പ്രവാസി പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍...
വരുന്നമാസം നടക്കാനിരിക്കുന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേരിട്ടല്ലെങ്കിലും പ്രവാസലോകവും ഇടപെടേണ്ടതുണ്ട്. നാട്ടിലില്ലാത്തവരാണെങ്കിലും പ്രാദേശിക ഭരണനിര്‍വഹണത്തില്‍ തങ്ങളുടെ നിര്‍വാഹകശേഷി ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഓരോ പ്രവാസിമലയാളിക്കുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ ആഭിമുഖ്യമുള്ള മുഴുവന്‍ ഗള്‍ഫ് കൂട്ടായ്മകളും സംഘടനകളും തങ്ങളാലാവുന്നതു ചെയ്യുമെന്നതുറപ്പാണ്. അതിനപ്പുറം സ്വദേശത്തെക്കുറിച്ചു സ്വപ്നവും ഗുണകാംക്ഷയുമുള്ള ഏതൊരു ഗള്‍ഫുകാരനും ഇത്തവണത്തെ ത്രിതലപഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ആരു വിജയിക്കണമെന്ന കാര്യത്തില്‍ സ്വയം വിലയിരുത്തുകയും തീരുമാനത്തിലെത്തുകയും വേണമെന്നതാണ് ഏറെ ശ്രദ്ധേയം. കാരണം പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും നിക്ഷേപസ്വപ്നങ്ങളെ നിസ്സഹായാവസ്ഥകളിലേക്കു തള്ളിയിടുകയും ചെയ്ത ദുരനുഭവങ്ങള്‍ക്കു കണക്കുചോദിക്കാനുള്ള അവസരമാണ് മുന്നില്‍ വന്നിരിക്കുന്നത്. ഈയവസരം കുടുംബങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രവാസിക്കുള്ള സ്വാധീനം ഉപയോഗിച്ചു ജനപ്രതിനിധികള്‍ ആരാവണമെന്ന കാര്യത്തില്‍ നമ്മളും ഇടപെടേണ്ടതുണ്ട്.
കൊവിഡ് മഹാമാരിയുടെ സവിശേഷ സാഹചര്യത്തിലാണു കേരളത്തില്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കുന്നത്. ശേഷം സംസ്ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാന ഭരണകൂടത്തിന്റെ പരാജയം ഏറ്റവുമേറെ അനുഭവിക്കേണ്ടി വന്നതു പ്രവാസി സമൂഹമാണ്. ഇപ്പോഴും അതനുഭവിക്കേണ്ടി വരുന്നു. ഇന്ത്യയിലെവിടെയും നിലവില്‍ കൊവിഡ് നെഗറ്റീവായ പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയണമെന്നു നിയമമില്ല. കേരളത്തിലേക്കെത്തുന്ന ഗള്‍ഫുകാര്‍ മാത്രമാണ് ഇപ്പോഴും ക്വാറന്റൈന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത്. നാട്ടുകാര്‍ സംശയിക്കുന്നതുപോലെ വോട്ടു ചെയ്യാനായി പ്രവാസികള്‍ നാട്ടിലേക്കു വരുന്നത് മുടക്കാനാണു ഈ ക്വാറന്റൈന്‍ പീഡനമെങ്കില്‍ ഇതിനേക്കാള്‍ ജനാധിപത്യവിരുദ്ധവും പ്രവാസിവിരുദ്ധവുമായ മറ്റൊരു നിലപാടില്ല.
ലോകത്തു കൊവിഡിനെ നാടനെന്നും ഫോറിനെന്നും വേര്‍തിരിച്ച ഒരേയൊരു ദേശമാണ് കേരളം. സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടന്ന പ്രവാസി വിരുദ്ധ കാംപയിനായിരുന്നു എല്ലാ ദിവസവുമുള്ള വൈകുന്നേരത്തെ കൊവിഡ് ബാധിതരുടെ കണക്കെടുപ്പ്. ഗള്‍ഫില്‍നിന്ന് കൊണ്ടുവരുന്ന ആപത്തെന്ന പ്രതീതി സൃഷ്ടിച്ച സര്‍ക്കാര്‍ പ്രവാസികളെ കുറച്ചൊന്നുമല്ല ഭീകരജീവികളായി ചിത്രീകരിച്ചത്. ഇപ്പോഴും ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധന വഴി കേരളാ ഭരണകൂടം അതേ നിലപാട് തുടരുന്നു. പ്രവാസി സമൂഹം കാലാകാലങ്ങളില്‍ നേരിടുന്ന അവഗണനകള്‍ക്കെല്ലാമപ്പുറം കൊവിഡ് മൂലം നേരിട്ട പീഡാനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ടല്ലാതെ ഒരു പ്രവാസിക്കും ഇത്തവണ തന്റെ സമ്മതിദാനം നിര്‍വഹിക്കാനാകില്ല.
