്ത്രം രാജ്യം കണ്ടു. കോണ്‍ഗ്രസിന്റെ ബുദ്ധികേന്ദ്രത്തെ, സോണിയാഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയെ പരാജയപ്പെടുത്തിയാല്‍ അത് കോണ്‍ഗ്രസിനേല്‍ക്കുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കുമെന്ന് അറിയാവുന്നതിനാല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നേരിട്ടിറങ്ങി പട്ടേലിനെ പരാജയപ്പെടുത്താന്‍ 18 അടവും പയറ്റി.
ഗുജറാത്തില്‍ ഒഴിവുവന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് 2017 ഓഗസ്റ്റിലായിരുന്നു തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പിന് വെറും മൂന്നുമാസം അവശേഷിക്കുമ്പോള്‍. അനിവാര്യമായ വിജയത്തിലൂടെ ആത്മവിശ്വാസം ഇരട്ടിയാക്കാമെന്ന് കോണ്‍ഗ്രസ് കരുതി. രണ്ടുസീറ്റുകളിലേക്ക് അമിത് ഷായെയും സ്മൃതി ഇറാനിയെയും ബി.ജെ.പി നിര്‍ത്തി. മൂന്നാം സീറ്റിന് കോണ്‍ഗ്രസ് അവകാശിയായതിനാല്‍ ബി.ജെ.പി അത് വിട്ടുനല്‍കുമെന്ന് കരുതി. എന്നാല്‍ ബി.ജെ.പി മൂന്നാമനെയും നിര്‍ത്തിയതോടെ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയ ബല്‍വന്ത്‌സിങ് രാജ്പുത്തിനെ തന്നെ പട്ടേലിനെതിരേ ബി.ജെ.പി രംഗത്തിറക്കി. നിയമസഭയിലെ അംഗബലം അനുകൂലമായതിനാല്‍ വലിയ പ്രയാസമില്ലാതെ കോണ്‍ഗ്രസ് ജയിക്കേണ്ടതായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് ആറുകോണ്‍ഗ്രസ് എം.എല്‍.എമാര്‍ മറുകണ്ടം ചാടി. ബി.ജെ.പിയുടെ കുതിരക്കച്ചവടം തടയാന്‍ കോണ്‍ഗ്രസ് മുഴുവന്‍ എം.എല്‍.എമാരെയും ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എം.എല്‍.എമാരുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കിയ ഡി.കെ ശിവകുമാറിന്റെ വസതി ഉള്‍പ്പെടെ അറുപതിലേറെ കേന്ദ്രങ്ങളില്‍ നാലുദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കയറിയിറങ്ങിയെങ്കിലും കോണ്‍ഗ്രസ് തളര്‍ന്നില്ല.
182 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 121 എം.എല്‍.എമാരാണ് ഉള്ളത്. ഒരു സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ടത് 45 വോട്ട്. അമിത് ഷായും സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചശേഷം ബി.ജെ.പിക്കു ബാക്കിയുണ്ടായിരുന്നത് 31 വോട്ട്. കോണ്‍ഗ്രസിന് 51 എം.എല്‍.എമാര്‍ ഉണ്ടെങ്കിലും അവസാനം 44 പേരാണ് കൂടെനിന്നത്. പുലര്‍ച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവില്‍ സഭയിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ ഫലം തെളിഞ്ഞപ്പോള്‍ പട്ടേല്‍ വിജയിച്ചു. അമിത് ഷാ- 46, സ്മൃതി ഇറാനി- 46, അഹമ്മദ് പട്ടേല്‍- 44 എന്നിങ്ങനെയാണ് നേടിയത്. കോണ്‍ഗ്രസില്‍ നിന്ന് ചാടിയ എം.എല്‍.എമാരില്‍ രണ്ടുപേര്‍ വോട്ടെടുപ്പിനു ശേഷം ബാലറ്റ് ഉയര്‍ത്തിക്കാട്ടിയതാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ഇക്കാരണത്താല്‍ രണ്ടുപേരും അയോഗ്യരാക്കപ്പെട്ടതോടെ വിജയിക്കാനുള്ള വോട്ട് ശേഷി 44 ആയി ചുരുങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനവും പാളയത്തിലെ വോട്ട് ചോര്‍ച്ചയുമാണ് ബി.ജെ.പിക്ക് ആഘാതമായത്. അതാവട്ടെ അടിയറവ് പറയാന്‍ മനസില്ലെന്നു പ്രഖ്യാപിച്ചുള്ള കോണ്‍ഗ്രസിന്റെ ഉറച്ച പോരാട്ടത്തിന്റെ വിജയം കൂടിയായിരുന്നു.
വിമതരുടെ വോട്ട് അസാധുവാക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം ഗുജറാത്ത് ഇലക്ടറല്‍ ഓഫിസര്‍ ആദ്യം തള്ളി. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു. പിന്നീട് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും ഉന്നതനേതാക്കള്‍ കമ്മിഷനുമായി മാറിമാറി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം വൈകി. അംഗീകൃത ഏജന്റിനെ മാത്രമേ ബാലറ്റ് പേപ്പര്‍ കാണിക്കാവൂ എന്നും അമിത് ഷായെ കാണിച്ചത് ചട്ടവിരുദ്ധമാണെന്നുമുള്ള തീരുമാനം കമ്മിഷനില്‍ നിന്ന് ഉണ്ടായതാണ് കോണ്‍ഗ്രസിന് തുണയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."