മംഗളൂരു വിമാനാപകടം: നിലവിളികള്‍ക്ക് ഏഴാണ്ട്; ആശ്രിതരെ വട്ടംകറക്കി വിമാനക്കമ്പനി
കാഞ്ഞങ്ങാട്: രാജ്യത്തെ നടുക്കിയ മംഗളൂരുവിലെ വിമാനാപകടത്തിന് ഇന്നേക്ക് ഏഴാണ്ട്. 2010 മെയ് 22 ന് രാവിലെ 6 . 30 ഓടെയാണ് ദുബൈയില്‍നിന്നു മംഗളൂരുവിലേക്ക് വന്ന IX 812 എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ റണ്‍വേയില്‍നിന്നു നിയന്ത്രണം വിട്ടോടി കെഞ്ചാര്‍ മലഞ്ചെരുവില്‍ പതിച്ച് കത്തിയമര്‍ന്നത്.
അപകടത്തില്‍ വിമാന ജോലിക്കാര്‍ ഉള്‍പ്പെടെ 158 പേരാണ് അതിദാരുണമായി മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ഉണ്ടായ സാങ്കേതിക പിഴവ് കാരണമാണ് അപകടമുണ്ടായതെന്നും മറ്റും അധികൃതര്‍ പറഞ്ഞൊഴിയുമ്പോഴേക്കും പിഞ്ചുമക്കള്‍ക്ക് മാതാപിതാക്കളെയും ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്‍മാരെയും ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യമാരെയും മാതാപിതാക്കള്‍ക്ക് മക്കളെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.
സംഭവ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവരെ ആഹ്ലാദപൂര്‍വം സ്വീകരിക്കാന്‍ വിമാനാത്താവളത്തിന് പുറത്തു കാത്തുനിന്നിരുന്ന കുടുംബങ്ങളുടെ കണ്മുന്നിലൂടെ പ്രതീക്ഷയുടെ ചിറകു വിരിച്ചു താഴ്ന്നു വന്ന യന്ത്രപ്പക്ഷി അല്‍പം വേഗതയില്‍ നിലം തൊട്ടു. സ്വീകരിക്കാന്‍ എത്തിയവരുടെ മുഖത്ത് ഉണ്ടായിരുന്ന തിളക്കം നിമിഷങ്ങള്‍ കൊണ്ടാണ് അണഞ്ഞത്. ലാന്‍ഡ് ചെയ്ത വിമാനം റണ്‍വേയുടെ അറ്റത്തു നിന്നും തിരിച്ചു ടെര്‍മിനല്‍ കെട്ടിടത്തിന് സമീപം എത്താതെ വന്നതോടെ ആളുകള്‍ പരസ്പരം ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ഇവരുടെ ഉറ്റവര്‍ മരണത്തെ പുല്‍കി കഴിഞ്ഞിരുന്നു.
പിന്നീട് ഇവര്‍ക്ക് മംഗളൂരുവിലെ വിവിധ ആശുപ്രത്രികളില്‍ നിന്നും ചേതനയറ്റ തങ്ങളുടെ ആളുകളുടെ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം തിരഞ്ഞു കണ്ടെത്തേണ്ടി വരുകയും ചെയ്തു.
കാസര്‍കോട്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ ഉള്ളവര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മംഗളൂരുവിലെ ബജ്‌പെ വിമാനത്താവളത്തില്‍ ഉണ്ടായ ദുരന്തത്തില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭ, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട ആളുകള്‍ ഉള്‍പ്പെടെ 52 മലയാളികളാണ് മരിച്ചത്.
മംഗളൂരു ഹമ്പന്‍കട്ടയിലെ തനീര്‍ബവി (28), മുഹമ്മദ് ഉസ്മാന്‍ (49), വാമഞ്ചൂരിലെ ജോയല്‍ ഡിസൂസ, കണ്ണൂര്‍ കുറുമാത്തൂരിലെ മാഹിന്‍ കുട്ടി (49), കാസര്‍കോട് ഉദുമ ബാരയിലെ കൃഷ്ണന്‍ (37), ഉള്ളാളിലെ ഉമര്‍ ഫാറൂഖ് (26), പുത്തൂര്‍ സുങ്കതക്കട്ടയിലെ അബ്ദുല്ല (37), മംഗളൂരു കെ.എം.സി.കോളജില്‍ വിദ്യാര്‍ഥിനിയായിരുന്ന സബ്രീന (23) എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
നിലംതൊട്ട വിമാനം പെട്ടെന്ന് ആടിയുലയുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓടുകയും ചെയ്യുന്നതിനിടയില്‍ അപകടം മണത്ത മാഹിന്‍ ഉള്‍പ്പെടെയുള്ള ചില യാത്രക്കാര്‍ വിമാനം ഐ.എല്‍.എസ് ടവറിലിടിച്ച് പൊട്ടിപ്പിളര്‍ന്നപ്പോള്‍ ഈ വിടവില്‍ കൂടി പുറത്തേക്കു ചാടുകയായിരുന്നു.