പ്രവാസികള്‍ ഏറ്റവും വേദനയോടെ ദുരന്തവാര്‍ത്തകള്‍ ഏറ്റുവാങ്ങിയ കാലയളവായിരുന്നു കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍. കൊവിഡ് കാലത്തെ പ്രവാസി അയിത്താചരണത്തെയല്ല പരാമര്‍ശിക്കുന്നത്. അതിലേറെ വേദനയുള്ള അനുഭവങ്ങള്‍ പ്രവാസികള്‍ നേരിടുകയുണ്ടായി. കേരളത്തില്‍ നിക്ഷേപം നടത്താനാഗ്രഹിച്ച പ്രവാസി സഹോദരങ്ങള്‍ ഒരു രാഷ്ട്രീയകക്ഷിയുടെ പകപോക്കലു കാരണം ആത്മഹത്യ ചെയ്യേണ്ടിവന്ന വാര്‍ത്ത ശ്രവിച്ചവരാണു നാം. തദ്ദേശ ഭരണസംവിധാനത്തില്‍ പ്രവാസിസമൂഹത്തിന്റെ ചേതോവികാരങ്ങള്‍ മനസിലാകുന്ന പ്രതിനിധികള്‍ ഇല്ലെങ്കില്‍ എവിടെയും സംഭവിക്കാവുന്ന ദുരന്തമാണത്.
പ്രവാസികള്‍ നേടിത്തരുന്നതും കൊണ്ടത്തരുന്നതുമായ വിദേശ നാണ്യമാണ് സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ. ഈ സാമ്പത്തിക സ്രോതസ്സുകളായ പൗരന്മാരെ അവരുടെ ഭാവിക്കും കേരളത്തിന്റെ ഭാവിക്കും ഒരുപോലെ പ്രയോജനപ്പെടുത്തുക എന്ന നിലക്കാണ് കേരളം സ്വയം ഒരു സംരംഭകത്വസൗഹൃദ സംസ്ഥാനമായി മാറേണ്ടതുണ്ടെന്ന് എല്ലാവരും ആശിക്കുന്നത്. ഭാവിയെ ലക്ഷ്യംവയ്ക്കുന്ന ഈ മുന്നേറ്റത്തിനേറ്റ ഉണക്കാനാവാത്ത മുറിവാണ് നാട്ടില്‍ തിരിച്ചെത്തി സംരംഭകരായി മാറിയ പ്രവാസി മലയാളികളുടെ ആത്മഹത്യ. ഇടതുപക്ഷം ഭരണത്തിലുള്ള പഞ്ചായത്തു ഭരണനേതൃത്വങ്ങളായിരുന്നു ഇത്തരം സംഭവങ്ങളില്‍ എപ്പോഴും പ്രതിക്കൂട്ടിലെന്നതും നമ്മളോര്‍ക്കണം. ഒരായുസുകൊണ്ട് സമ്പാദിക്കാന്‍ കഴിഞ്ഞതത്രയും മറുനാട്ടില്‍ നിക്ഷേപിച്ചു ലാഭം കൊയ്യുന്നതിനു പകരം പെറ്റനാടിന്റെ തന്നെ ഗുണത്തിനുതകും വിധം നിക്ഷേപിക്കാന്‍ തയാറായ ഗുണകാംക്ഷികളാണ് തിക്താനുഭവങ്ങള്‍ കൊണ്ട് ഹൃദയം പൊള്ളി ഒടുക്കം ആത്മഹത്യയില്‍ ജീവിതസ്വപ്നങ്ങള്‍ അവസാനിപ്പിച്ചത്. സാജന്റെയും സുഗതന്റെയും ആത്മഹത്യകള്‍ കാരണം അവര്‍ നേരിട്ട അവഗണനയും അപമാനവും നമ്മള്‍ അറിഞ്ഞു.
