മലബാര്‍ ചക്കമഹോത്സവം വയനാട്ടില്‍ നാളെ
കല്‍പ്പറ്റ: കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ നടക്കുന്ന മലബാര്‍ അഗ്രിഫെസ്റ്റിനോടനു ബന്ധിച്ച് മലബാര്‍ ജാക്ക്ഫ്രൂട്ട് ഫാര്‍മേഴ്‌സ് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ ആഭി മുഖ്യത്തില്‍ നടത്തുന്ന മലബാര്‍ ചക്ക മഹോത്സവം നാളെ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലും ലോകമെമ്പാടും ചക്ക ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യവും വിപണിയും വര്‍ധിച്ച സാഹചര്യത്തില്‍ പ്ലാവ് കൃഷി ഏറെ ആദായകരമാണ്.
വയനാടിന്റെ പ്രത്യേക സാഹചര്യത്തില്‍ ചിലവു കുറഞ്ഞ ലാഭകരമായ കൃഷിയാണിത്. സിന്ദൂരം, പശ്ചിമ ബംഗാള്‍ റെഡ്കളര്‍, പിങ്ക് പശ്ചിമ ബംഗാള്‍, ഗംലസ് മംഗലാപുരം, ജെ.33, മഞ്ഞ മലേഷ്യന്‍, സൂപ്പര്‍ ഏര്‍ളി, മഞ്ഞ വിയറ്റ്‌നാം, ജാക്ക് ഡ്യാംഗ്, സൂര്യ ചുകപ്പ് തുടങ്ങി പന്ത്രണ്ടോളം ഇനത്തില്‍പെട്ട പ്ലാവിന്‍ തൈകള്‍ കര്‍ഷകര്‍ക്കായി വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. തേന്‍വരിക്ക, ഓള്‍ സീസണ്‍സ് തുടങ്ങി ഇപ്പോള്‍ സര്‍വ്വസാധാരണമായ വിവിധ ഇനം പ്ലാവിന്‍ തൈകളും പ്രദര്‍ശനത്തിനും വില്‍പ്പനക്കും ഉണ്ടാകും.
ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് നല്ല വിപണന സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പരിശീലനവും ഉല്‍പ്പന്ന നിര്‍മാണവും നടക്കുന്നുണ്ട്.
മൂന്ന് വര്‍ഷം കൊണ്ട് ഉല്‍പ്പാദന ക്ഷമതയുള്ള ഒരുലക്ഷം പ്ലാവ് വയനാട്ടില്‍ വളര്‍ത്തുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളത്തില്‍ പ്രസിഡന്റ് പി.ജെ മൈക്കിള്‍, സെക്രട്ടറി സുജിത്ത് കൊട്ടാരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."