ഐ.എല്‍ .എസ് സംവിധാനമുപയോഗിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന് വേഗത കൂടുതലാണെന്നു മനസിലാക്കിയ പൈലറ്റ് ടച്ച് ആന്‍ഡ് ഗോവിനു ശ്രമിക്കുന്നതിനിടെ റണ്‍വേ തികയാതെ വരുകയും വിമാനം ഐ.എല്‍.എസ് ടവറിലിടിച്ചു മലഞ്ചെരുവിലേക്കു കൂപ്പു കുത്തുകയുമായിരുന്നുവെന്നും റണ്‍വേയില്‍ വിമാനം ഇറങ്ങേണ്ട നിശ്ചിത പോയിന്റില്‍ നിന്നും 600 മീറ്റര്‍ മുന്നോട്ടു മാറി ഇറങ്ങിയതാണ് അപകടത്തിന് കാരണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
വിമാനം മലഞ്ചെരുവിലേക്കു പതിക്കുന്നതിന് മുമ്പ് അവസാന ശ്രമമെന്ന നിലയില്‍ വീണ്ടും മാനത്തേക്ക് ഉയര്‍ത്താന്‍ പൈലറ്റ് ശ്രമിച്ചിരുന്നതായും ഈ സമയത്ത് പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥ ഉണ്ടായിരുന്നതായും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. അപകട കാരണങ്ങളും മറ്റും കണ്ടെത്തുകയും പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞു അധികൃതര്‍ ആശ്വസിക്കുകയും ചെയ്യുമ്പോള്‍ തന്നെ ദുരന്തം നടന്നതിന് ശേഷം ഇവര്‍ ആശ്രിതര്‍ക്ക് നല്‍കിയ വാഗ്ദാന പെരുമഴകളൊന്നും ഏഴാണ്ട് പൂര്‍ത്തിയായിട്ടും നിറവേറിയില്ല.
ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ന്യായമായും ലഭിക്കേണ്ട നഷ്ടപരിഹാര തുകപോലും പകുതി മാത്രം നല്‍കി രക്ഷപ്പെടാനുള്ള തന്ത്രമാണ് വിമാനക്കമ്പനിയും ഇതിന്റെ തലപ്പത്തിരിക്കുന്നവരും പയറ്റുന്നത്. ലോകത്ത് എവിടെ വിമാനാപകടം നടന്നാലും അതില്‍ യാത്രക്കാരന്‍ മരിക്കുകയാണെങ്കില്‍ ഒരുലക്ഷം എസ്.ഡി.ആര്‍ ( 75, 70000.00) രൂപയോളം നല്‍കണമെന്ന ഇന്റര്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നിയമ പ്രകാരമുള്ള തുക ആശ്രിതര്‍ക്ക് ലഭിക്കണമെന്നാണ് മംഗളൂരു എയര്‍ ക്രഷ് വിക്റ്ററിംഗ്‌സ് ഫാമിലി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.
എന്നാല്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 35 - 40 ലക്ഷത്തിനിടയില്‍ രൂപ വിവിധ തരത്തില്‍ നല്‍കി തടിയൂരാനുള്ള ശ്രമമാണ് വിമാനക്കമ്പനി ഇപ്പോഴും തുടരുന്നത്. ന്യായമായും ആശ്രിതര്‍ക്ക് ലഭിക്കേണ്ട തുകയ്ക്ക് വേണ്ടി വിമാനക്കമ്പനി അധികൃതര്‍ക്ക് മുന്നില്‍ ആശ്രിതര്‍ നിലവിളിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ഏഴു വര്‍ഷമായിട്ടും ഇത് കെഞ്ചാര്‍ മലയില്‍ പ്രതിധ്വനിക്കുന്നതല്ലാതെ അധികൃതര്‍ കേള്‍ക്കുന്നില്ല.
ഒടുവില്‍ ഗത്യന്തരമില്ലാതെ ആശ്രിതരില്‍ ഒരാള്‍ കേരളാ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി ഹരജിക്കാര്‍ക്ക് അനുകൂലമായി വന്നതോടെ ഇതിനെതിരെ എയര്‍ ഇന്ത്യാ അധികൃതര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബെഞ്ച് വിധിയും കടന്നു നഷ്ടപരിഹാര തുകയുമായി ബന്ധപ്പെട്ടുള്ള കേസ് നിലവില്‍ സുപ്രിംകോടതിക്കു മുന്നിലാണ് ഉള്ളത്. ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സ് നിയമപ്രകാരം യാതൊരു തര്‍ക്കവുമില്ലാതെ ലഭിക്കേണ്ട തുകയ്ക്ക് വേണ്ടി ദുരന്തത്തോടെ തങ്ങള്‍ക്കുള്ള ഏക അത്താണി നഷ്ടപ്പെട്ട ആശ്രിതര്‍ കഴിഞ്ഞ ഏഴുവര്‍ഷമായി അധികൃതരുടെ മുന്നില്‍ കെഞ്ചുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."