പ്രവാസം എന്ന സാമ്പത്തിക സ്രോതസ്സ് സ്ഥിരമല്ലെന്ന ബോധം നമുക്കെല്ലാമുണ്ട്. കൊവിഡാനന്തര കാലത്താവട്ടെ പുതിയ പ്രതിസന്ധികളാണ് പ്രവാസി സമൂഹം നേരിടാന്‍ പോകുന്നത്. ഗള്‍ഫില്‍ നിന്നുള്ള സാമ്പത്തിക വരവ് നിലക്കുന്ന ഏതനുഭവവും കേരളീയരെ നിസ്സഹായരാക്കും. കേരളത്തിന്റെ സംരംഭകത്വ സംസ്ഥാനം എന്ന സ്വപ്നത്തിനു പിന്നിലെ യാഥാര്‍ഥ്യം ഇതാണ്. ഗള്‍ഫ് പ്രവാസികളായ അതിസമ്പന്നരും സാധാരണക്കാരും ഇപ്പോള്‍ നാട്ടിലെ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംരംഭകത്വ സൗഹൃദ സംസ്ഥാനമാക്കി മാറ്റി കേരളത്തിലേക്കു വിദേശ നിക്ഷേപം ആകര്‍ഷിക്കുക എന്നതു നമ്മുടെ മാറിമാറി വന്ന സര്‍ക്കാരുകളുടെ പ്രധാന ലക്ഷ്യമായി കഴിഞ്ഞ ദശകത്തില്‍ മാറി. സംരംഭകത്വം, സ്റ്റാര്‍ട്ടപ്പ് എന്നിവ കേരളത്തിലെയും ഗള്‍ഫ് മലയാളികളുടെയും പ്രധാന ചര്‍ച്ചാവിഷയമായി. ഇപ്പോഴത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകകേരളസഭ എന്ന ആശയവുമായി മുന്നോട്ടു വരികയും ഗള്‍ഫില്‍നിന്നു കേരളത്തിലേക്കുള്ള നിക്ഷേപസാധ്യതകളെ സജീവ പരിഗണനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ കക്ഷിഭേദമില്ലാതെ പ്രവാസി മലയാളികള്‍ അതിനെ പിന്തുണച്ചു. എന്നാല്‍, പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങളുടെ പോക്ക്. പല സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും വിവാദച്ചുഴികളിലാണ്. കിഫ്ബി വരെ വഴിവിട്ട സാമ്പത്തിക ഇടപാടുകളുടെ പേരില്‍ വിവാദക്കുരുക്കില്‍ പെട്ടു. മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍ പ്രതിക്കൂട്ടിലുള്ള സ്വര്‍ണക്കടത്തു വിവാദത്തിന്റെ വാസ്തവം അറിയാനിരിക്കുന്നേയുള്ളൂ. ചട്ടങ്ങളുടെയും ചിട്ടവട്ടങ്ങളുടെയും തടസങ്ങളൊഴിവാക്കിയും അനുമതികള്‍ക്കായുള്ള നെട്ടോട്ടം അവസാനിപ്പിച്ചും നാട്ടില്‍ വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ വേണ്ടതു ചെയ്യുമെന്നു മുഖ്യമന്ത്രി തന്നെയാണ് വാക്കു തന്നത്. എന്നിട്ടിപ്പോള്‍ കാണുന്നത് ഏതു തട്ടിപ്പുകാരനും വിലസാവുന്ന അരങ്ങായി കേരളം മാറിയിരിക്കുന്നതാണ്. നമ്മുടേത് സംരംഭകരുടെ കാലമാണ്. സംരംഭകത്വവും സ്റ്റാര്‍ട്ടപ്പുകളുമാണ് ചുറ്റിലും. മുതലാളി, തൊഴിലാളി വര്‍ഗ ബന്ധമല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതേസമയം ചൂഷണത്തിനും പുതിയ സൂത്രങ്ങള്‍ ഉരുത്തിരിയുന്നു. ചൂഷകന്‍ മിക്കപ്പോഴും പാര്‍ട്ടിയാണെന്നതു മറ്റൊരു വിരോധാഭാസം.
