പ്രളയത്തില്‍ നശിച്ചത് 1254 കോടി രൂപയുടെ സുഗന്ധവിളകള്‍; കരകയറാന്‍ 5 വര്‍ഷം കാത്തിരിക്കണം
കോഴിക്കോട്: പ്രളയം സംസ്ഥാനത്തുണ്ടാക്കിയത് 1254 കോടി രൂപയുടെ സുഗന്ധവിളകളുടെ നാശനഷ്ടമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിനു കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച് ഡയരക്ടര്‍ ഡോ.കെ നിര്‍മല്‍ബാബു, ക്രോപ് പ്രൊട്ടക്ഷന്‍ മേധാവി ഡോ. സന്തോഷ് ജെ. ഈപ്പന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈവര്‍ഷം ലഭിക്കേണ്ടിയിരുന്ന 25,238 ടണ്‍ സുഗന്ധവിളകളാണ് പ്രളയത്തില്‍ നശിച്ചത്. ഇത് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക രംഗത്തെയും സുഗന്ധവിള വിപണിയിലെ ക്ഷാമത്തിനും ഇടയാക്കുമെന്നും ഇവര്‍ അഭിപ്രാപ്പെട്ടു.
പ്രളയത്തില്‍ നിന്ന് സുഗന്ധവിള രംഗം പൂര്‍വസ്ഥിതിയിലാകാന്‍ അഞ്ചു വര്‍ഷമെങ്കിലും എടുക്കും.
സംസ്ഥാനത്ത് 1,62,660 ഹെക്ടറിലായി 1,40,000 ടണ്‍ സുഗന്ധവിളകളാണ് കൃഷിചെയ്യുന്നത്. ഇതില്‍ 58,379 ഹെക്ടറിലെ വിളകളെ പ്രളയം ബാധിച്ചു. ഏകദേശം 30 ശതമാനം വിളനാശമാണ് സംഭവിച്ചത്. ഇതില്‍ ഏറ്റവും വിളനാശം സംഭവിച്ചത് കുരുമുളകിനാണ്.
26614 ഹെക്ടറിലെ കുരുമുളക് കൃഷിയെ പ്രളയം ബാധിച്ചു. 10,700 ടണ്‍ കുരുമുളകാണ് ഇതിലൂടെ അടുത്ത വര്‍ഷം നമുക്ക് നഷ്ടമാകുക. ഇപ്പോഴത്തെ വിലയനുസരിച്ച് 402.7 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 25755 ഹെക്ടറിലെ ഏലം കൃഷി നശിച്ചതിലൂടെ 6600 ടണ്‍ ഏലത്തിന്റെ ഉത്പാദനക്കുറവാണ് ഉണ്ടാകുക. 679.5 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്.
ജാതിയില്‍ 4403 ഹെക്ടറില്‍ കൃഷി നശിച്ചു. 2749 ടണ്‍ ജാതിക്കയുടെ കുറവാണ് പ്രളയംമൂലം ഉണ്ടാകുക. 101.8 കോടി രൂപയുടെ വിശനാശമാണ് ജാതിയില്‍ മാത്രമുണ്ടായത്. 1030 ഹെക്ടറില്‍ ഇഞ്ചികൃഷി നശിച്ചതിലൂടെ 4100 ടണ്‍ ഇഞ്ചിയുല്‍പാദനം കുറയും. 60.5 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെയുണ്ടാകുക. മഞ്ഞള്‍ കൃഷിയില്‍ 396 ഹെക്ടറില്‍ കൃഷി നാശമുണ്ടായി.
976 ടണ്‍ മഞ്ഞള്‍ ഉത്പാദനക്കുറവുണ്ടാകും.
ഇടുക്കി, വയനാട് ജില്ലകളിലാണ് പ്രളയം മൂലം പ്രധാന കൃഷിനാശമുണ്ടായത്. ഇവിടങ്ങളില്‍ 62 ശതമാനം സുഗന്ധവിളകളും നശിച്ചു. ഏലം, കുരുമുളക് എന്നിവയാണ് ഇടുക്കിയില്‍ പ്രധാനമായും നശിച്ചത്.
വയനാട്ടില്‍ ഇഞ്ചി, കുരുമുളക് കൃഷിയില്‍ വ്യാപക നഷ്ടമുണ്ടായി. ജാതികൃഷിയില്‍ ഏറ്റവും നഷ്ടമുണ്ടായത് തൃശൂര്‍, എറണാകുളം ജില്ലകളിലാണ്.
പ്രളയം സാരമായി ബാധിച്ച ഏഴു ജില്ലകളിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച് സര്‍വേ നടത്തിയത്.
27 ബ്ലോക്കുകളിലായി 60 ഗ്രാമങ്ങളിലാണ് പഠനം നടത്തിയത്. കൃഷി വകുപ്പിന്റെയും മറ്റു ഏജന്‍സികളുടേയും സഹകരണത്തോടെയായിരുന്നു പഠനം.
മണ്ണിന്റെ ഘടന മാറ്റം, അമ്ലതയിലെ വ്യതിയാനം, പുതിയ കീടങ്ങളുടെ ആക്രമണം തുടങ്ങി നിരവധി പ്രതിസന്ധികള്‍ കാര്‍ഷിക മേഖല നേരിടുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
വിളനാശം സംഭവിച്ചവര്‍ക്ക് അത്യുല്‍പാദന ശേഷിയുള്ള വിളകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്.
7 വര്‍ഷവും അതില്‍കൂടുതലും പ്രായമുള്ള വിളകളാണ് നശിച്ചതെന്നും പെട്ടെന്ന് കായ്ക്കുന്ന തൈകള്‍ നടുകയാണ് ഇതിനു പരിഹാരമെന്നും പരമ്പരാഗത രീതിയ്ക്കു പകരം ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും സര്‍വേ റിപ്പോര്‍ട്ട് വിശദീകരിക്കവെ ശാസ്ത്രജ്ഞന്‍ ഡോ. ലിജോ തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."