പ്രവാസികള്‍ക്കു നിക്ഷേപ സാധ്യതയുള്ള സംരംഭക സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാമെന്ന വാഗ്ദാനം ലംഘിക്കപ്പെടുന്നതില്‍ കേരളത്തിന്റെ ഇടതുപക്ഷമനസിന് കൃത്യമായ പങ്കുണ്ട് എന്നു പറയാതെ വയ്യ. ഇടതുചിന്ത തലക്കകത്തുള്ളവര്‍ക്കു മുന്നില്‍ ഏതു കാര്യത്തിലും മുതലാളിയും തൊഴിലാളിയുമാണുള്ളത്. മുതലാളിത്തവും തൊഴിലാളി വര്‍ഗവും എന്ന ചിന്തയില്‍ തളയ്ക്കപ്പെട്ട ബുദ്ധിയാണത്. ഗള്‍ഫിലെത്തിയ മലയാളി ഈ വിഭജനം മറികടന്നവരാണ്. പ്രവാസി വ്യവസായികളായ ഇന്നറിയപ്പെടുന്ന മുതലാളികളും തൊഴില്‍ തേടി വരികയും തൊഴിലെടുക്കുകയും കഠിനാധ്വാനത്തിലൂടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്തവരാണ്. അവരും തൊഴിലാളികളായിരുന്നവരാണ്. വിദേശ ഗവണ്‍മെന്റുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ (റസിഡന്റ് കാര്‍ഡ്, ബത്താക്ക, ഇക്കാമ) ഫലത്തില്‍ ലേബര്‍ കാര്‍ഡ് കൂടിയാണ്. തൊഴില്‍ സംസ്‌കാരത്തിന്റെയും സംരംഭകത്വത്തിന്റെയും ഗുണാത്മകവും ക്രിയാത്മകവുമായ രീതികള്‍ വിദേശങ്ങളില്‍നിന്നു ശീലിച്ചവരുമാണവര്‍. നമ്മുടെ നാടിന്റെ ഇടതു മനോഭാവങ്ങളായ സമരവും കൊടിനാട്ടലും അവരവിടങ്ങളില്‍ നേരിടേണ്ടി വന്നിട്ടില്ല. കണ്ടിട്ടുള്ളത് സ്വാഗതം ചെയ്യുന്ന സര്‍ക്കാരുകളെയും സംവിധാനങ്ങളെയും മാത്രമാണ്. പ്രവാസി സംരംഭകര്‍ പെട്ടെന്നു തളര്‍ന്നുപോകുന്നതും അതുകൊണ്ടാണ്.
സുസ്ഥിരവും സ്വാശ്രയവുമായ വികസന കാഴ്ചപ്പാടിലേക്കു വളരാന്‍ പലപ്പോഴും കേരളത്തിലെ ഇടതു നേതാക്കളെ അനുവദിക്കാത്തത് അവരുടെ ഉള്ളിലെ തൊഴിലാളിവര്‍ഗബോധം തന്നെയാണ്. കേരളത്തില്‍ അരലക്ഷം യുവാക്കള്‍ എംപ്ലോായ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് ചേര്‍ത്ത് തൊഴിലിനായി കാത്ത് കഴിയുന്നു. ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ കോഴ്‌സും പൂര്‍ത്തിയാക്കിയ ഭൂരിപക്ഷം പേരും അനുയോജ്യമായ തൊഴില്‍ നേടാനാവാതെ മോഹഭംഗത്തിന്റെയും നിരാശയുടെയും പിടിയിലമരുകയാണ്. അതേസമയത്താണ് ഇപ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകേണ്ട പ്രവാസി സംരംഭകത്വ പരിശ്രമങ്ങള്‍ തോല്‍പിക്കപ്പെട്ടത്.
നൂറു കൊവിഡ് ബാധിതര്‍ മാത്രമുണ്ടായിരുന്ന സമയത്തു രോഗപ്രതിരോധ വിജയം ആഘോഷിക്കുകയും മഹാമാരി നാടെങ്ങും പടര്‍ന്നുപിടിച്ചപ്പോള്‍ പ്രതിരോധ ആഘോഷം അവതാളത്തിലായതും നമ്മള്‍ കണ്ടതാണ്. ഒടുക്കം അതും പ്രവാസികളുടെ കുറ്റമാക്കിമാറ്റിയ ഭരണകൂടമാണു കേരളത്തിലേത്. കൊവിഡാനന്തര കേരളം എങ്ങനെ അതിജീവിക്കും എന്നതാണു നമ്മുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഈ വെല്ലുവിളി നേരിടാന്‍ നിലവിലെ ഭരണകൂടം പരാജയമാണെന്ന തിരിച്ചറിവോടെ വേണം നമ്മുടെ സഹോദരങ്ങളും അയല്‍ക്കാരും പോളിങ് ബൂത്തിലെത്താന്‍.
(കെ.എം.സി.സി യു.എ.ഇ ദേശീയ കമ്മിറ്റി പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."